ADVERTISEMENT

സലാറിന് സലാം. മാസ് ആക്ഷൻ സിനിമകളുടെ ആരാധകരുടെ മനം നിറയ്ക്കുന്ന തീയറ്റർ അനുഭവമാണ് സലാർ. റിബൽ സ്റ്റാർ പ്രഭാസിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ച തെലുങ്ക് ആസ്വാദകരുടെ മനം നിറയ്ക്കുന്ന സിനിമ. അഭിനയത്തിൽ പ്രഭാസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് നിറ‍ഞ്ഞു നിൽക്കുന്ന സിനിമ. അതിർത്തികൾ മാറ്റിവരച്ച് സിനിമാലോകത്ത് തന്റെ സാമ്രാജ്യം തീർക്കാനിറങ്ങിയ പൃഥ്വിരാജിന്റെ പ്രകടനത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. പൃഥ്വി–പ്രഭാസ് കെമിസ്ട്രി കൃത്യമായി വെള്ളിത്തിരിയൽ വർക്കാവുന്നുണ്ട് എന്നതു കൊണ്ട് ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കാം.

ലോജിക്ക് മൂന്നായി മടക്കി പോക്കറ്റിലിട്ട് തെലുങ്ക് കന്നഡ സിനിമകളുടെ കഥയും കഥാപശ്ചാത്തലവും ആക്ഷൻ ശൈലിയും കാണാൻ ടിക്കറ്റെടുക്കുന്നവർക്ക് കാശ് മുതലാവുന്ന സിനിമയാണ് സലാർ.

കെജിഎഫിനെ  ഓർമിപ്പിക്കുന്ന തരത്തിൽ പഞ്ച് ഡയലോഗുകളുടെ പൂരം. അടിമുടി തീപ്പൊരി പറക്കുന്ന സിനിമാറ്റോഗ്രഫി. ഒന്നൊന്നര ഗ്രാഫിക്സ്. നെഞ്ചിടിപ്പേറ്റുന്ന ബിജിഎം. കരിമ്പിൻകാട്ടിൽ ആനയിറങ്ങിയതുപോലുള്ള പ്രഭാസിന്റെ ഇടിവെട്ട് ആക്ഷൻ വെള്ളിത്തിരയെ ചോരയിലും തീയിലും മുക്കിയെടുക്കുന്നു. 

ആയിരം വർഷമായി പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ഖാൻസാർ എന്ന സാങ്കൽപ്പിക നഗരത്തിലാണ് കഥ നടക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച ഇടം. കുറ്റകൃത്യങ്ങളിലൂടെ പണം കുമിഞ്ഞുകൂടിയ ഖാൻസാറിനെ അടക്കിവാഴുന്ന മൂന്നുഗോത്രങ്ങൾ. അധികാരത്തിനായി അവരുടെ പോരാട്ടങ്ങൾക്കിടെ അടിച്ചമർത്തപ്പെട്ട ഒരു ഗോത്രം. ഇത്രയുമാണ് സലാറിന്റെ പശ്ചാത്തലം. 1985 മുതൽ 2017 വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. സിനിമ കാണുമ്പോൾ ഇതൊക്കെ പരസ്പരം ബന്ധിപ്പിച്ച് മനസിലാക്കിയെടുക്കാൻ സാവകാശം കിട്ടിയെന്നുവരില്ല.

തനിക്കവകാശപ്പെട്ട സിംഹാസനം തന്റെ സ്നേഹിതനു നേടിക്കൊടുക്കാൻ ആയുധം കയ്യിലേന്തി പോരിനിറങ്ങുന്ന ഉറ്റ സ്നേഹിതൻ. മകന്റെ കയ്യിലേക്ക് ആയുധം വരുന്നതിനെ ഭയക്കുന്ന ഒരമ്മ. ആ സ്നേഹത്തിനു വേണ്ടി 25 വർഷം നിശ്ശബ്ദനായിരുന്ന അവൻ തന്റെ ഉറ്റ സുഹൃത്തിനു വേണ്ടി ജന്മനാട്ടിലേക്ക് തിരികെ വരികയാണ്. 

