ADVERTISEMENT

കടൽത്തീരത്തെ ആ ഒറ്റ സ്നാപ്. ലീഡിയ. മകൾ എസ്മി. മിലോസ്. എന്തോരു ഭംഗിയായിരുന്നു ആ ദൃശ്യത്തിന്. ഒറ്റ സ്നാപ്പിൽ ഒതുക്കാനാവാത്ത ഒരു ജീവിതം എന്നു പറയും പോലെ. പശ്ചാത്തലത്തിൽ തിരമാലകൾ അലറുകയും പിൻവാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അതറിഞ്ഞിട്ടോ അറിയാതെയോ അവർ ആ ഒരൊറ്റ ദൃശ്യത്തിൽ ഒരുമിച്ചുചേർന്നു. ലയിച്ച് ഒന്നായി. എന്നിട്ടും ആ ദൃശ്യം ജീവിതത്തിൽ യാഥാർഥ്യമാകാതെ പോയതെന്തുകൊണ്ടാണ്. ആരാണ് അതിന് ഉത്തരവാദി. ആരായാലും അവർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. അക്കാര്യത്തിൽ സംശയത്തിന്റെ ലാഞ്ചന പോലുമില്ല. 

ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച റപ്ചറിന്റേത് പതിഞ്ഞ തുടക്കമാണ്. ഒരു പുസ്തകം വായിക്കും പോലെ. അതാരാണ് വായിക്കുന്നതെന്നു പോലും തുടക്കത്തിൽ അറിയില്ല. ആരോ എന്തോ പറയുന്നു. എന്നാൽ ആ വാക്കുകളിൽ ലിഡിയ ഉണ്ട്. മഞ്ഞിൽ വിരിഞ്ഞ പുഷ്പം പോലെ കണ്ണുനീർ ഈറനാക്കിയ മിഴികളുമായി സ്വപ്നത്തെ പുൽകാൻ വെമ്പിയ ആ ക‌ണ്ണുകൾ. സ്നേഹം കൊതിച്ച ശരീരം. ചുരത്താൻ വേണ്ടി വെമ്പിയ മാറിടം. എല്ലാം എല്ലാം നിഷേധിക്കപ്പെട്ടപ്പോൾ ലിഡിയയ്ക്ക് ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. കള്ളം പറയുക. അതിന് ഏറ്റവും വല്ല വേദിയായി സലോമിയുടെ പ്രസവം. 

the-rapture1

സലോമി എത്രമാത്രം സ്വന്തം കുട്ടിയെ സ്നേഹിച്ചാലും ആ കുട്ടിയുടെ ജനനത്തിന്റെ ധാർമികാവകാശി ലിഡിയ ആണ്. അവൾ മാത്രമാണ്. സലോമിയുടെ പ്രസവത്തിന്റെ ദൃശ്യങ്ങൾ വിശദമായി തന്നെ ചിത്രം കാണിക്കുന്നുണ്ട്. മിഡ് വൈഫ് എന്ന നിലയിൽ ലിഡിയയുടെ വിശ്രമമില്ലാത്ത കഠിനാധ്വാനവും. ഒരു കുട്ടിയുടെ പിറവി. ഏതോ കുട്ടിയല്ല. ഞാനും നിങ്ങളും. നമ്മൾ. ആര് ഓർക്കുന്നുണ്ട് നമ്മെ ഏറ്റുവാങ്ങിയ മിഡ് വൈഫിനെ. അങ്ങനെയൊരാൾ ഉണ്ടോ. ഉണ്ടെങ്കിൽ അതാരാണ്. അവർക്കെന്ത് സമ്മാനമാണ് കൊടുക്കേണ്ടത്. സംശയിക്കേണ്ട. സ്വന്തം ജീവിതം തന്നെ. ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു എന്ന വാക്കുകൾ തന്നെ. 

ദ് അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിനു ശേഷം 28–ാം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ഒരു ചിത്രമുണ്ടെങ്കിൽ അത് റപ്ചർ ആണ്. ഇറിസ് കാൾട്ടൻബാക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രം. 

