ADVERTISEMENT

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾശേഖരിച്ച് സർക്കാർ അഴിമതികളെയും മനുഷ്യാവകാശലംഘനങ്ങളെയും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന കാലമാണിത്. സൈബർലോകത്തും പുറത്തും വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ അനുയായികൾ ആക്രമണം തുറന്നുവിടുന്ന കാലം. സർക്കാർ നടത്തുന്ന അഴിമതികളെ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കാൻ പല തരത്തിലുള്ള വേട്ടയാടലുകളും നടത്തുന്ന കാലം. എല്ലാമറിഞ്ഞിട്ടും മിണ്ടാതെയിരിക്കുകയും ഭരണകൂട ഭീകരതകളെ പിന്തുണയ്ക്കുകയും ചെയ്യേണ്ടിവരുന്ന ചിലർ. അത്തരമൊരു കാലഘട്ടത്തിലാണ് സജീവൻ അന്തിക്കാട് എന്ന സിനിമാപ്രവർത്തകൻ ‘ലാ ടൊമാറ്റിന’ അഥവാ ചുവപ്പുനിലം എന്ന സിനിമയുമായി തീയറ്ററുകളിലെത്തിയിരിക്കുന്നത്.

 

യുവകഥാകൃത്ത് ടി.അരുൺകുമാർ എഴുതിയ ലാ ടൊമാറ്റിന എന്ന കഥയെ ആസ്പദമാക്കിയാണ് സജീവൻ അന്തിക്കാട് സിനിമ ഒരുക്കിയിരിക്കുന്നത്. ടൊവിനോയുടെ ആദ്യചിത്രമായ പ്രഭുവിന്റെ മക്കൾക്കു ശേഷം സജീവൻ അന്തിക്കാട് ഒരുക്കിയ സിനിമയാണിത്. ആദ്യചിത്രം യുക്തിവാദത്തിന്റെ നേർക്കാഴ്ചകളാണ് അവതരിപ്പിച്ചതെങ്കിൽ ഈ സിനിമ സർക്കാർ സ്പോൺസേഡ് വേട്ടയാടലിന്റെ കഥയാണ് പറയുന്നത്.

 

‘ലാ ടൊമാറ്റിന’ എന്ന യൂട്യൂബ് ചാനൽ വഴി സമൂഹത്തിലെ ഭരണകൂട അതിക്രമങ്ങൾ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകന്റെ കഥയാണ് ചിത്രം പറയുന്നത്.  മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ എൻകൗണ്ടർ കില്ലിങ്ങിലൂടെ തുടച്ചുനീക്കുന്ന അധികാരികൾ. ഈ വിവരങ്ങൾ തെളിവുസഹിതം പുറത്തുവിടുകയാണ് അയാൾ.

 

അന്വേഷണ ഏജൻസി അയാളെ തീവ്രവാദബന്ധമുള്ളയാളാക്കാൻ തെളിവുകൾ  ശേഖരിക്കുന്നു. ഒരു കാരണവുമില്ലാതെ രാത്രി വീട്ടിൽകയറി അയാളെ പിടിച്ചുകൊണ്ടുവന്ന് പൂട്ടിയിടുന്നു. കടുത്ത മർദനങ്ങളിലൂടെ അയാളെക്കൊണ്ട് കുറ്റസമ്മതമൊഴി ഒപ്പിട്ടുവാങ്ങാൻ ശ്രമിക്കുന്നു. പൂഴ്ത്തിവയ്ക്കാൻ അധികാരവർഗം ശ്രമിക്കുന്ന സത്യങ്ങളെ തുറന്നുകാട്ടലാണ് പത്രപ്രവർത്തനമെന്നും അധികാരികളെ പാടിപ്പുകഴ്ത്തുന്നതു പരസ്യങ്ങളായാണ് കണക്കാക്കേണ്ടതെന്നും അയാൾ തുറന്നുപറയുന്നു. കേന്ദ്രസർക്കാരായാലും സംസ്ഥാനസർക്കാരായാലും സത്യം പറയുന്നവരെ ഒരേപോലെ വേട്ടയാടുകയാണെന്ന തിരിച്ചറിവ് അയാൾക്കുണ്ട്. എന്താണ് സത്യം, എന്താണ് സ്വാതന്ത്ര്യം, എന്താണ് മനുഷ്യാവകാശം തുടങ്ങിയ ചോദ്യങ്ങൾ അയാൾ ചോദിക്കുന്നു. നിയമപാലകരാണെന്ന് അവകാശപ്പെടുന്നവർ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ അയാളെ ക്രൂരമായി മർദിക്കുന്നു. സ്പെയിനിലെ തക്കാളി ഉത്സവത്തിലെന്ന പോലെ അധികാരിവർഗം അയാളുടെ ചോരയെ ചവിട്ടിമെതിക്കുന്നു.