‘ഞങ്ങളുടെ രക്തത്തിലുണ്ട് വയലൻസ്’ എന്നു പ്രഖ്യാപിക്കുന്ന രാജമന്നാറാണ് ആ നഗരത്തിന്റെ അധിപൻ. അയാളുടെ രക്തത്തിൽ പിറന്ന വരദരാജ മന്നാർ അധികാരത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയാണ്. തന്റെ സുഹൃത്തായ ദേവയുടെ കുടുംബം രക്ഷിക്കാൻ തനിക്കവകാശപ്പെട്ട പ്രദേശത്തിന്റെ അധികാരം വിട്ടുകൊടുക്കാൻ തയാറായവനാണ് വരദൻ. എപ്പോൾ വിളിച്ചാലും സഹായത്തിന് വേട്ടക്കാരനായോ വേട്ടമൃഗമായോ താൻ തിരികെവരുമെന്ന് വാക്കുകൊടുത്ത് നാടുവിടുകയാണ് ദേവയും അമ്മയും.

ആ നാട്ടിലെ നിയമസംഹിതപ്രകാരം പരസ്പരം വെടിനിർത്തൽ പ്രഖ്യാപിച്ച ഒൻപതു ദിവസം. ആ ഒൻപതു ദിവസം വരദന്റെയും ദേവയുടെയും ജീവിതം എങ്ങനെ മാറിമറി‍ഞ്ഞുവെന്നാണ് സലാർ ഒന്നാംഭാഗത്തിൽ പറയുന്നത്.

കത്തിയെരിയുന്ന തീക്കനലിന്റെ ചുവപ്പിനേക്കാൾ കുത്തിയൊഴുകുന്ന ചോരയുടെ ചുവപ്പിനാണ് ഭംഗി എന്ന് വരദൻ ജെയിലറയ്ക്കുള്ളിൽവച്ച് ദേവയോടു പറയുകയാണ്. കയ്യിലെ  വിലങ്ങുകളൊക്കെ പൂവുപോലെ വലിച്ചെറിഞ്ഞ് അവസാന അരമണിക്കൂറിൽ പ്രഭാസിന്റെ അഴിഞ്ഞാട്ടമാണ്. തലകൾ തെറിക്കുന്നു. ശരീരങ്ങൾ ചിതറിത്തെറിക്കുന്ന. വെള്ളിത്തിരയിൽ ചോരയിങ്ങനെ നിറഞ്ഞൊഴുകുന്നു.

കെജിഎഫിന്റെ പശ്ചാത്തലത്തിൽ തോക്കുമേന്തി ബാഹുബലി വന്നിറങ്ങിയാൽ എങ്ങനെയിരിക്കും? പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുമ്പോൾ ആരാധകരും ആക്ഷൻസിനിമാപ്രേമികളും കാണാൻ കാത്തിരിക്കുന്നതെന്താണോ അതിന് ഒരുപടി മുകളിൽ നിൽക്കുന്ന സിനിമയാണ് സലാർ.

പക്ഷേ, പ്രശാന്ത് നീലിന്റെ ആദ്യ സിനിമയായ കെജിഎഫിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധയോടെയാണ്. ഓരോ കഥാപാത്രവും ആരാണെന്നും കഥയിൽ അയാളുടെ സ്ഥാനം എന്താണെന്നും വ്യക്തമായി വരച്ചിട്ട ശേഷമാണ് കെജിഎഫിൽ കഥ മുന്നോട്ടുപോയത്. സലാറിൽ അത്ര വ്യക്തയില്ലെന്നു സംശയിക്കണം. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയുടെ ആദ്യപകുതിയിൽ ആര്, ആരൊക്കെ എന്തൊക്കെ  ചെയ്യുന്നുവെന്ന് പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാൻ ഏറെ സമയം വേണ്ടിവരുന്നുണ്ട്. അത് കൃത്യമാവുന്നത് രണ്ടാംപകുതിയിലെ കഥ പറച്ചിൽ തുടങ്ങുമ്പോഴാണ്. ഒരു പക്ഷേ, അത്രയേറെ സംഭവങ്ങൾ കുത്തിനിറച്ചതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. പക്ഷേ ഇതൊന്നും സലാറിന്റെ തീയറ്റർ അനുഭവത്തിനു വെല്ലുവിളിയാവുന്നില്ല. ഒരു നിമിഷം പോലും സ്ക്രീനിൽനിന്നു കണ്ണെടുക്കാൻ പ്രേക്ഷകനു കഴിയാത്ത രീതിയിൽ പ്രശാന്ത് നീൽ സിനിമ ഒരുക്കിയിട്ടുണ്ട്. കണ്ണെടുക്കാൻ പറ്റാത്തതുകൊണ്ട് തലവേദന വന്നവരും ഉണ്ടാവാം.

