ADVERTISEMENT

പാട്ടും വീട്ടുവിശേഷങ്ങളുമായി എന്നും മലയാളികൾക്കൊപ്പമുള്ള പ്രിയ ഗായികയാണ് അമൃത സുരേഷ്. വേദിയിലും സിനിമയിലുമെന്ന പോലെ സമാന്തര സംഗീതരംഗത്തും സജീവമായ അമൃതയുടെ ഏറ്റവും പുതിയ സംഗീത സൃഷ്ടി ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നുള്ളതാണ്. ആ പാട്ടുവഴിയിലേക്കെത്തിയതിനേയും പാട്ടിനൊപ്പം സഞ്ചരിക്കുമ്പോഴും സ്വകാര്യജീവിതത്തെ കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വന്നിട്ടുമുണ്ട് അമൃതയ്ക്ക്. സംഗീതത്തിലേക്കു വന്നുചേരുന്ന മാറ്റങ്ങളേയും തീരുമാനങ്ങളേയും കുറിച്ച് അമൃത മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

അച്ഛന്‍ തുറന്നിട്ട വാതിലാണ് ഹിന്ദുസ്ഥാനി
 

പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഏറ്റവും പ്രചോദിപ്പിക്കുന്നതും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതമാണ്. എന്നാൽ ഹിന്ദുസ്ഥാനി സംഗീതത്തിന് കേരളത്തിൽ ജനകീയത കുറവാണെന്നു തോന്നിയിട്ടുണ്ട്. ആ സംഗീതം പഠിച്ചവര്‍ക്കു ദൈര്‍ഘ്യമുള്ള ആലാപ് പാടുന്നത് എന്തിനാണെന്നറിയാനാകും. പക്ഷേ പുറമേയുള്ളവര്‍ക്ക് ഇതെന്തിനാണ് പാടുന്നതെന്നു തോന്നും. അവര്‍ക്ക് അത് കേട്ടിരിക്കാനുള്ള ക്ഷമ ഉണ്ടെന്നു തോന്നുന്നില്ല. എന്റെ തന്നെ വളരെ അടുത്ത ഒരു സൗഹൃദ സംഘത്തിനിടയില്‍ പാടിയപ്പോള്‍ പോലും അവര്‍ക്ക് അത് ബോര്‍ ആയി തോന്നി. പക്ഷേ അതിന്റെ ലൈറ്റ് വേര്‍ഷന്‍ പാടിയപ്പോള്‍ ഇഷ്ടമായി. അവിടെ നിന്നാണ് ഇങ്ങനെയൊരു സീരീസ് ഓഫ് മ്യൂസിക് വിഡിയോ ചെയ്യാനുള്ള ആശയം കിട്ടിയത്. പ്രശസ്തമായ കുറച്ചു ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങളുടെ ലളിതമായ പതിപ്പാണ് ഈ വിഡിയോകളിലുള്ളത്.

ഭൂമിശാസ്ത്രപരമായുള്ള വ്യത്യാസം തന്നെയാണ് പ്രധാനമായും ഹിന്ദുസ്ഥാനിയെ മലയാളികള്‍ക്ക് അത്ര താല്‍പര്യമില്ലാത്ത ഒന്നാക്കി മാറ്റിയതെന്നു തോന്നുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ സാഹിത്യ വശം മലയാളികള്‍ക്ക് അത്ര പരിചിതമല്ല. ഭാഷാപരമായ വ്യത്യാസവുമുണ്ട്. നമുക്ക് കൂടുതല്‍ പരിചയം കര്‍ണാടിക് സംഗീതമാണ്. കാരണം നമ്മുടെ വിശ്വാസങ്ങള്‍, ഭാഷ എന്നിവയൊക്കെ കൂടുതലും ദക്ഷിണേന്ത്യയുമായാണു ചേര്‍ന്നുനില്‍ക്കുന്നത്. നമുക്ക് മനസ്സിലാകുന്നതും ആ സംഗീതമാണ്. പക്ഷേ ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ പുതിയ കുട്ടികള്‍ ഹിന്ദുസ്ഥാനി സംഗീതത്തോടു വലിയ ഇഷ്ടമുള്ളവരും അത് പഠിക്കുന്നവരുമാണ്. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും ആലപിക്കുന്നതില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പിച്ച് സെലക്‌ഷനിലും ഗമകങ്ങളിലും ആലാപന രീതിയിലുമൊക്കെ ഏറെ വ്യത്യാസങ്ങൾ കാണാനാകും. പക്ഷേ രാഗങ്ങള്‍ ഒന്നുതന്നെയാണ്. ഇരു സംഗീത ശൈലിയിലും രാഗങ്ങളുടെ പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നേയുള്ളൂ.

