ADVERTISEMENT

‘ടൈഗർ കാ ഹുക്കും’ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ആരാധകരെ രോമാഞ്ചം കൊള്ളിച്ച് ‘പക്കാ രജനികാന്ത് ഷോ’ നടത്തിയാണ് ജയിലറിന്റെ വരവ്. എന്നാൽ അതുക്കുംമേലെ, തിയറ്ററിനെ വിറപ്പിച്ചുകൊണ്ട് മോഹൻലാലിന്റെ ‘മരണമാസ്’ സീൻ. കയ്യടികളും വിസിലടികളും കൊണ്ട് തിയറ്ററുകൾ‍ നിറയുമ്പോൾ സംവിധായകൻ നെൽസന് അഭിമാനത്തോടെ നെഞ്ചുംവിരിച്ചിരിക്കാം.

ഒരു രജനികാന്ത് സിനിമയിൽ എന്തെല്ലാമാണു പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്? അതെല്ലാം മീറ്റർ കറക്ടാക്കി നെൽസൻ ജയിലറിൽ നിറച്ചുവച്ചിട്ടുണ്ട്. നടപ്പിലും എടുപ്പിലും കൂളിങ് ഗ്ലാസിലും സിഗററ്റിലുമൊക്കെ മാസ് കാണിക്കുന്ന രജനി. പതിവുപോലെ, രജനിയുടെ ചിരിയിൽ പോലും മരണമാസ്. കഥയും തിരക്കഥയും ലോജിക്കുമൊക്കെ നാലായി മടക്കി തട്ടിൻപുറത്തു വച്ച ശേഷം തിയറ്ററിൽ പോയിരുന്ന് ആർത്തുവിളിച്ച് കാണാവുന്ന മാസ് ത്രില്ലർ സിനിമയാണ് ജയിലർ. തിയറ്ററിൽ വെടിക്കെട്ടിനു തിരികൊളുത്തിയപോലെ ആഘോഷമാണ്.

ജോലിയിൽനിന്നു വിരമിച്ച് കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കുന്ന മുത്തുവേൽ പാണ്ഡ്യന്റെ കഥയാണ് ജയിലർ. പേരുകേൾക്കുമ്പോൾ പഴയ ‘മുത്തു’വും ‘പാണ്ഡ്യനു’മൊക്കെ ഓർമ വരും. രജനികാന്തും ഭാര്യയായെത്തുന്ന രമ്യാ കൃഷ്ണനും മകനും മരുമകളും പേരക്കുട്ടിയുമടങ്ങിയ കുടുംബം. അവർ ജീവിക്കുന്ന കൊച്ചുവീടിന്റെ തമാശകളിൽനിന്നാണ് ചിത്രം തുടങ്ങുന്നത്. ട്രോളൻമാരുടെ വിമർശനങ്ങൾക്ക് ഇടനൽകാത്ത വിധത്തിൽ ‘കുടുംബപാസം’ കയ്യടക്കത്തോടെ നെൽസൻ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ലളിതമായ ഇൻട്രോ സീനിലൂടെയാണ് കഥയിലേക്ക് രജനിയുടെ വരവ്. മകനും പൊലീസ് ഓഫിസറുമായ അർജുൻ ഒരു ക്രിമിനൽ സംഘത്തെ വേട്ടയാടുകയും അവർ തിരികെ ആക്രമിക്കുകയും ചെയ്യുന്നിടത്താണ് മുത്തുവേൽ പാണ്ഡ്യൻ കളിക്കളത്തിലേക്ക് ഇറങ്ങേണ്ടിവരുന്നത്.

വില്ലനായെത്തിയ വിനായകനും രജനികാന്തും തമ്മിലുള്ള പോരാട്ടമാണ് പിന്നീടങ്ങോട്. ബിഹാറിലെ ബോംബ് നിർമാതാവായ ജാക്കി ഷ്റോഫ് പറയുന്ന ഫ്ലാഷ് ബാക്കിലൂടെയാണ് മുത്തുവേൽ പാണ്ഡ്യൻ ആരാണെന്ന കഥ വിവരിക്കുന്നത്. തിഹാർ ജയിലിനെ വരച്ചവരയിൽ നിർത്തുന്ന ‘ജയിലർ ടൈഗറാ’യുള്ള രജനിയുടെ വരവ് പതിറ്റാണ്ടുകൾക്കുമുൻപുള്ള രജനിയെ ഓർമിപ്പിക്കും. മന്നനിലും ഉഴൈപ്പാളിയിലുമൊക്കെ കണ്ട അതേ ലുക്ക്, അതേ സ്റ്റൈൽ. ഡിഏജിങ് ടെക്നോളജി ഉപയോഗിച്ചാണ് സ്റ്റൈൽ മന്നനെ ചെറുപ്പമാക്കിയിരിക്കുന്നത്.

