ADVERTISEMENT

അനുദിനം പുതിയ ഐഡിയകളിലൂടെ സ്വർണം കടത്താൻ ശ്രമിക്കുന്നതും ചിലതെല്ലാം പിടിക്കപ്പെടുന്നതും നാം ദിനംപ്രതി വാർത്തകളിൽ കാണുന്നതാണ്. കാസർകോടിന്റെ പശ്ചാത്തലത്തിൽ, സ്വർണക്കടത്തിന്റെയും അതിന്റെ പിന്നിലുള്ള മാഫിയകളുടെയും വഞ്ചനകളുടെയും ചോരക്കഥ പറയുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ ഈ കുരുക്കിൽ അകപ്പെടുന്ന യുവാക്കളുടെ വാർത്തകൾ നാം കാണുന്നതാണ്. അതിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമ. കണ്ണൂർ, മംഗലാപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിൽ കഥാപശ്ചാത്തലമാകുന്നുണ്ട്.

 

മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് മുഖരി എന്റർടെയ്ൻമെന്റസ്, യൂഡ്‌ലി ഫിലിംസ്, സരിഗമ എന്നീ ബാനറുകൾ ചേർന്നാണ്. 

 

ഒരച്ഛൻ മകനു ഉറങ്ങാൻ പറഞ്ഞുകൊടുക്കുന്ന സാരോപദേശകഥയിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. സ്വർണം കണ്ടു കണ്ണുമഞ്ഞളിച്ചു തിന്മ പ്രവർത്തിക്കുന്ന സുഹൃത്തുക്കളുടെ ആ കഥയിൽ, തുടർന്നുള്ള ചിത്രത്തിന്റെ മുഴുവൻ സംഗ്രഹവും സമർഥമായി ഒളിപ്പിച്ചിട്ടുണ്ട്. പണിയേൽപിച്ചവരുടെ കണ്ണുവെട്ടിച്ച് കടത്തുസ്വർണം വിൽക്കാനായി രണ്ടു ചെറുപ്പക്കാർ നടത്തുന്ന ജീവന്മരണ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

 

ആൽബിയും (ആസിഫ് അലി) കാമുകി നാൻസിയും ഗൾഫിൽനിന്നുള്ള കടത്തുസ്വർണത്തിന്റെ നാട്ടിലെ കാരിയർമാരാണ്. അത്തരം ഒരു ദൗത്യത്തിനിടയിൽ അവരുടെ കയ്യിൽനിന്ന് സ്വർണം നഷ്ടപ്പെടുന്നു. തുടർന്ന് ചില വഴിത്തിരിവുകളിലൂടെ അവർക്കൊപ്പംചേരുന്ന ഫൈസലും (സണ്ണി വെയ്ൻ) ആൽബിയും ചേർന്ന് നടത്തുന്ന ഓട്ടപാച്ചിലിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചെറിയ ട്വിസ്റ്റുകളും ചിത്രത്തിന്റെ കഥാഗതിയുടെ ട്രാക്ക് മാറ്റുന്നുണ്ട്.

 

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. സിദ്ദീഖ്, സമ്പത്ത് റാം, ദീപക് പറമ്പോൽ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. മാളവിക ശ്രീനാഥാണ് നായിക. ജയിലറിലെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട ശേഷം വിനായകൻ വീണ്ടും 'നെഗറ്റീവ് ഷേഡുള്ള' കഥാപാത്രമായി ചിത്രത്തിലെത്തുന്നു. രണ്ടാം പകുതിയിൽ ദീപക് പറമ്പോലും ഗ്യാങും എത്തുന്നതോടെ ചിത്രം കൂടുതൽ സജീവമാകുന്നുണ്ട്.

 

പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായ ആൽബിയെ ആസിഫ് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രാരാബ്ധങ്ങൾ വീർപ്പുമുട്ടിക്കുന്ന ഫൈസലിനെ സണ്ണി വെയ്‌നും മികച്ചതാക്കുന്നു. ജയിലറിലെ വർമൻ 'പാന്റിട്ട ഗെറ്റപ്പിൽ' എത്തുന്ന വിനായകനും റോൾ ഭദ്രമാക്കിയിട്ടുണ്ട്. ഇനി അടുത്തിറങ്ങുന്ന മിക്ക സിനിമകളും ഈ 'വർമൻ' കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടും എന്നതാണ് വിനായകൻ നേരിടാവുന്ന പ്രതിസന്ധി.

 

തുടക്കം മുതൽ ഒടുക്കം വരെ വളരെ സജീവമായി പോകുന്ന കഥാഗതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനാൽ ഒരുഘട്ടത്തിലും വിരസത അനുഭവപ്പെടില്ല. ചിത്രത്തിന്റെ സാങ്കേതികമേഖലകൾ ഗുണനിലവാരം പുലർത്തുന്നു. ചടുലമായ കഥാഗതിക്ക് അതിനോടുചേർന്നുപോകുന്ന ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും പിന്തുണയേകുന്നു. പുതുതലമുറ പ്രേക്ഷകർക്ക് ആക്‌ഷൻ സിനിമകളോടുള്ള താൽപര്യം വർധിക്കുന്ന കാലഘട്ടമാണിത്. തന്മൂലം അടുത്ത കാലത്തായി ഇറങ്ങുന്ന സിനിമകളിൽ ചടുലമായ സംഘട്ടനരംഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. കാസർഗോൾഡിലും കളംനിറയുന്നത് ഇത്തരം അടിപിടി സീനുകളാണ്.

 

തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. 'തല്ലുമാല ആംബിയൻസ്' ചിത്രത്തിൽ പലയിടത്തും ഫീൽ ചെയ്യുന്നുണ്ട്.

 

എന്തായാലും തെറ്റിനെ ഗ്ലോറിഫൈ ചെയ്യാൻ ചിത്രം ശ്രമിച്ചിട്ടില്ല എന്നത് ശ്ലാഘനീയമാണ്. 'കനകം മൂലം കലഹം പലവിധമുലകിൽ സുലഭം' എന്ന കുഞ്ചൻ നമ്പ്യാർ ചൊല്ലും  'അത്യാഗ്രഹം ആപത്തിൽ ചാടിക്കും' എന്ന ഗുണപാഠവും എക്കാലത്തും പ്രസക്തമാണ് എന്നടിവരയിട്ടുകൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്. ചിത്രം മികച്ച തിയറ്റർ കാഴ്ചാനുഭവം നൽകുമെന്നുറപ്പ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com