amrutaa1
അമൃത സുരേഷ് Image Credit: Facebook/Amrutha Suresh

ഗായകരുടെ സ്വരവും ആലാപനവും പരുവപ്പെടുത്തുന്നത് ശാസ്ത്രീയ സംഗീത പഠനത്തിലൂടെയാണ്. അതാണ് സംഗീതത്തില്‍ നമുക്ക് അടിസ്ഥാനം. ഞാന്‍ കര്‍ണാട്ടിക് സംഗീതമാണ് പഠിച്ചുതുടങ്ങിയത്. അച്ഛൻ എനിക്കു ഹിന്ദുസ്ഥാനി സംഗീതം പരിചയപ്പെടുത്തി. എന്റെ ശബ്ദത്തിലെ പ്രത്യേകത മനസ്സിലാക്കിയിട്ടായിരിക്കണം അങ്ങനെ ചെയ്തത്. ഞാൻ രണ്ടും പാടാറുണ്ട്. പക്ഷേ എനിക്കിപ്പോള്‍ കേള്‍ക്കാനും പ്രാക്ടീസ് ചെയ്യാനും കൂടുതല്‍ അടുത്തറിയാനും ഇഷ്ടം ഹിന്ദുസ്ഥാനി സംഗീതമാണ്.

ഇപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല
 

വിവാദങ്ങള്‍ ഒന്നും ജീവിതത്തില്‍ ബാധിച്ചിട്ടില്ല എന്നു പറഞ്ഞു കഴിഞ്ഞാല്‍ അത് ഒരു നുണയായിരിക്കും. കാരണം എന്റെ കാര്യം നോക്കിയാല്‍ അറിയാം എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരുന്നതാണ് വിവാദങ്ങള്‍. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഘട്ടം വരെ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം എന്തുപറഞ്ഞാലും സംഗീതം എന്ന് പറയുന്നതൊരു ക്രീയേറ്റീവ് സ്‌പേസ് ആണ്. മനസ്സിൽ സമാധാനമുള്ളപ്പോള്‍ മാത്രമേ പൂര്‍ണമായും മനസ്സര്‍പ്പിച്ചു പാടാന്‍ സാധിക്കൂ. ഒരു സിനിമയില്‍ പാട്ടുപാടാന്‍ ചെന്നാലും സംഗീതസംവിധായകന്‍ പറഞ്ഞുതരുന്ന ട്യൂണ്‍ അനുസരിച്ച് മാത്രം പാടിയാല്‍ പോര, ആ സിനിമയില്‍ അത് ഏത് രംഗത്തിലാണ് വരുന്നത്, ആ രംഗത്തെ ഇമോഷന്‍സ്, കഥാപാത്രത്തിന്റെ രീതികള്‍ ഇതെല്ലാം നോക്കി വേണം പാടാന്‍. അതിനൊരു പീസ് ഓഫ് മൈന്‍ഡ് ആവശ്യമാണ്. എങ്കിലും ഒരു പാട്ട് പാടാന്‍ വിളിക്കുമ്പോള്‍ എന്ത് സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും സ്വാഭാവികമായും ആ മൂഡിലേക്കു വരികയും അത് പാടി തീര്‍ക്കുകയും ചെയ്യും. പക്ഷേ ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ മ്യൂസിക് ആല്‍ബം പോലെ സ്വന്തമായിട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച കുറേ കാര്യങ്ങള്‍ വിവാദങ്ങള്‍ കാരണം, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകാതിരുന്നിട്ടുണ്ട്. അല്ലെങ്കില്‍ അത് ചെയ്തു തീര്‍ക്കാനുള്ള കാലയളവിനൊരുപാട് ദൈര്‍ഘ്യം വന്നിട്ടുണ്ട്. 

