ADVERTISEMENT

ഒരു മെക്സിക്കൻ അപാരതയിലെ ‘കലിപ്പ് കട്ടക്കലിപ്പ്’ എന്ന പാട്ട് ഏറ്റുപാടാത്തവർ കുറവായിരിക്കും. ആ പാട്ടിനു പിന്നിലെ മണികണ്ഠൻ അയ്യപ്പ എന്ന സംഗീതസംവിധായകനെ പക്ഷേ അധികമാരും അറിഞ്ഞില്ല. ഇപ്പോൾ അഞ്ചക്കള്ളകോക്കാൻ എന്ന ഉല്ലാസ് ചെമ്പൻ–ചെമ്പൻ വിനോദ് ചിത്രത്തിലെ ത്രസിപ്പിക്കുന്ന ഫോക്ക് സ്പെഗറ്റി വെസ്റ്റേൺ പാട്ടുകളുമായി എത്തിയിരിക്കുകയാണ് മണികണ്ഠൻ അയ്യപ്പ. ഇതുവരെ 11 ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതമൊരുക്കിയത്. പാട്ടുവിശേഷങ്ങൾ മണികണ്ഠൻ അയ്യപ്പ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

ഒരു മെക്സിക്കൻ അപാരത മുതൽ അഞ്ചക്കള്ളകോക്കാൻ വരെ

മോഹൻ സിതാര സാറിന്റെ സംഗീതത്തിൽ യുഗ പുരുഷൻ എന്ന സിനിമയിൽ "ദാഹിക്കുന്നു ഭഗിനി" എന്ന കവിത പാടിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിട്ടും റെക്കോർഡിസ്റ്റ് ആയിട്ടും കുറേക്കാലം ജോലി ചെയ്തു. 2017ൽ "ഒരു മെക്സിക്കൻ അപാരത" എന്ന സിനിമയിലൂടെ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായി. പിന്നെയും കുറച്ചു സിനിമകൾക്ക് ഈണമൊരുക്കി. പതിനൊന്നാമത്തെ ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. പക്ഷേ സിനിമകൾ ഇടവിട്ടാണ് ചെയ്തിരുന്നത്. എല്ലാം ശ്രദ്ധിക്കപ്പെട്ടതുമില്ല. കുമാരി, സംസ്ഥാന അവാർഡ് നേടിയ പല്ലൊട്ടി 90സ് കിഡ്സ് എന്നീ ചിത്രങ്ങൾക്കു വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്.

കപിൽ കപിലന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് പല്ലൊട്ടിയിൽ ആണ്. കുമാരിയുടെ സംഗീതം ജേക്സ് ബിജോയിയോടൊപ്പം ആണ് ചെയ്തത്. ജേക്സിന്റെ സിനിമയിൽ പ്രോഗ്രാമറായും മ്യൂസിക് പ്രൊഡ്യൂസറായും വർക്ക് ചെയ്തിട്ടുണ്ട്. ഒരു മെക്സിക്കൻ അപാരതയിൽ തുടങ്ങി ഗാംബ്ലർ, കൊച്ചാൾ, കുടുക്ക്, തുടങ്ങിയ സിനിമകൾ ചെയ്തു. കുടുക്കിലെ ഒരു പാട്ട് വൈറലായിരുന്നു. ഞാൻ ആണ് ആ പാട്ട് പാടിയതും. കേരള ടൂറിസത്തിന്റെ പരസ്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു പാട്ട് ഞാൻ പാടിയതാണ്. ഉല്ലാസുമായി പരിചയപ്പെട്ടതിനു ശേഷമാണ് എന്റെ ഇഷ്ടത്തിനുള്ള പാട്ടുകൾ ചെയ്തു തുടങ്ങിയത്. ഉല്ലാസിന്റെ 'പാമ്പിച്ചി' എന്ന ഷോർട് ഫിലിമിൽ ഞാൻ ആണ് സംഗീതം ചെയ്തത്. അത് ശരിക്കും ഒരു സിനിമയായി ചെയ്യേണ്ട വർക്ക് ആണ്. അര മണിക്കൂർ ഉള്ള ഒരു സിനിമ പോലെ തന്നെയാണ് അതു ചെയ്തത്. 

