ADVERTISEMENT

‘മാര്‍ക്ക് ആന്റണി’, അധോലോക നായകന്മാരുടെ മുടിചൂടാ മന്നൻ മാണിക് ബാഷയെപ്പോലും വിറപ്പിച്ച വില്ലൻ. രഘുവരന്റെ ശബ്ദഗാംഭീര്യത്താലും അഭിനയപ്രകടനത്താലും ഇന്നും തെന്നിന്ത്യയിലെ കൊടൂര വില്ലൻ കഥാപാത്രങ്ങളിലൊന്നാണ് മാർക്ക് ആന്റണി. ആ പേര് പറയുമ്പോൾ തന്നെ ഒരു ഇടിമുഴക്കം അനുഭവപ്പെടും. അതേ കാരണം കൊണ്ട് തന്നെയാണ് ആദിക് രവിചന്ദ്രൻ തന്റെ പുതിയ ചിത്രത്തിനും ഇതേപേരു തന്നെ ഇട്ടത്. ഇവിടെ വിശാൽ ആണ് മാർക്ക് ആന്റണി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി എന്ന അച്ഛനായും മാർക്ക് എന്ന മകനായും വിശാൽ ഇരട്ട വേഷത്തിൽ ‘മാർക്ക് ആന്റണി’യിൽ എത്തുന്നു. ഒരു മുഴുനീള ഗ്യാങ്സ്റ്റർ ടൈം ട്രാവൽ എന്റർടെയ്നർ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

1995 കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ആന്റണിയും ജാക്കി പാണ്ഡ്യനും ഉറ്റ ചങ്ങാതിമാരും ചെന്നൈയിലെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സുമാണ്. ഏകാമ്പരമാണ് ഇവരുടെ രണ്ടുപേരുടെയും ശത്രു. തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരനായ ആന്റണിയെ കൊല്ലാൻ ഏകാമ്പരൻ പദ്ധതിയിടുന്നു. ഇതേ സമയത്താണ് ചിരഞ്ജീവി എന്നൊരു ശാസ്ത്രഞ്ജൻ ഫോണിലൂടെ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു മെഷീൻ കണ്ടുപിടിക്കുന്നത്. ഭൂതകാലത്തിലുളള ആളുകളുമായി ഈ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയും. അങ്ങനെ ഓരോരുത്തരുടെയും ഭാവി തന്നെ മാറ്റി മറിക്കാൻ കഴിയുന്ന കണ്ടുപിടുത്തം കൊണ്ട് ആന്റണിയുടെയും ജാക്കി പാണ്ഡ്യന്റെയും ഭാവി എങ്ങനെ മാറി മറയുന്നു എന്നതാണ് ഈ സയൻസ് ഫിക്‌ഷൻ കോമഡി ചിത്രം പറയുന്നത്.

ആന്റണിയുടെ മകൻ മാർക്ക് ആയും ജാക്കി പാണ്ഡ്യന്റെ മകൻ മദനായും വിശാലും എസ്.ജെ. സൂര്യയും തന്നെ ഇരട്ടവേഷങ്ങളിലെത്തുന്നു. 1975ലും 1995ലും നടക്കുന്ന കഥയായാണ് മാർക്ക് ആന്റണിയെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ സിനിമകളുടെ മേക്കിങ് ശൈലികളെ അനുകരിച്ച് സ്പൂഫ് രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

mark-antony-trailer

ട്രൈം ട്രാവലിലൂടെ രസകരമായ ഫൺ റൈഡ് പോകുന്ന അവസ്ഥയാകും സിനിമ കാണുന്ന പ്രേക്ഷകനും അനുഭവപ്പെടുക. അതി സങ്കീർണമായ കഥാഗതികളിലേക്കൊന്നും ചിത്രം പോകുന്നില്ല. ചിരഞ്ജീവി നിർമിച്ച ഫോൺ ടൈം മിഷീന്റെ പരിമിതികൾ സിനിമയുടെ തുടക്കത്തിൽ തന്നെ പറയുന്നുമുണ്ട്. കഥയ്ക്ക് ആവശ്യമായ രീതിയിലുള്ള ട്വിസ്റ്റും ടേൺസും സിനിമയില്‍ കൃത്യമായി അവതരിപ്പിക്കാൻ ആദിക്കിനു കഴിഞ്ഞു. മികച്ചൊരു കഥ ഉണ്ടെന്നതു തന്നെയാണ് മാർക്ക് ആന്റണി വ്യത്യസ്തമാക്കുന്നതും.

‘മാനാട്’ സിനിമയിലേതു പോലെ ഈ സിനിമയിലും എസ്‍.ജെ. സൂര്യയുടെ ഗംഭീര കോമഡി രംഗമുണ്ട്. ഇവിടെ മാത്രമല്ല പടത്തിലുടനീളം എസ്.ജെ. സൂര്യ അഴിഞ്ഞാടുകയാണ്. ഒരു ഘട്ടത്തിൽ വിശാലിനെപ്പോലും വെല്ലുന്ന കോമഡി ടൈമിങുകൾ കൊണ്ട് എസ്.ജെ. പ്രേക്ഷകരുടെ കയ്യടി നേടുന്നു. ആന്റണിയും മാര്‍ക്കുമായെത്തുന്ന വിശാലിന്റെ പ്രകടനവും പ്രശംസനീയം. മാസിന്റെ കാര്യത്തിൽ വിശാലും കോമഡിയുടെ കാര്യത്തിൽ എസ്.ജെ. സൂര്യയും മിന്നുന്നു. ആക്‌ഷൻ രംഗങ്ങളിൽ വിശാലിന്റെ ഹൈ വോൾടേജ് പ്രകടനവും അത്യുഗ്രൻ.

mark-antony-trailer-3

വേഗതയുളള തിരക്കഥയും അത്രത്തോളം മികച്ച മേക്കിങുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഒരു സ്ഥലത്തുപോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. രണ്ടാം പകുതി കഴിഞ്ഞാൽ എസ്.ജെ. സൂര്യയുടെ അഭിനയ വിളയാട്ടമാണ് കാണാനാകുക. ഇരുനില ബസിൽ സിൽക്ക് സ്മിതയെ കാണുന്ന രംഗത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനമൊക്കെ ഒരു ഉദാഹരണം മാത്രം.

സുനിൽ, സെൽവരാഘവന്‍, റിതു വർമ, റെഡിൻ കിങ്സ്‍ലി, നിഴൽകള്‍രവി, അഭിനയ, വൈ.ജി. മഹേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ജി.വി. പ്രകാശിന്റെ പശ്ചാത്തല സംഗീതം മാർക്ക് ആന്റണിയെ പൂർണമായും ഒരാഘോഷമാക്കി മാറ്റുന്നു. മലയാളിയായ അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറയും അതി ഗംഭീരം. വിജയ് വേലുകുട്ടിയുടെ എഡിറ്റിങും ആർ.കെ. വിജൈമുരുഗന്റെ കലാസംവിധാനവും സിനിമയോട് പൂർണമായും നീതിപുലർത്തി.

ലോജിക്കുകൾ മാറ്റിവച്ച് പ്രേക്ഷകര്‍ക്ക് മതിമറന്ന് ആസ്വദിക്കാന്‍ കഴിയുന്ന കമേഴ്സ്യൽ എന്റർടെയ്നറാണ് മാർക്ക് ആന്റണി. കോമഡിക്കു കോമഡിയും ആക്‌ഷനും വെടിവയ്പ്പും ട്വിസ്റ്റും ഇഷ്ടംപോലെയുള്ള ചിത്രം തിയറ്ററുകൾ കീഴടക്കുമെന്ന് ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com