അമൃത സുരേഷ് Image Credit: Facebook/Amrutha Suresh
അമൃത സുരേഷ് Image Credit: Facebook/Amrutha Suresh

ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറി. വിവാദങ്ങളോട്, അത് ഏതറ്റം വരെ പോകുമെന്ന്, അതില്‍ വീണുകിടന്നാല്‍ എന്റെ പ്രഫഷനല്‍ ജീവിതത്തില്‍ വരുന്ന നഷ്ടമെന്തൊക്കെയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തു. അതുപോലെ മനസ്സുകൊണ്ടു പാകപ്പെടുകയും ചെയ്തു. മാത്രമല്ല, ഞാന്‍ നടത്തിയ പ്രതികരണത്തിനും ഒരു വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ എന്നെക്കുറിച്ചും എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ ആളുകള്‍ക്കുണ്ടായിരുന്ന ധാരണകളും കുറേ മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ നിന്നും അതു വ്യക്തമാണ്. മുന്‍പ് എന്ത് കാര്യം സംഭവിച്ചാലും എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് തരത്തില്‍ ഉറക്കെ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു പരിധി വരെ അതിനു മാറ്റം വന്നിട്ടുണ്ട്. എന്റെ ഭാഗത്തെ ശരികളെ അവര്‍ ഉള്‍ക്കൊണ്ടുതുടങ്ങിയിരിക്കുന്നു.

നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്. നല്ല രീതിയിലുള്ള തുറന്നുപറച്ചിലുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. അതു മനസ്സില്‍ തരുന്ന സമാധാനത്തിന് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചു വലിയ മൂല്യമുണ്ട്. ഇന്ന് ഞാന്‍ അത് അറിയുന്നു. ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നു പൂർണമായി തുറന്നുപറഞ്ഞില്ലെങ്കിലും എന്താണു സംഭവിച്ചതെന്നു കുറേയെങ്കിലും തുറന്നുപറഞ്ഞത് എനിക്കു വലിയ ആശ്വാസം നല്‍കി. ആ വെളിച്ചത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. പക്ഷേ എല്ലാത്തിനും ഉപരിയായി വേദികളാണ് ഇത്രയും വലിയ വിവാദങ്ങള്‍ക്കിടയിലും തകര്‍ന്നു പോകാതെ എന്നെ പിടിച്ചു നിര്‍ത്തിയത്. വേദികള്‍ തരുന്ന ഊർജം അത്രമാത്രം വലുതാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും വേദിയിലെത്തിയാല്‍ പിന്നെ ഞാനെല്ലാം മറന്നുപാടും. 

amruta-6
മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം അമൃത സുരേഷ് Image Credit: Instagram/Amrutha Suresh

നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നില്ല, പക്ഷേ ഒപ്പമുണ്ട്
 

പാപ്പുവിനെ ഇതുവരെയും നിര്‍ബന്ധിച്ചു പാട്ട് പഠിപ്പിച്ചില്ല. കാരണം എന്നിലേക്കു സംഗീതമെത്തിയത് അച്ഛനില്‍ നിന്നും അച്ഛമ്മയില്‍ നിന്നുമൊക്കെയാണ്. അവര്‍ പാടുന്നതു കേട്ടാണ് എനിക്കും സംഗീതത്തോടു താല്‍പര്യം തോന്നിത്തുടങ്ങിയത്. അതുകൊണ്ട് ഞാന്‍ എന്റെ ഇഷ്ടത്തിനനുസരിച്ചു പാട്ട് പഠിക്കാന്‍ അവളെ എവിടെയും കൊണ്ടുവിട്ടില്ല. പാട്ടു പഠിക്കാന്‍ പോകുന്നുണ്ടെങ്കിലും നിര്‍ബന്ധിച്ചു കൊണ്ടാക്കിയതല്ല. അവള്‍ ഒത്തിരി പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അവളുടെ പ്രായത്തിലുള്ള ഇപ്പോഴത്തെ കുട്ടികളെ പോലെ അവള്‍ക്കും വെസ്‌റ്റേണ്‍ സംഗീതത്തോടു വലിയ ഇഷ്ടമാണ്. പക്ഷേ സംഗീതത്തില്‍ ഞാനും അവളെ ഒപ്പം കൂട്ടാറുണ്ട്. പ്രാക്ടീസ് ചെയ്യുമ്പോഴും സംഗീത സംബന്ധമായ തീരുമാനമെടുക്കുമ്പോഴുമൊക്കെ അവളെയും ഒപ്പം കൂട്ടും. അവളെപ്പോഴും പറയും ഞാന്‍ മമ്മിയുടെ വലിയ ഫാന്‍ ആണ് എന്ന്. അവള്‍ക്ക് എന്റെ പാട്ടുകളും വേദികളും വലിയ ഇഷ്ടമാണ്. അവളെ കൂടി കൊണ്ടുപോകാന്‍ കഴിയുന്ന വേദികളാണെങ്കില്‍ ഞാന്‍ അവളെ കൂടെ കൂട്ടും. പണ്ട് അമ്മ എന്റെ ഓരോ പ്രോഗ്രാമിനും വന്നിരുന്ന സമയത്ത് അമ്മയുടെ മുഖത്തുണ്ടായിരുന്ന കൗതുകം എനിക്ക് അവളുടെയും മുഖത്ത് കാണാം. അത് വലിയ സന്തോഷമാണ്. ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് പാപ്പുവും സംഗീതവും തമ്മില്‍. അഥവാ അവളെ പ്രോഗ്രാമിന് കൂടെ കൂട്ടിയില്ലെങ്കില്‍ വരുമ്പോള്‍ ഒരുപാട് കൗതുകത്തോടെ ചോദിക്കും. മമ്മി ഏതുപാട്ടാണ് പാടിയത്, എങ്ങനെയുണ്ടായിരുന്നു എന്നൊക്കെ. അതൊക്കെയല്ലേ ഉള്ളു ഈ പ്രായത്തില്‍ അവള്‍ക്കെന്നോടു ചോദിക്കാന്‍.