സംഗീത ജ്ഞാനമുള്ള ഉല്ലാസ് ചെമ്പൻ

അഞ്ചക്കള്ളകോക്കാനു വേണ്ടി വർക് ചെയ്തപ്പോൾ അതിലെ സംഗീതം എങ്ങനെ വേണമെന്ന് ഉല്ലാസിനു നല്ല ബോധ്യമുണ്ടായിരുന്നു. എവിടെ സംഗീതം കുറയണം, കൂടണം എന്നൊക്കെ അദ്ദേഹത്തിന് അറിയാം. എന്തെങ്കിലും ചെയ്തു കൊടുത്താൽ പറ്റില്ല. കാരണം, അദ്ദേഹത്തിനു നന്നായി സംഗീതം അറിയാം. അദ്ദേഹം പറഞ്ഞതു പോലെയാണ് ഓരോ സ്ഥലത്തും ഞാൻ സംഗീതം ചെയ്തിട്ടുള്ളത്. തിയറ്ററിൽ വന്നപ്പോൾ നല്ല കയ്യടി ആയിരുന്നു. ഇനിയും അദ്ദേഹത്തെപ്പോലെയുള്ള സംവിധായകരെ കിട്ടണമെന്നു ഞാൻ ആഗ്രഹിക്കുകയാണ്. 

പാട്ടുകൾ പ്ലാൻ ചെയ്തിരുന്നില്ല

സിനിമ ചർച്ച തുടങ്ങിയപ്പോൾ അതിൽ പാട്ട് ഒന്നും ഉണ്ടാകുമെന്നു കരുതിയില്ല. പൊറാട്ട് ചെയ്യുന്നവരുടെ അടുത്ത് പോയി റെക്കോർഡ് ചെയ്തു കൊണ്ട് വന്ന് ഉപയോഗിച്ച് അതിൽപിന്നെ എന്റെ സംഗീതം കൂടി ചേർത്തു. പശ്ചാത്തല സംഗീതം മാത്രം മതി എന്നാണു കരുതിയത്. പക്ഷേ സിനിമ ചെയ്ത് ഓരോ ഘട്ടം എത്തുമ്പോഴും ഓരോ പാട്ട് വച്ചാലോ എന്നു തോന്നും. ഉദാഹരണത്തിന് ഗില്ലാപ്പികൾ എന്ന വില്ലന്മാരുടെ എപ്പിസോഡ്. അവർ വരുമ്പോൾ ഒരു റാപ് സോങ് വയ്ക്കാം എന്നു തീരുമാനിച്ചു. അങ്ങനെ അവിടെ ഒരു പാട്ട് വന്നു. പിന്നെ ഒരു ഫൈറ്റിന്റെ ഇടയിൽ മന്ദാരം എന്നൊരു പാട്ട് റേഡിയോയിൽ കേൾക്കുന്നതുപോലെ ഒരു സിറ്റുവേഷൻ വന്നു, അങ്ങനെ ആ പാട്ട് ചെയ്തു. പിന്നെ വാസുദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതം പറയുമ്പോൾ ഒരു പാട്ട് വന്നാൽ കുഴപ്പമില്ല എന്നു തോന്നി. അങ്ങനെ ആ പാട്ടും ചെയ്തു. 

