ADVERTISEMENT

പേരു പോലെ സൗമ്യനല്ല. അധോലോക ഭീകരന്റെ ലുക്കുമില്ല. വർക്കിലാണേൽ ഒടുക്കത്തെ ബുദ്ധിയും. ബോസ് എന്ന് വിളിച്ചില്ലെങ്കിലും രാമചന്ദ്രൻ ഹാപ്പിയാണ്. എന്തായാലും രാമചന്ദ്രന്റെ ചിന്തകളൊക്കെ ഹൈ ലെവലാണ് എന്നു പറയാം. ഇടയ്ക്കൊക്കെ ചില മണ്ടത്തരങ്ങളും കൈവിട്ട കളികളും കളിച്ചാലും രാമചന്ദ്ര ബോസിന്റെ കമ്പനിയും അവിടുത്തെ സ്റ്റാഫും പ്രേക്ഷകരെപ്പോലെ സംതൃപ്തരാണ്. പൊട്ടിച്ചിരിയുടെ പൂക്കളുമായി ഓണക്കാലത്ത് പൂക്കളം തീർക്കുകയാണ് നിവിൻ പോളി ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ ആൻഡ് കോ. മുഴുനീള തമാശകളുമായി ഒരു പക്കാ എന്റർടെയ്നർ.

ജീവിത പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നാലുപേർ. ഒരു ജോലി എന്ന സ്വപ്നവുമായി അവർ എത്തിച്ചേരുന്നത് ദുബായിൽ രാമചന്ദ്രബോസിന്റെ കമ്പനിയിലാണ്. എന്നാൽ അവരുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു അവിടം. അവരുടെ ബോസായ രാമചന്ദ്രനാകട്ടെ ഒരു പെരുംകള്ളനും. അയാൾക്ക് ചില ലക്ഷ്യങ്ങളുണ്ട്, ഒരു വലിയ മോഷണം. ആ യാത്രയിലേക്ക് ഇവർ കൂടി ചേരുന്നതോടെ ഉണ്ടാകുന്ന സംഭവബഹുലമായ കഥയാണ് രാമചന്ദ്ര ബോസ് ആൻഡ് കോ പറയുന്നത്. തമാശയുടെ രസക്കൂട്ടോടെ സിനിമ പറയുന്നതു കൊണ്ടു തന്നെ മുഷിപ്പില്ലാതെ കണ്ടിരിക്കാം.

വേണമെങ്കിൽ അതീവ ഗൗരവത്തോടെ പറയാൻ കഴിയുന്ന ഒരു കഥയാണ് സംവിധായകൻ ഹനീഫ് അദേനി തീർത്തും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യത്തിനൊപ്പം വൈകാരിക നിമിഷങ്ങളും ചേരുന്നതോടെ സിനിമ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. ഇടയ്ക്കൊക്കെ വന്നു പോകുന്ന ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ശ്രദ്ധേയമാണ്. താരങ്ങളുടെ മത്സരിച്ചുള്ള പ്രകടനം കൂടി എത്തിയതോടെ സിനിമ കൂടുതൽ മിഴിവേകുന്നുണ്ട്.

നിവിൻ പോളിയുടെ വേറിട്ട പ്രകടനമാണ് ചിത്രത്തിൽ നിറയുന്നത്. തമാശയും ആക്‌ഷൻ രംഗങ്ങളുമൊക്കെ അനായാസം താരം കൈകാര്യം ചെയ്തിട്ടുണ്ട്. നിവിൻ പോളി ആരാധകരെ പൂർണമായും ചിത്രം തൃപ്തിപ്പെടുത്തും. ഗെറ്റപ്പിലും പ്രകടനത്തിലും താരത്തിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. വന്നു പോകുന്ന ഓരോ രംഗത്തും കൗണ്ടറുകൾ കൊണ്ട് കയ്യടി നേടുന്ന മറ്റൊരു താരം വിനയ് ഫോർട്ടാണ്. കൗണ്ടറുകൾക്കൊപ്പം ആക്‌ഷൻ കോമഡിയിലും നിറഞ്ഞാടുകയാണ് താരം. കണ്ണീരണിയിച്ചും ചിരിപ്പിച്ചും ജാഫർ ഇടുക്കി സിനിമയുടെ നെടുംതൂണായി മാറിയിട്ടുണ്ട്. തുടക്കം മുതൽ സിനിമയിലേക്ക് പ്രേക്ഷകരെ ചേർത്തു നിർത്തുന്നതിൽ ജാഫർ ഇടുക്കിയുടെ പ്രകടനത്തിന് സവിശേഷമായ സ്ഥാനമുണ്ട്. മമിത ബൈജു, ആർഷ, വിജിലേഷ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയം.

ഹനീഫ് അദേനിയുടെ വേറിട്ട സംവിധാന പരീക്ഷണം കൂടിയാണ് ചിത്രം. പല കഥാപാത്രങ്ങൾ തുല്യരായി സിനിമയിലൂടെ സഞ്ചരിക്കുമ്പോഴും അവരുടെ മാനസിക സംഘർഷങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ദുബായുടെ സൗന്ദര്യം കൃത്യമായി അടയാളപ്പെടുത്താൻ ഛായാഗ്രാഹകൻ വിഷ്ണു തണ്ടാശ്ശേരിക്കും കഴിഞ്ഞു. പ്രത്യേകിച്ച് ചേസിങ് രംഗങ്ങൾ ആകാംക്ഷ നിറയ്ക്കുന്നതാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതം സിനിമയിലേക്ക് നമ്മെ ചേർത്തു നിർത്തുന്നുണ്ട്.

ഒരിടവേളയ്ക്കു ശേഷം നിവിൻ പോളിയുടേതായി എത്തുന്ന മുഴുനീള കോമഡി ചിത്രം. ഒരു ഫൺ എന്റർടെയ്നറായി കണ്ട് കുടുംബവുമൊത്ത് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് രാമചന്ദ്ര ബോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com