അച്ഛനാണ് ജീവിതത്തിന്റെ താളം
 

അച്ഛനാണ് എന്റെ ജീവിതത്തിന്റെ സംഗീതം. എന്നെ സംഗീതത്തിലേക്കു കൈപിടിച്ച, സംഗീത ലോകം എന്താണെന്നു മനസ്സിലാക്കി തന്നൊരാള്‍ മാത്രമല്ല, സംഗീതം പഠിക്കുക അതിനൊപ്പം ജീവിക്കുക എന്നതിനപ്പുറം ഒരു ആര്‍ടിസ്റ്റിന് വ്യക്തിപരമായി എന്തൊക്കെ മൂല്യങ്ങളാണു വേണ്ടതെന്നും പഠിപ്പിച്ചു തന്നു. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു അച്ഛന്‍. എന്റെ ജീവിതത്തെ തന്നെ അച്ഛനു മുന്‍പും ശേഷവും എന്നു രണ്ടായി തിരിക്കാം. ഇപ്പോള്‍ അച്ഛന്‍ പോയി കഴിഞ്ഞതിനു ശേഷം ഓരോ ഇടത്തേക്കു ചെല്ലുമ്പോള്‍ സുരേഷേട്ടന്റെ മകള്‍ എന്നാണ് പലരും എന്നെ വിളിക്കാറുള്ളത്. അച്ഛനെ കുറിച്ച്  നല്ലതു മാത്രമേ അവര്‍ക്കു പറയാനുള്ളു. മുന്‍പ് എന്തു പാടിയാലും അത് റെക്കോർഡ് ചെയ്ത് ആദ്യം അച്ഛന് അയച്ചുകൊടുക്കും. ഇപ്പോഴും ആ പതിവ് തുടരുന്നുണ്ട്. അച്ഛന്റെ വാട്സ് ആപ്പിലേക്ക് അയയ്ച്ചിട്ടേ ഞാന്‍ മറ്റാര്‍ക്കും അയയ്ക്കാറുള്ളൂ. അപ്പുറത്ത് അച്ഛനുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ ചിന്തിച്ചു മുന്നോട്ടു പോകുന്നതു കൊണ്ടാണ് എനിക്കിങ്ങനെ നില്‍ക്കാനാകുന്നത്.

amruta8
അമൃതയുടെ മാതാപിതാക്കളായ സുരേഷും ലൈലയും Image Credit: Instagram/Amrutha Suresh

