ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാവിലെ തന്നെ വോട്ട് ചെയ്ത് ജനാധിപത്യ ബോധം ഉൗട്ടിയുറപ്പിച്ച് സിനിമാതാരങ്ങളും.

l1

രാവിലെ 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പിൽ പല പ്രമുഖ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.

l3

കാലങ്ങളായുള്ള പതിവ് മുടക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം രേഖപ്പെടുത്താൻ മലയാളിയുടെ മമ്മൂക്കയും എത്തിയിരുന്നു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിൽ 64-ാം നമ്പർ ബൂത്തിൽ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം എത്തിയത്. പുതിയ ചിത്രം ടർബോയിലെ കാരക്ടർ ലുക്കിലെത്തിയ മമ്മൂട്ടി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പെട്ടെന്നുതന്നെ മടങ്ങി. 

l4
സുരേഷ് ഗോപി, ഭാര്യ രാധിക, മകൾ എന്നിവർ
ls3
ഷാജി കൈലാസും കുടുംബവും

ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി, സുരേഷ് ഗോപി, ശ്രീനിവാസൻ, രൺജി പണിക്കർ തുടങ്ങി നിരവധി താരങ്ങളാണ് അതിരാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

പലരോടും സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയസാധ്യതയെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഉത്തരങ്ങൾ പലതായിരുന്നു. 

നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ആലപ്പുഴയിലാണ് വോട്ടു രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

നടൻ ആസിഫ് അലി തൊടുപുഴയിൽ തന്റെ വോട്ട് രേഖപ്പെടുത്തുകയും ഒപ്പം വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. 

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ കുടുംബസമേതം കൊച്ചിയിലെത്തി വോട്ട് ചെയ്തു. '‘അടിസ്ഥാനപരമായി ഞാൻ ജനാധിപത്യത്തിന് എതിരാണ്. എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്പര്യം ഇല്ലാത്തത്. അടുത്തകാലത്തൊന്നും ഇന്ത്യ കര കയറുന്ന യാതൊരു ലക്ഷണവുമില്ല’ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി മത്സരിക്കുന്നതിനെപ്പറ്റി മാധ്യമപ്രവർത്തകർ ശ്രീനിവാസനോട് ചോദിച്ചപ്പോൾ ‘സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. പക്ഷെ, അയാളുടെ പാർട്ടിയോട് എനിക്ക് താല്പര്യമില്ല’ എന്നായിരുന്നു മറുപടി. 

തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി കുടുംബത്തോടൊപ്പം തൃശ്ശൂർ മണ്ണുത്തി മുക്കാട്ടുകര സെന്റ് ജോർജ്ജ് സി.എൽ.പി. സ്കൂളിൽ വോട്ട് ചെയ്തു.

എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഉച്ചയ്‌ക്ക് മുൻപ് മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തുമെന്ന വിവരത്തെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ ബൂത്തിന് പുറത്ത് കാത്തുനിന്നിരുന്നു. മൂന്ന് മണിയോടെയാണ് താരം എത്തിയത്. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു.

നടൻ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. 'കുടുംബസമേതം വോട്ടു ചെയ്തു.. എല്ലാ സഹോദരങ്ങളും വോട്ടു ചെയ്തു ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു' എന്നാണ് കൃഷ്ണകുമാറും കുടുംബവും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നടി മേനകയും ഭർത്താവ് നടനും നിർമ്മാതാവുമായ സുരേഷ് കുമാറും മകൾ രേവതിയും തിരുവന്തപുരത്ത് വോട്ടുകൾ രേഖപ്പെടുത്തി. എഴുപത്തിയഞ്ചു ശതമാനത്തിൽ കൂടുതൽ പോളിങ് പ്രതീക്ഷിക്കുന്നുവെന്നും ബിജെപി വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട രൺജി പണിക്കരോട് സുഹൃത്തായ സുരേഷ് ഗോപിയുടെ ജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദ്യമാണ് ഉയർന്നത്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വ‍്യത്യസ്തമാണെന്നും അതിൽ ഉത്തരമുണ്ടെന്നുമായിരുന്നു മറുപടി. 

ls5

‘ ഇൗ ഒരു ദിവസമാണ് നമ്മുടെ പവർ കാണിക്കാൻ കിട്ടുന്നത്. അതുകൊണ്ടാണ് വോട്ട് ചെയ്യാൻ എത്തിയത്’ വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

ls4

സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി കോഴിക്കോട് തിരുവണ്ണൂർ യു.പി സ്കൂൾ ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് നടി അന്ന രേഷ്മ രാജൻ ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻണ്ടറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com