പുലിമുരുകനിൽ ഡാഡി ഗിരിജയായെത്തിയ ജഗപതി ബാബുവും ബോബി സിംഹയും ടിനു ആനന്ദുമൊക്കെ അഭിനയത്തികവുമായി കത്തിക്കയറുന്നുണ്ട്. ബ്ലാക്കിലും ഭരത് ചന്ദ്രനിലുമൊക്കെ നായികയായെത്തിയ ശ്രിയ റെഡ്ഡിയും അതിശക്തമായ കഥാപാത്രവുമായെത്തുന്നുണ്ട്. നായികയായെത്തിയ ശ്രുതി ഹാസന് കഥ കേട്ടിരിക്കുന്നതിലുമപ്പുറം കാര്യമായൊന്നും ചെയ്യാനില്ല. ഭുവന് ‍ഗൗഡയുടെ ക്യാമറ ഓവർടൈം ജോലിചെയ്തിട്ടുണ്ട്.വിജയ് ബസ്രുരിന്റെ സംഗീതം കഥയ്ക്ക് പഞ്ചുണ്ടാക്കാൻ കാര്യമായ പിന്തുണ നൽകുന്നുമുണ്ട്. ഇത്രയും കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമ എഡിറ്റ് ചെയ്ത ഉജ്വൽ കുൽക്കർണിയെ സമ്മതിക്കണം.

ലോജിക്കിനെ കുറിച്ച് മിണ്ടിപ്പോവരുത് എന്നതാണ് മറ്റൊരു കാര്യം. പരുത്തിത്തുണിയുടുത്ത് കഴുത്തിൽ വളയമിട്ട് അവതരിപ്പിക്കുന്ന ഗോത്രവർഗങ്ങളുടെ കഥയാണ്. പക്ഷേ അവർ പരസ്പരം പോരാടാൻ റഷ്യ മുതൽ അഫ്ഗാൻ വരെയുള്ള രാജ്യങ്ങളിലെ പോരാളികളും ആയുധങ്ങളുമാണ് കൊണ്ടുവരുന്നത്. ഖാാൻസാർ നഗരത്തിൽ ഒരു നിമിഷം ലണ്ടൻ ബ്രിഡ്ജ് പോലും മിന്നിമറിഞ്ഞോ എന്നു സംശയമുണ്ട്. പല കഥാപാത്രങ്ങളും വാക്കുകൾ തപ്പിപ്പോവുമ്പോൾ ഇംഗ്ലിഷ് എടുത്ത് വീശി കട്ടയ്ക്ക് പഞ്ച് ഡയലോഗ് വീശുന്നുമുണ്ട്. കെജിഎഫിലെ മൈനിങ്ങ് പശ്ചാത്തലം ഇത്തവണയും പ്രശാന്ത് നീൽ വിട്ടിട്ടില്ല. സാധാരണ പ്രേക്ഷകർക്ക് ഇക്കഥ എങ്ങോട്ടാണ് പോവുന്നത്, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നൊക്കെയാലോചിച്ച് ചിലപ്പോൾ തല പെരുക്കും. പക്ഷേ ഇതൊന്നും ചിന്തിക്കാതെ അരയും തലയും മുറുക്കി ഈ അവധിക്കാലത്ത് അടിച്ചുപൊളിച്ചുകാണാൻ പറ്റിയ ഒരു ആക്ഷൻ സിനിമയെന്ന രീതിയിൽ സലാർ ഗംഭീര തീയറ്റർ അനുഭവമാണ്.

റിബൽ സ്റ്റാർ പ്രഭാസിന് 'ആദിപുരുഷി'ന്റെ ക്ഷീണം സലാറിലൂടെ മാറും.  ഒരു മുഴുനീള മാസ് ആക്ഷൻ എന്റർടൈൻമെന്റ് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും സലാറിന് ടിക്കറ്റ് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com