എന്റെ ആത്മീയ ലോകം
 

ഞാന്‍ മുന്‍പേ തന്നെ എല്ലായിടത്തും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്റെ അച്ഛനും അമ്മയും ഞാന്‍ ജനിക്കുന്നതിനു മുന്നേ തന്നെ മാതാ അമൃതാനന്ദമയിയുടെ ഭക്തരായിരുന്നു. അതുകൊണ്ടു ഞങ്ങള്‍ ജനിച്ചു കഴിഞ്ഞപ്പോഴും ഞങ്ങളിലേക്കും ആ ഭക്തി അച്ഛനും അമ്മയും പകര്‍ന്നു തന്നു. നമ്മുടെ രക്തത്തിലേക്കു ചേര്‍ത്തു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഞങ്ങളുടെ ജീവിതത്തിന്റെ അല്ലെങ്കില്‍ നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ് പ്രാർഥനയും മെഡിറ്റേഷനും ആശ്രമവുമെല്ലാം. ഇന്നും അതങ്ങനെ തന്നെ. റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തുന്നതിനു മുന്നേ 

amruta-9
അനിയത്തിയും ഗായികയുമായ അഭിരാമിക്കൊപ്പം അമൃത Image Credit: Instagram/Amrutha Suresh

എന്റെ ജീവിതം ആശ്രമത്തില്‍ തന്നെയായിരുന്നു. സ്‌കൂൾ, ആശ്രമം, വീട് എന്നതായിരുന്നു എന്റെ ഒരു ലോകം. എന്റെ മാത്രമല്ല അഭിയുടെയും (അഭിരാമി സുരേഷ്). പിന്നീട് തിരക്കുകളിലേക്കു പോയപ്പോഴും പ്രാർഥനയും ആത്മീയതയും ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ വളരെ സ്ട്രോങ്ങ് ആയി തന്നെ നിലനിന്നു പോന്നു. അന്ന് അച്ഛനും അമ്മയും പകര്‍ന്നു തന്ന പ്രാർഥനയുടെ ഫലം എന്താണെന്ന് എനിക്ക് ഇപ്പോഴാണ് അറിയാന്‍ സാധിക്കുന്നത്. കാരണം ജീവിതത്തില്‍ എന്ത് പ്രശ്നങ്ങള്‍ വന്നാലും അപ്പോഴൊക്കെ എനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള കാര്യം താങ്ങി നിര്‍ത്താന്‍ ഭഗവാന്‍ ഉണ്ട് എന്ന് തോന്നലാണ്. എന്തൊക്കെ വന്നു കഴിഞ്ഞാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എതിരെ നിന്നാലും അവര്‍ക്ക് അതിനുള്ള ഫലം കിട്ടും എന്നു കരുതി മനസമാധാനത്തോടെ മാറിപ്പോകാന്‍ എനിക്ക് എപ്പോഴും സാധിക്കാറുണ്ട്. മനസ്സില്‍ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് ചിന്തകൾ ഉണ്ടാകാറില്ല. അതുപോലെ തന്നെ ഓരോ പ്രശ്നം ഉണ്ടാകുമ്പോഴും ഞാന്‍ ചിന്തിക്കുന്നതു വളരെ പോസിറ്റീവ് ആയിട്ടാണ്. എനിക്ക് എന്തോ നല്ലതുവരാനായിട്ടാണ് ഇതൊക്കെ എന്നു വിചാരിക്കും. പ്രാർഥന എത്രമാത്രം ജീവിതത്തെ നല്ലരീതിയില്‍ മുന്നോട്ടുനയിക്കും എന്നെനിക്കു മനസ്സിലാകുന്നുണ്ട് ഇപ്പോള്‍. 