 

ചിത്രത്തിൽ നിർഭയനായ മാധ്യമപ്രവർത്തകനായി ജോയ് മാത്യുവാണ് എത്തുന്നത്. എപ്പോഴും ചിരിക്കുന്ന മുഖമുള്ള അന്വേഷണസംഘത്തലവനായി ശ്രീജിത്ത് രവിയുമെത്തുന്നു. ആ ചിരിയുടെ പിന്നിൽ ഒരു വയലൻസ് ഒളിഞ്ഞിരിപ്പുണ്ട്. ക്രൂരമായി ചോദ്യം ചെയ്യുന്നതിനിടെ ബുദ്ധന്റെ ചിത്രം വരയ്ക്കുന്നയാൾ. സഹജീവികളെ വേദനിപ്പിച്ച് ആനന്ദംകണ്ടെത്തുന്ന സാഡിസ്റ്റായ അന്വേഷണ ഉദ്യോഗസ്ഥനായി കോട്ടയം നസീറുണ്ട്. പുതുമുഖ താരം രമേഷ് രാജ് അവതരിപ്പിക്കുന്ന അബുവാണ് ഒരൽപം മനുഷ്യത്വമുള്ളയാൾ. പക്ഷേ ഒടുവിൽ അയാളാണ് മാധ്യമപ്രവർത്തകനെ മർദിക്കാൻ ചുമതലപ്പെടുന്നത്. ഒരുകാലത്ത് മാധ്യമപ്രവർത്തകന്റെ ശിഷ്യയായി ജേണലിസം പഠിച്ച ബെല്ലയാണ് അന്വേഷണസംഘത്തിലെ നാലാമത്തെയാൾ. ചോദ്യംചെയ്യലിനായി അവർ ഒരുക്കിയ ഇടിമുറിയിൽ ഇവർ തമ്മിലുള്ള ആശയസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ആദ്യാവസാനം തക്കാളിച്ചുവപ്പുള്ള സിനിമയാണ് ലാ ടൊമാറ്റിന.

 

മാവോയിസ്റ്റുകളെ സർക്കാർ വേട്ടയാടി കൊന്നതിൽ പ്രതിഷേധിച്ചെന്നാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട  വയോധികനായ ഗ്രോവാസു ജെയിലിൽപോയത് അടുത്തിടെയാണ്. ഇടതുസർക്കാർതന്നെ ഇടതുപക്ഷക്കാരായ മാവോയിസ്റ്റുകളെ വേട്ടയാടികൊല്ലുന്നത് വിചിത്രമാണെന്നായിരുന്നു വാദം. കൊലപാതകം ഭരണകൂടം ചെയ്താലും കൊലക്കുറ്റമാണെന്ന മനുഷ്യാവകാശവാദമുന്നയിച്ച ഗ്രോ വാസുവിനെ കോടതി ഒടുവിൽ വെറുതെവിടുകയായിരുന്നു. ഈ സംഭവത്തിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് ലാ ടൊമാറ്റിന തീയറ്ററുകളിലെത്തുന്നത്.

 

വികാരജീവികളായ കാഴ്ചക്കാരെ ഉത്തേജിപ്പിക്കാനായി അടി–ഇടി–മാസ്മസാല– ചേരുവകൾ കുത്തിനിറച്ച് തീയറ്ററുകളിലെത്തുന്ന സിനിമകളാണല്ലോ ഇന്ന് ആഘോഷിക്കപ്പെടുന്നത്. ഇത്തരമൊരു സിനിമാകാഴ്ചയല്ല ‘ലാ ടൊമാറ്റിന’. പഴയ തെരുവുനാടകശൈലി പിന്തുടരുന്ന കഥാഖ്യാന രീതിയിലുള്ള സിനിമയാണിത്. വളരെ പതുക്കെ പോവുന്ന സിനിമ. സംവിധായകനു പറയാനുള്ള ആശയങ്ങൾ വളരെ വ്യക്തമായി ഡയലോഗുകളായി അവതരിപ്പിക്കുന്ന സിനിമ. എന്നാൽ സിനിമ കഴിഞ്ഞാലും സിനിമയിൽ ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ടി. അരുൺകുമാറിന്റെ തിരക്കഥയും കാലിക പ്രസക്തമാണ്.

 

ത്രില്ലർ, ഡ്രാമാ ഗണത്തിൽ പെടുന്ന സിനിമയെന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ അത്തരം സിനിമകളെപ്പോലെ പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്ന എലമന്റുകൾ ഫലപ്രദമായി സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ഈ എലമെന്റുകൾ പരിശോധിച്ചാൽ രണ്ടുമണിക്കൂറോളം കാണിയെ എൻഗേജ് ചെയ്യിപ്പിക്കാൻ ലാ ടൊമാറ്റിനയ്ക്കു കഴിയുന്നുണ്ട്. എന്നാൽ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. സിനിമ തീർന്നാലും ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com