ഹഫ്സിയ ഹെർസി. ഒരു നടിക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം അഭിനയിക്കാൻ കഴിയുന്ന വേഷമാണ് ഹഫ്ലിയ റപ്ചറിൽ ചെയ്തത്. ചിത്രീകരണം കഴിഞ്ഞ ശേഷം ദിവസങ്ങളും മാസങ്ങളും കഴിഞ്ഞതിനു ശേഷവും ലിഡിയയിൽ നിന്ന് നിങ്ങൾക്കു മോചനം പ്രാപിക്കാൻ കഴിഞ്ഞു എന്ന് നിങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തിയാലും ആരും വിശ്വസിക്കാൻ പോകുന്നില്ല. കാരണം അത് ഒരു പകർന്നാട്ടം ആയിരുന്നില്ല. അഭിനയം പോലും ആയിരുന്നില്ല. ജീവിതം തന്നെ ആയിരുന്നു. അല്ലെങ്കിൽ ഏത് അഭിനയമാണ് ജീവിതമല്ലാതിരുന്നിട്ടുള്ളത്. 

സത്യം ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമായിരിക്കുന്നതിനെക്കുറിച്ച് എത്രയോ പേർ പറഞ്ഞിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്നാൽ, കള്ളം സ്വന്തം ജീവിതത്തിന്റെ ആധാരവും അടിസ്ഥാനവും ആയിരിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ. ഇല്ലെങ്കിൽ റപ്ചർ കാണുക. കള്ളമാണ് ഈ ചിത്രത്തിന്റെ തിരക്കഥ. കഥ. സംവിധാനം. നിർമാണം. അഭിനയം. എന്നാൽ സത്യത്തേക്കാൾ വലിയ കള്ളമെന്ന് തിരുത്തി വായിക്കേണ്ടിവരുമെന്നു മാത്രം. 

ജൻമനാ കള്ളം പറഞ്ഞു തുടങ്ങുകയായിരുന്നില്ല ലിഡിയ. കിടക്ക പങ്കിട്ട കാമുകൻ തലേന്ന് മറ്റൊരു സ്ത്രീക്കൊപ്പം ഉറങ്ങിയെന്നു കേൾക്കുമ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്നായിരുന്നു തുടക്കം. നീ അവളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്കറിയില്ല എന്നായിരുന്നു അയാളുടെ മറുപടി. അതളവളെ തകർത്തു. അവളുടെ ഹൃദയം തകർത്തു. ശരീരരത്തെ ഇനിയൊരിക്കലും ഒരു വസന്തവും സ്വപ്നം കാണാൻ അവാത്ത മരുഭൂമിയിലേക്കു ആട്ടിത്തെളിച്ചു.അത് അവൾ അർഹിച്ചിരുന്നോ ? 

ഒരു കള്ളം. ഒരൊറ്റ കള്ളം. അത് ലിഡിയയുടെ ജീവിതം മാറ്റിമറിച്ചു. അതിലൂടെ നേടിയ കാമുകൻ, ജീവിതം, മകൾ.....എന്നാൽ, ആ കള്ളത്തിനു പിന്നിൽ, കഠിനാധ്വാനത്തിന്റെ ഒരു ചരിത്രം കൂടിയുണ്ട്. സലോമിയുടെ പ്രസവത്തിന്റെ ദൃശ്യം തന്നെ അതിന് സാക്ഷ്യം. അതിന് സാക്ഷി മാത്രമായിരുന്നില്ല ലിഡിയ. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത വ്യക്തി കൂടിയാണ്. എന്നാൽ, അതുകൊണ്ടുമാത്രം സലോമിക്കു ജനിച്ച കുട്ടിയെ ഉത്തരവാദിത്തം ലിഡിയയ്ക്ക് ലഭിക്കുമോ. ഇല്ലെന്നാണ് നിയമത്തിന്റെ വ്യാഖ്യാനം. കീഴ്വഴക്കങ്ങളുടെ പതിവ്. അതിനെ ആര് ലംഘിച്ചാലും അവരെ കാത്തിരിക്കുന്നത് ജയിലഴികളാണ്. തടവും ഏകാന്തതയുമാണ്. 

ലിഡിയ, മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം തിരിച്ചുവരുമ്പോൾ, ചുറ്റും നോക്കുക. അവിടെ ഒരാൾ കാത്തിരിക്കാനുണ്ടാകും. വാക്ക് തരുന്നു. വെറും വാക്കല്ല. ജീവിതത്തിന്റെ ഉറച്ച ഉറപ്പ്. വേഗം വരൂ. കാരിരുമ്പഴികൾ തകർത്ത്. സ്നേഹപ്രവാഹമായ്......

English Summary:

The Rapture Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com