ഡോണ്ട് ബോതര്‍ അല്ല
 

വിവാദങ്ങളോടൊന്നും ഡോണ്ട് ബോതര്‍ ആറ്റിറ്റ്യൂഡ് അല്ല എനിക്ക്. അതിനേക്കാള്‍ നല്ലത് നെഗറ്റീവ് ആയ ഇടങ്ങളില്‍ നിന്ന് വഴിമാറി നടക്കുക എന്നതാണ്. എന്തെങ്കിലും കാര്യത്തില്‍ ഇടപെടുമ്പോഴോ ഏതെങ്കിലും ഇടങ്ങളില്‍ ചെന്നുപെടുമ്പോഴോ ഒരുപാട് വിഷമിപ്പിക്കുന്ന നെഗറ്റീവ് ആയ കാര്യങ്ങളാണ് നടക്കുന്നതെങ്കില്‍ അവിടമോ അവിടെയുള്ളവരോ എനിക്കു വേണ്ടിയുള്ളതല്ല എന്നാണിപ്പോള്‍ ഞാന്‍ ചിന്തിക്കാറ്. അതിനി എത്ര വലിയ കാര്യമോ ഇടമോ ആണെങ്കിലും സഹിക്കാന്‍ കഴിയാത്ത, അണ്‍കംഫര്‍ട്ടബിള്‍ ആയ ഇടമോ വ്യക്തികളോ ആണെങ്കില്‍ അതൊന്നും നമുക്കുള്ളതല്ല എന്നു ഭഗവാന്‍ തരുന്ന സൂചനയായാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ചിന്തിച്ച് മുന്നോട്ടുപോകുന്നത് എന്റെ മനസ്സില്‍ ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. പ്രഫഷനല്‍ ജീവിതവും വ്യക്തിജീവിതവും മനോഹരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട് ഇപ്പോള്‍.

amruta5
അമൃത സുരേഷ് Image Credit: Facebook/Amrutha Suresh

പിച്ച് അല്ല അളവുകോല്‍
 

എനിക്ക് പാടാന്‍ കിട്ടിയിട്ടുള്ള പാട്ടുകള്‍ അധികവും മിഡിലിൽ നിന്നു മുകളിലേക്കുള്ള പിച്ചില്‍ ഉള്ള പാട്ടുകളാണ്. വേദികളില്‍ പോകുമ്പോഴാണെങ്കില്‍ അത്തരം പാട്ടുകള്‍ പാടേണ്ടതായിട്ടുള്ള ആവശ്യമുണ്ട്. കാരണം, പ്രേക്ഷകർക്ക് അത്തരം പാട്ടുകളോടാണു താൽപര്യം. പക്ഷേ എനിക്ക് ബേസ് ടോണിലുള്ള പാട്ടുകള്‍ പാടാനാണ് കൂടുതല്‍ ഇഷ്ടം. പക്ഷേ സിനിമയില്‍ അത്തരത്തിലുള്ള അധികം പാട്ടുകള്‍ പാടാന്‍ അവസരം കിട്ടിയിട്ടില്ല. ഹൈ പിച്ചില്‍ പാടുക എന്നതല്ല ഗായകർ മികച്ചതാണോ അല്ലയോ എന്നതിന്റെ അളവുകോൽ. തൊണ്ട എത്രമാത്രം തുറന്നു പാടാന്‍ പറ്റുമോ അതാണ് വലിയ കാര്യം എന്നു ഞാന്‍ ചിന്തിക്കുന്നില്ല. തൊണ്ടയുടെ കാര്യത്തില്‍ ഞാന്‍ ചെറുപ്പം മുതലേ വളരെ കോണ്‍ഷ്യസ് ആണ്. കുട്ടിക്കാലം മുതൽ എങ്ങനെയാണോ തൊണ്ടയെ പരുവപ്പെടുത്തുന്നത് അതുപോലെയിരിക്കും തൊണ്ട പിന്നീട് വഴങ്ങിക്കിട്ടുന്നത് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാൻ തണുത്ത ആഹാരപദാർഥങ്ങൾ കഴിക്കാറില്ല. അതുപോലെ തന്നെ അധികം ശബ്ദത്തിൽ സംസാരിക്കാറുമില്ല. തൊണ്ടയുടെ കാര്യം വളരെയധികം ശ്രദ്ധിക്കാറുണ്ട്. തൊണ്ടയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ സ്‌ക്രാച്ചോ വന്നാല്‍ അത് എപ്പോഴാണോ പഴയ സ്ഥിതിയിലാവുന്നത് അതുവരെ സംസാരം കുറയ്ക്കാന്‍ ശ്രമിക്കും. അത്യാവശ്യപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ സ്വകാര്യം പോലെ പറയാറാണ് പതിവ്. ഇതെല്ലാം ഓരോ ഗായകരുടെയും കാര്യത്തിൽ വ്യത്യസ്തമായിരിക്കും. അവര്‍ എങ്ങനെയാണോ തൊണ്ടയെ ശ്രദ്ധിക്കുന്നത് അതുപോലെ വഴങ്ങിക്കിട്ടും.

