ADVERTISEMENT

ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം ലഭിച്ചതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും തീർച്ചയായും പുരസ്കാരം ലഭിക്കേണ്ട ആളുതന്നെയാണ് കൃഷ്ണയെന്നും സംഗീതഞ്ജൻ ശ്രീവത്സൻ മേനോൻ. മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം ടിഎം കൃഷ്ണയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘തീർച്ചയായും ടി.എം.കൃഷ്ണയുടെ സംഗീത ആശയങ്ങളോടും സൗന്ദര്യ സങ്കൽപങ്ങളോടും എനിക്ക് എതിരഭിപ്രായം ഉണ്ട്. പക്ഷെ, സംഗീത കലാനിധി എന്ന ടൈറ്റിലിന് തികച്ചും യോജിച്ച ആളാണ് അദ്ദേഹം. കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നു. മറ്റുകാര്യങ്ങളിൽ തല്ക്കാലം ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. കൃഷ്ണ സംഗീതത്തെ ഭിന്നിപ്പിക്കുന്നു എന്ന ആരോപണത്തോടൊന്നും യോജിപ്പില്ല. സംഗീതജ്ഞരെ ആക്ഷേപിച്ചു എന്നും എനിക്ക് തോന്നിയിട്ടില്ല. 

palakkad-tm-krishna-carnatic-musician
ടിഎം കൃഷ്ണ

ഒരു സംഗീത സഹയാത്രികനായ ടിഎം കൃഷ്ണയുടെ സംഗീതത്തെ സ്വന്തം വിലയിരുത്തുമ്പോൾ അവിടെ എന്റെ ഇഷ്ടമല്ല അയാളുടെ സംഭാവനകളെയാണ് വിലയിരുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ നോക്കിയാൽ അക്കാദമി പുരസ്കാരത്തിന് അദ്ദേഹം അർഹനാണ്, അക്കാര്യത്തിൽ സംശയമില്ല.’’ ശ്രീവത്സൻ പറഞ്ഞു.

സംഗീതലോകത്ത് നിലനിൽക്കുന്ന വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.‘‘വിവേചനത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ അത് വലിയ വിഷയമാണ്. മറ്റേത് കലയെപ്പോലെയും എല്ലാതരത്തിലുള്ള വിവേചനവും നിൽക്കുന്ന ഒരു മേഖലതന്നെയാണ് ഇത്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വിവേചനം നിലനിൽക്കുന്നുണ്ട്. പങ്കെടുപ്പിക്കാതിരിക്കുകയും മാറ്റിനിർത്തുകയുമെല്ലാമുണ്ട്. എന്നിരുന്നാലും കേരളം അല്പമെങ്കിലും മുന്നോട്ടുപോയിട്ടുണ്ടെന്ന് വേണം പറയാൻ.’’ സംഗീതത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെ പൊട്ടിച്ചെറിയണം എന്നുപറഞ്ഞ ഒരാളാണ് കൃഷ്ണ. അതിനകത്തുനിന്നുതന്നെ ധൈര്യപൂർവം അദ്ദേഹം പറഞ്ഞു എന്നത് വലിയ കാര്യമാണെന്നും ശ്രീവത്സൻ അഭിപ്രായപ്പെട്ടു.

തന്റെ വ്യക്തിപരമായ താല്പര്യത്തെക്കുറിച്ചും ശ്രീവത്സൻ മനസ്സുതുറന്നു. ‘‘സൗന്ദര്യസങ്കല്പ പ്രകാരം രഞ്ജിനി–ഗായത്രിമാരുടെ സംഗീതത്തോടാണ് എനിക്ക് കൂടുതൽ താൽപര്യം. തന്നെയുമല്ല മ്യൂസിക് അക്കാദമിയുടെ നടപടിയെ എതിർത്തത് ആദ്യം രണ്ടുവനിതകളാണെന്നതിൽ എനിക്ക് വളരെ അഭിമാനം തോന്നി. വോൾട്ടയർ പറഞ്ഞ പോലെ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും അവരുടെ അവകാശത്തിന് വേണ്ടി ഒപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്നു.’’ ശ്രീവത്സൻ വ്യക്തമാക്കി.

ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. അങ്ങേയറ്റം മ്ലേച്ഛമെന്നാണ് സംഭവത്തെ ശ്രീവത്സൻ വിശേഷിപ്പിച്ചത്. ഇത്തരം സമീപനങ്ങളെ ഒരുകാലത്തും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടിഎം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിനെ എതിർത്ത് ആദ്യം രംഗത്തെത്തിയത് സംഗീതജ്ഞരായ രഞ്ജിനി-ഗായത്രിമാരാണ്. ഇവർക്കുപിറകേ തൃശ്ശൂര്‍ സഹോദരരായ ശ്രീകൃഷ്ണ മോഹന്‍ - രാംകുമാര്‍ മോഹന്‍ എന്നിവരും, ഗായകന്‍ വിശാഖ ഹരിയും അണിനിരന്നു. തനിക്ക് ലഭിച്ച മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം തിരികെ നൽകുമെന്നാണ് ചിത്രവീണ രവികിരൺ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com