അനിരുദ്ധിന്റെ പാട്ടുകൾ പോലെ എന്ന് കേൾക്കുന്നതിൽ സന്തോഷം

ഞാൻ ഇതുവരെ ചെയ്തിട്ടുള്ള പാട്ടുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ ചിത്രത്തിനു വേണ്ടി സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഗില്ലപ്പീസിന്റെ സീനിൽ മൗത് ഓർഗൻ ചെയ്തിരിക്കുന്നത് വിദേശത്തുള്ള  മരിയൻ ടച്ചുക്ക് എന്ന സംഗീതജ്ഞനാണ്. മാസ് സിനിമ ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടാണ്. യുവ തലമുറക്കിടയിൽ പിടിച്ചു നിൽക്കാൻ ഏറെ പ്രയാസപ്പെടേണ്ടിയിരിക്കുന്നു. മാസ് പാട്ടുകൾ ചെയ്താൽ ആളുകൾ താരതമ്യം ചെയ്യും. അനിരുദ്ധുമായിട്ടാണ് താരതമ്യങ്ങളിൽ ഏറെയും. അഞ്ചക്കള്ളകോക്കാനിലെ പാട്ടുകളിറങ്ങയപ്പോൾ അനിരുദ്ധിന്റെ പാട്ടുകളുടെ ഫീൽ കിട്ടിയെന്നു പലരും പറഞ്ഞുകേട്ടു. അതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്. 

അഞ്ചക്കള്ളകോക്കാനിലെ നാടൻ പാട്ടുകൾ

തുമ്പി പാട്ട് നാടൻ ട്രാൻസ് പാട്ടാണ്. എട്ട് മിനിറ്റോളം ഉണ്ട് തുമ്പി പാട്ട്. മറ്റൊരു നാടൻ പാട്ടാണ് 'മാനേ മരതകമേ'. മണികണ്ഠൻ ആചാരിയുടെ ഫ്ലാഷ് ബാക്ക് കാണിക്കുമ്പോഴാണ് ആ പാട്ട് പ്ലേ ആകുന്നത്. ചന്ദ്രൻ എന്ന പഴയൊരു കലാകാരൻ ആണ് അത് പാടിയത്. തൃശൂരിലുള്ള പൊറാട്ട് നാടകങ്ങളിൽ ഉപയോഗിക്കുന്ന സംഗീതം ആണ് അത്. പാലക്കാട് ഉപയോഗിക്കുന്ന പൊറാട്ട് പാട്ടുകൾക്കു വ്യത്യാസമുണ്ട്. സിനിമയിൽ പൊറാട്ട് നാടകം കാണിക്കുന്നുണ്ട്. അത് പാലക്കാട് ഭാഗത്തുള്ള പൊറാട്ട് ആണ്. അത് അവിടെയുള്ളവരെക്കൊണ്ടു തന്നെ പാടിപ്പിച്ചു. വാസുദേവന്റെ ചെറുപ്പകാലത്ത് ശാസ്ത്രീയം കൂട്ടിക്കലർത്തി നാടൻ പാട്ട് ആണ് ഉപയോഗിച്ചത്. നന്തുണി, തുടി, പുള്ളോർക്കുടം ഒക്കെ അതിലുണ്ട്. അങ്ങനെ മൂന്നു തരം നാടൻ പാട്ടുകൾ ചെയ്തെടുത്തു. 

മെക്സിക്കൻ അപാരതയിലെ ‘കലിപ്പ് പാട്ട്’! 

മെക്സിക്കൻ അപാരതയിലെ 'കലിപ്പ്' എന്ന പാട്ട് ഇതിനകം ദശലക്ഷക്കണക്കിനു പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞത്. പക്ഷേ, ആ പാട്ടിനു പിന്നിൽ ഞാനാണെന്നു പലർക്കും അറിയില്ല. 2017 മുതൽ സിനിമാ പ്രവർത്തനം തുടങ്ങിയെങ്കിലും അഞ്ചക്കള്ളകോക്കാൻ വന്നപ്പോഴാണ് എന്റെ പേര് ആളുകൾ പറഞ്ഞു തുടങ്ങിയത്. ഇപ്പോൾ തേടിക്കണ്ടുപിടിച്ച് ആളുകൾ വിളിക്കുന്നുണ്ട്. ഉല്ലാസ് എന്നോട് പറഞ്ഞിരുന്നു, ഈ സിനിമ ഇറങ്ങുമ്പോൾ മണികണ്ഠൻ അയ്യപ്പ എന്ന ലേബൽ എല്ലാവരും അറിയും എന്ന്. അത് അങ്ങനെ തന്നെ സംഭവിച്ചു. ഒരുപാട് സന്തോഷം.