amrutaa3
അമൃത സുരേഷ് Image Credit: Facebook/Amrutha Suresh

ഫാഷന്‍ സമാധാനം തരാറുണ്ട്
 

എന്റെ ഫാഷന്‍ എന്നു പറയുന്നത് എന്റെ സന്തോഷണ്. പ്രാർഥന പോലെയോ ഭക്ഷണം പോലെയോ ഒക്കെ എന്റെ ജീവിതത്തിലേക്കു സന്തോഷം തരുന്ന കാര്യങ്ങളിലൊന്ന്. എങ്കിലും എന്താണ് എന്നെ സംബന്ധിച്ച് ഫാഷന്‍ എന്നു ചോദിച്ചാല്‍ കംഫര്‍ട്ടബിള്‍ ആണ് എന്റെ ഫാഷന്‍ എന്നു പറയേണ്ടിവരും. ചില സമയത്ത് എനിക്ക് ഒത്തിരി ട്രഡീഷനല്‍ ആയി നടക്കാന്‍ തോന്നും. സാരിയും പൊട്ടും മുല്ലപ്പൂവും ഒക്കെ വച്ചിട്ട്. ചിലപ്പോൾ ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും ആയിരിക്കും ഇഷ്ടം. അതങ്ങനെ മാറിവന്നുകൊണ്ടേയിരിക്കും. ഇതെല്ലാം ഓരോ ദിവസത്തെയും മാനസികാവസ്ഥ പോലെയിരിക്കും. സന്തോഷം കിട്ടാന്‍ ഫാഷന്‍ വളരെയധികം സഹായിക്കാറുണ്ട്. എല്ലാത്തിനുമുപരിയായി ആരോഗ്യത്തിനു വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ് ഞാന്‍. ആരോഗ്യവതിയായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വര്‍ക്കൗട്ട് മുടക്കാറില്ല. അങ്ങനെയൊക്കെയാണ് ഫാഷനും ഫിറ്റ്നെസുമെല്ലാം.

അതിശയിപ്പിക്കുന്ന ആശയങ്ങൾ
 

പിന്നണി ഗായകനും ഗായികയും ആകുക എന്നതാണ് നമ്മുടെ നാട്ടിലെ ഒരു ഗായകന്റെയോ ഗായികയുടെയോ ജീവിതത്തിലെ വലിയൊരു നേട്ടമായിട്ട് കണ്ടുവരുന്ന കാര്യം. പക്ഷേ ഇപ്പോള്‍ അതിനു കുറേയേറെ മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്ത് പണ്ടേ അങ്ങനെ തന്നെയാണ്. അവിടങ്ങളില്‍ ഒരു ഗായകനും ഗായികയ്ക്കും അവരുടെ സംഗീതം പുറത്തെത്തിക്കാന്‍ ഒരിക്കലും ഒരു സിനിമയെ ആശ്രയിച്ചു നമുക്കേണ്ട കാര്യമില്ല. അവര്‍ക്ക് ഒരുപാട് വേദികളും കേള്‍വിക്കാരുമുണ്ട്. സിനിമയിലുള്ളതാണോ അല്ലയോ എന്നതൊരു വിഷയമല്ല. അവിടത്തെ സംഗീത സംസ്‌കാരം അങ്ങനെയാണ്. ഇപ്പോഴാണെങ്കില്‍ ധാരാളം ഡിജിറ്റല്‍ സ്പേസുമുണ്ട്. നല്ല ആശയങ്ങളുള്ള പാട്ടുകാരുള്ള ഇടമായിട്ട് നമ്മുടെ നാട് മാറുകയാണ്. അത് വളരെ നല്ലൊരു കാര്യമായി തോന്നുന്നു. കേരളത്തില്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലും നല്ല ആശയങ്ങള്‍ ഉള്ള ഒരുപാട് ഗായകരെ കാണാനാകും. അതിശയിപ്പിക്കുന്ന ആശയങ്ങളുണ്ട പലർക്കും. വലിയൊരു വിഭാഗം ആളുകള്‍ സമാന്തര സംഗീതം ശ്രദ്ധിക്കുന്നുണ്ട്. അവിടയെുള്ള ഗായകരേയും അവരുടെ സംഗീതത്തേയും കാത്തിരിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറായ ഒരുപാടുപേരുണ്ട്. അത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സമാന്തര സംഗീത രംഗം വിപുലമാകുന്നതിലൂടെ ഗായകരുടെ മാത്രമല്ല, മുഴുവൻ സംഗീത ലോകവും മനോഹരമാകും  

amruta7
അമൃതയുടെ മാതാപിതാക്കളായ സുരേഷും ലൈലയും Image Credit: Instagram/Amrutha Suresh

