ADVERTISEMENT

നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്.  ബിനു അടിമാലി തന്റെ ക്യാമറ തല്ലിത്തകർക്കുകയും റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്‌ബുക് പേജ് ജിനേഷ് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു തർക്കം. ബിനുവിന്റെ ഭീഷണി വോയ്സ് ക്ലിപ്പ് അടക്കം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ജിനേഷ്, കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയത് തനിക്കുള്ള ചീത്തപ്പേരു മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ആരോപിക്കുന്നുണ്ട്.

ജിനേഷിന്റെ വാക്കുകൾ ഇങ്ങനെ:

‘‘ഞാനും ബിനു അടിമാലിയും തമ്മിൽ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിനുശേഷം ബിനു അടിമാലി, കൊല്ലം സുധിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. സുധിയുടെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീൽ ചെയർ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. സിംപതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോ​ഗിച്ചത്.  

സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്, ‘ഇതോടെ എന്റെ  ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ്. അങ്ങനെയാണ് സുധിയുടെ വീട്ടിൽ ചെന്നപ്പോൾ കാറിൽനിന്ന് ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വിഡിയോയുമെടുക്കാൻ എന്നെയും വിളിച്ചിരുന്നു. പക്ഷേ വിഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താൽ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിലിട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെ മറ്റൊരു യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി കൊടുത്തിരുന്നു. അത് ഞാൻ ചേട്ടനോടു പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്നത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.  

ഞങ്ങൾ തമ്മിൽ പിരിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ വളരെ പഴ്സനൽ ആയ കാര്യമായതുകൊണ്ട് ഞാൻ പുറത്തു പറയുന്നത് ശരിയല്ല. മൂന്നു വർഷം ബിനു ചേട്ടന്റെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ അവിടുത്തെ സാറിന് കാര്യം മനസ്സിലായി.  

പലതവണ അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫെയ്സ്ബുക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റാതെ പോയതെന്ന് പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായി. പിന്നെയും ബിനു ചേട്ടൻ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി.  

അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെൺമക്കളാണ്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പക്ഷേ വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. പിന്നീട് വീണ്ടും ബിനു ചേട്ടൻ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോ​ഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പൊലീസിൽ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.’’–ജിനേഷിന്റെ വാക്കുകള്‍.

പൊളിഞ്ഞ വാതിലിന്റെ വിഡിയോ അടക്കമുള്ള രേഖകളാണ് യൂട്യൂബ് ചാനലിലൂടെ ജിനേഷ് പുറത്തുവിട്ടത്. വിഡിയോയുടെ അവസാനം ബിനു അടിമാലിയുടെ ഭീഷണി വോയ്സ് മെസേജും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് തമാശകളും ദ്വയാർഥ പ്രയോഗങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലടക്കം വിമർശിക്കപ്പെട്ടിട്ടുണ്ട്. അതുമാറി സഹതാപം ലഭിക്കാൻ വേണ്ടിയാണ് കൊല്ലം സുധിയുടെയും മഹേഷ് കുഞ്ഞുമോന്റെയും വീടുകൾ സന്ദർശിക്കുന്ന വിഡിയോകൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തന്നെ നിർബന്ധിച്ചതെന്നാണ് ജിനേഷിന്റെ ആരോപണം.

സംഭവത്തിൽ ബിനു അടിമാലിയുടെ പ്രതികരണം തേടി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

English Summary:

Photographer Jineesh against actor Binu Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com