നാടൻ പാട്ടിന്റെ സ്വാധീനം നാട്ടിൽ നിന്ന് 

തൃശൂർ ജില്ലയിൽ കൊള്ളന്നൂർ ആണ് എന്റെ സ്വദേശം. അച്ഛൻ പഞ്ചവാദ്യ കലാകാരനായിരുന്നു. ഞാൻ നാലാം ക്ലാസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്. പിന്നീട് കേരള സംഗീത നാടക അക്കാദമിയുടെ സ്റ്റൈപ്പൻഡ് കിട്ടി. അതൊക്കെക്കൊണ്ടാണ് പഠനം തുടർന്നത്. വീട്ടിൽ കുറച്ചു സാമ്പത്തിക ക്ലേശം ഉണ്ടായിരുന്നു. എന്തുതന്നെയായാലും സംഗീതത്തിൽ തന്നെ തുടരണമെന്നായിരുന്നു എന്റെ ആഗ്രഹം. മോഹൻ സിതാര സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ സർ കോറസ് പാടാൻ വിളിക്കുമായിരുന്നു. ആ ഒരു പരിചയത്തിലാണ് സ്റ്റുഡിയോയിലൊക്കെ പോയി പാടാൻ തുടങ്ങിയത്. ആ സമയത്ത് കിട്ടിയ സുഹൃത്താണ് മുഹമ്മദ് അലി.  അദ്ദേഹത്തിന്റെ ഒപ്പം നിന്നാണ് കീ ബോർഡ് പ്രോഗ്രാമിങ് പഠിച്ചത്. പിന്നെ ചേതനയിൽ സംഗീതത്തിന്റ ഒരു കോഴ്സ് ചെയ്തു. മോഹൻ സിതാര സാറിന്റെ കുറെ പാട്ടുകൾ ട്രാക്ക് പാടിയിട്ടുണ്ട് ഒരു സിനിമയിൽ ലീഡ് പാടുകയും ചെയ്തു. ഞങ്ങളുടെ കൊള്ളന്നൂരിൽ ഓണത്തിനു തുമ്പി തുള്ളൽ ഉണ്ട്. ആ പാട്ടിനെ ആണ് ഞാൻ എടുത്ത് ഷാപ്പ് പാട്ടിൽ ഉപയോഗിച്ചത്. എന്റെ പാട്ടിൽ നാടിന്റെ സ്വാധീനം ഏറെയുണ്ട്.

എം സ്റ്റുഡിയോസിലെ ആദ്യസിനിമ  

പാടാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ അവസരം കിട്ടിയില്ല. സ്ഥിരവരുമാനം ഇല്ലാതെ ആയപ്പോൾ ഗ്രാഫിക്സ് സ്റ്റോറി ബോർഡ് ഒക്കെ ചെയ്യാൻ തുടങ്ങി.  എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് കലിപ്പ് പാട്ട് ചെയ്തത്. അതുവഴി ടോം എമ്മാട്ടിയെ കാണാൻ ഇടയായി. ഇപ്പോൾ എന്റെ നാട്ടിൽ എനിക്ക് റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ട്. എം സ്റുഡിയോസ് എന്നാണ് പേര്. അവിടെ പരസ്യ ചിത്രത്തിന്റെ വർക്ക്, ഡബ്ബിങ്, റെക്കോർഡിങ് തുടങ്ങിയവയൊക്കെ നടക്കുന്നു. അവിടെ ചെയ്ത ആദ്യത്തെ സിനിമയാണ് അഞ്ചക്കള്ളകോക്കാൻ. സ്റ്റേറ്റ് അവാർഡ് കിട്ടിയ പല്ലൊട്ടി  90സ് കിഡ്സ് ഇനി റിലീസ് ചെയ്യാനുണ്ട്. മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്ത ചിത്രമാണ് അത്. മണികണ്ഠൻ അയ്യപ്പ മ്യൂസിക്കൽ എന്ന ലേബൽ വച്ചിറങ്ങുന്ന രണ്ടു ചിത്രങ്ങൾ ഇവയാണ്.

English Summary:

Interview with music director Manikandan Ayyappa on Anchakkallakokkan songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com