ജയിലറിനൊത്ത സാങ്കേതികത്തികവാർന്ന പാർട്ണറായി, ഏതാനും നിമിഷം മാത്രമുള്ള, മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. ഇളംമഞ്ഞ കൂളിങ് ഗ്ലാസും പൂക്കളുള്ള ഹാഫ്കൈ ഷർട്ടുമിട്ട് രണ്ടുതവണ ലാൽ വരുന്നുണ്ട്. മലയാളി പ്രേക്ഷകർക്കു തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ആ രണ്ട് മിനിറ്റ് മതി. രജനിയുടെ മാസിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് ലാലിന്റെ മാസ് സീൻ.

mohanlal-rajini-jailer

ബെംഗളൂരുവിലെ മാഫിയതലവൻ നരസിമ്മയായി കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥിവേഷത്തിൽ മാസ് കാണിക്കുന്നുണ്ട്. അതിഥിതാരം പോലെ തമന്നയും വന്നുപോവുന്നുണ്ട്. പക്ഷേ ആരെങ്കിലും ഓർത്തിരിക്കുമോ എന്നു സംശയമാണ്. യോഗി ബാബു മുതൽ തെലുങ്ക് കോമഡി താരം സുനിൽ വരെയുള്ളവർക്ക് കോമഡിയിൽ കൃത്യമായ ഇടം നൽകിയിട്ടുമുണ്ട്. ആക്‌ഷൻ സീക്വൻസിൽ സഹായിയായെത്തുന്ന കിഷോറിന്റെ വരവ് നെൽസന്റെ ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടറി’ലെ രംഗം ഓർമിപ്പിക്കും. ലോകേഷ് കനകരാജിനു ശേഷം ഒരു സിനിമാറ്റിക് യൂനിവേഴ്സിലേക്കാണോ നെൽസന്റെ നോട്ടം എന്ന സംശയം ബാക്കി. കാണികൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ അപ്രതീക്ഷിത ട്വിസ്റ്റുകളൊന്നുമില്ല. പക്ഷേ ഇരുന്ന ഇരുപ്പിൽ മരണമാസ് കാണിക്കുന്ന രജനിയുടെ വൺമാൻഷോ ആയി ഇന്റർവെൽ പഞ്ച് മാറ്റിയിട്ടുണ്ട്.

ക്ലൈമാക്സ് സീക്വൻസിൽ രജനിക്കൊപ്പം ശിവരാജ് കുമാറും മോഹൻലാലും ചുരുട്ടു കത്തിച്ചുവലിച്ച് കൈകോർക്കുന്ന ഒരു ‘മെഗാ മാസ്’ സീനാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തൊണ്ട പൊട്ടുന്ന തരത്തിൽ ആർത്തുവിളിച്ചാണ് ആരാധകർ ക്ലൈമാക്സ് ഏറ്റുവാങ്ങിയത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ ഒരു നിമിഷം പോലും ലാഗില്ലാതെ മുന്നോട്ടു കൊണ്ടുപോയ നെൽസനാണ് ഏറ്റവും വലിയ കയ്യടി അർഹിക്കുന്നത്. അനിരുദ്ധ് സംഗീതസംവിധാനത്തിലൂടെ ചിത്രത്തെ എത്രത്തോളം ഗംഭീരമാക്കാമോ, അത്രയും ചെയ്തുവച്ചിട്ടുമുണ്ട്. ലോകേഷ് കനകരാജിനുശേഷം തമിഴ് സിനിമയിൽ വയലൻസും ചോരക്കളിയും ഒരിത്തിരി കൂടിയോ എന്ന സംശയമേ ബാക്കിയുണ്ടാവൂ.

jailer-trailer-watch

സൂപ്പർസ്റ്റാർ എന്നെഴുതി കാണിക്കുന്നതുമുതൽ ക്ലൈമാക്സ് സീൻ വരെ തുടരുന്ന കയ്യടികളും വിസിലടികളും മാത്രം മതി, സ്റ്റൈൽ മന്നൻ രജനീകാന്തിനെ ആരാധകർ എത്രയേറെ സ്നേഹിക്കുന്നുണ്ട് എന്നറിയാൻ‍. പഴയ തലമുറയിലെ മഹേന്ദ്രനും ബാലചന്ദറും സുരേഷ് കൃഷ്ണയും മുതൽ ഈ തലമുറയിലെ നെൽസൻ വരെയുള്ള സംവിധായകർ മാറി മാറിവരുമ്പോഴും രജനികാന്ത് പ്രേക്ഷകരുടെ മനസ്സിൽ തന്റെ സിംഹാസനത്തിൽ തലയുയർത്തിയിരിക്കുന്നു. ഇത്തവണയും അതിൽ ഒരു മാറ്റവുമില്ല. പടം കണ്ടിറങ്ങുന്നവരുടെ ഞെരമ്പിൽ ഊർജം നിറയ്ക്കുന്ന സൂപ്പർസ്റ്റാറാണ് രജനി. ജയിലർ കണ്ടിറങ്ങുന്ന ഓരോരുത്തരും ‘ഫുൾ ചാർജി’ലാണ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com