അമ്മയാണ് ശക്തി
 

അച്ഛനാണ് സംഗീതത്തിലേക്കു കൈപിടിച്ചതെങ്കില്‍ അമൃത സുരേഷ് എന്നൊരു ഗായികയെ സൃഷ്ടിച്ചത് അമ്മയാണ്. അറിയപ്പെടുന്നൊരാളായി മാറ്റിയെടുത്തത് അമ്മയാണ്. എന്റെയും അനിയത്തിയുടെയും കരിയറിനു വേണ്ടി ഞങ്ങളേക്കാളേറെ പരിശ്രമിച്ചത് ഒരുപക്ഷേ അമ്മയാണെന്നു പറയേണ്ടി വരും. ഞങ്ങളുടെ സംഗീതപഠനത്തിനും സംഗീതപരിപാടികൾക്കും വേണ്ടി ജീവിതത്തിലെ മുഴുവന്‍ സമയവും അമ്മ ഞങ്ങൾക്കായി മാറ്റിവച്ചു. മടിപിടിച്ചിരുന്നാലും അമ്മയുടെ ഊർജം കാണുമ്പോൾ എല്ലാം മറന്ന് പാട്ടിന്റെ ലോകത്തിലേക്കു തിരികെയെത്തും. അങ്ങനെയൊരു ശക്തിയുണ്ട് അമ്മയ്ക്ക്. എന്റെ മോളുടെ സ്വരവും അവളുടെ പാട്ടും ആളുകള്‍ കേള്‍ക്കണമെന്നും അവളൊരു ഗായികയായി അറിയപ്പെടണമെന്നുമുള്ളത് അമ്മയുടെ എപ്പോഴത്തേയും വലിയ ആഗ്രഹമായിരുന്നു. ഞാന്‍ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലത്ത് അമ്മ അമൃത ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അതൊക്കെ രാജി വച്ചിട്ടാണ് എനിക്കൊപ്പം നിന്നത്. അഭി സീരിയിലില്‍ അഭിനയിക്കാന്‍ പോയപ്പോഴും അങ്ങനെ തന്നെ. ഞങ്ങളുടെ രണ്ട് പേരുടെയും കരിയറിന് ഇപ്പോഴും ഊർജമാകുന്നത് അമ്മ തന്നെയാണ്. അതിനുവേണ്ടി എന്തൊക്കെ സൗകര്യമൊരുക്കാനും അമ്മയ്ക്കു മടിയില്ല. ഇപ്പോള്‍ പാപ്പുവിന്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെയാണ.് പാപ്പുവിനെ പാട്ടു പഠിപ്പിക്കാനും അല്ലാതെയും ഓരോ ക്ലാസുകള്‍ക്ക് ഒക്കെ കൊണ്ടുപോകുന്നതുമൊക്കെ അമ്മയാണ്. അച്ഛന്‍ കൂടി ഭാഗമായ ഞങ്ങളുടെ സംഗീതപരിപാടിക്കായി ഇറങ്ങുമ്പോൾ ‘അച്ഛേ വാ പോകാം’ എന്നു പറഞ്ഞാണ് ഞങ്ങൾ ഒരുമിച്ചു പോയിരുന്നത്. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ അച്ഛനില്ല. ആ വിളി മനസ്സില്‍ വെമ്പി നില്‍ക്കുന്നുണ്ട്. അച്ഛന്‍ പോയപ്പോള്‍ ഞാനും അഭിയും കരുതിയത് അമ്മയ്ക്കു കരുത്തേകണം എന്നാണ്. പക്ഷേ ശരിക്കും അമ്മയാണ് ഞങ്ങളെ കരുത്തുറ്റവരാക്കിയത്. അച്ഛന്‍ കൂടെ തന്നെയുണ്ട്, ഫിസിക്കലി ഇല്ലന്നേയുള്ളൂ, നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന് കരുതി മുന്നോട്ടുപോകണമെന്ന് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നത് അമ്മയാണ്.

English Summary:

Interview with singer Amrutha Suresh on her career and personal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com