ADVERTISEMENT

അക്ഷമമായ കാത്തിരിപ്പിനൊടുവിൽ അങ്ങു ദൂരെ വേദിയിൽ  ഒരു വെളുത്ത പൊട്ട് തെളിയുന്നു. സ്റ്റേജിലെ മങ്ങിയ വെളിച്ചത്തിൽ ആ പൊട്ടിന് സ്വർണ്ണത്തിളക്കം. 

കാത്തിരിപ്പിന്റെ ആലസ്യത്തിൽ നിന്ന് നിലയ്ക്കാത്ത ഹർഷാരവങ്ങളിലേക്ക് മതിമറന്നുണരുന്നു  സദസ്സ്. കാണാൻ കൊതിച്ച, കേൾക്കാൻ കൊതിച്ച പാട്ടുകാരനാണ്‌  മൈക്കിന് മുന്നിൽ. ആ കാഴ്ചയുടെ ലഹരിയിൽ ആവേശഭരിതരായ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളിലേക്ക് പൊടുന്നനെ  ഭാവഗാംഭീര്യമാർന്ന ഒരു ശബ്ദം ഒഴുകിയെത്തുന്നു.  "ഇടയകന്യകേ പോകുക നീ ഈ അനന്തമാം ജീവിതവീഥിയിൽ ഇടറാതെ കാലിടറാതെ...."  

സർവ്വചരാചരങ്ങളും നിശ്ശബ്ദം, നിശ്ചലം. പിന്നിട്ട ജീവിതത്തിലേക്ക് ഗന്ധർവ്വശബ്ദത്തോടൊപ്പം മനസ്സു കൊണ്ടും കാതു  കൊണ്ടും ഒരു മടക്കയാത്രക്ക് തയ്യാറെടുക്കുകയാണ് സദസ്സ്. ഒരു ടൈം ട്രാവൽ. 

പക്ഷേ അധികം നീണ്ടില്ല ആ മടക്കയാത്ര. അതിനു മുൻപേ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.  കണ്ടത് സ്വപ്‍നമാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു ആദ്യം. നിമിഷങ്ങൾ മാത്രം മുൻപ്  കേട്ട  "ഇടയകന്യകേ"  കാതിൽ അലയടിക്കുകയായിരുന്നല്ലോ അപ്പോഴും.  കിനാവ് മാത്രമായിരുന്നു എല്ലാം എന്നറിഞ്ഞപ്പോൾ തോന്നിയ നിരാശ വാക്കുകൾക്കതീതം. അത്രയും മധുരോദാരമായിരുന്നു സ്വപ്നം; സംഗീതസാന്ദ്രവും.

പക്ഷേ സ്വപ്നത്തിൽ കണ്ട യേശുദാസിന് പ്രായം കുറവായിരുന്നു.  ചുമലിലേക്കൊഴുകിക്കിടക്കുന്ന നീണ്ട മുടിയും തിളങ്ങുന്ന വെള്ളിത്താടിയും കാറ്റിൽ പറത്തി തൊഴുതു നിൽക്കുന്ന ശതാഭിഷിക്തനായ ഇന്നത്തെ ദാസേട്ടനല്ല. തൂവെള്ള ഷർട്ടും പാന്റ്സും ധരിച്ച കറുത്ത താടിക്കാരനായ ആ പഴയ യുവ യേശുദാസ്. ഗാനമേളാവേദിയിൽ ഞാൻ ജീവിതത്തിലാദ്യമായി കണ്ട ഗന്ധർവരൂപം.

ആ ആദ്യ കാഴ്ച്ചയുടെ ഓർമ്മകൾക്കൊപ്പം ഇന്നും കാതിൽ മുഴങ്ങുക ഇടയകന്യക തന്നെ. നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ട്  ഗാനമേള അവതരിപ്പിക്കാൻ വന്നതായിരുന്നു ദാസേട്ടൻ. ഏറ്റവുമവസാനം നഗരത്തിൽ നടന്ന പരിപാടിക്ക് അത്ര നല്ല പരിസമാപ്തിയല്ല ഉണ്ടായത്. സദസ്സിനെ ഉൾക്കൊള്ളാൻ ഗായകനും ഗായകനെ ഉൾക്കൊള്ളാൻ സദസ്സിനും കഴിയാത്ത അവസ്ഥ. കലഹത്തിനൊടുവിൽ ഇനിയൊരിക്കലും ഇങ്ങോട്ടില്ല എന്ന് പ്രഖ്യാപിച്ചു വിടവാങ്ങിയ ഗായകനെ ഒടുവിൽ വിധി തന്നെ തിരിച്ചുവിളിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാട്ടിന്റെ നഗരത്തിൽ പാടാൻ വീണ്ടുമെത്തുന്നു യേശുദാസ്.

ആ തിരിച്ചുവരവാണ് ഞാൻ നേരിട്ടു കണ്ടനുഭവിച്ച ആദ്യത്തെ ഗന്ധർവഗാനമേള. അന്നുമുണ്ടായി ഒരു ആന്റി ക്ലൈമാക്സ്. നിശ്ചിത സമയം പിന്നിട്ട് മുക്കാൽ മണിക്കൂറോളമായിട്ടും കാത്തിരുന്ന ഗായകന്റെ പൊടിപോലുമില്ല. സദസ്സിൽ സ്വാഭാവികമായും അസ്വസ്ഥത പടരുന്നു. അന്തരീക്ഷം ശബ്ദായമാനമാകുന്നു. ആ കോലാഹലങ്ങളിലേക്കാണ് അധികമാരുടെയും ശ്രദ്ധയിൽ പെടാതെ ഗായകന്റെ കടന്നുവരവ്. വന്നയുടൻ മൈക്കെടുത്ത് പാടിത്തുടങ്ങുന്നു അദ്ദേഹം: "ഇടയകന്യകേ പോകുക നീ ഈ അനന്തമാം ജീവിതവീഥിയിൽ....."

നിറഞ്ഞ സദസ്സ് പൊടുന്നനെ നിശ്ശബ്ദം. ആരവങ്ങളും അസ്വസ്ഥതകളും സ്വിച്ചിട്ട പോലെ അടങ്ങുന്നു. കുതിരക്കുളമ്പടികളെ അനുസ്മരിപ്പിക്കുന്ന  ചടുല താളത്തിന്റെ അകമ്പടിയോടെ യേശുദാസ് പാട്ടിലൂടെ ഒഴുകുകയാണ്: "കണ്ണുകളാൽ ഉൾക്കണ്ണുകളാലേ അന്വേഷിക്കൂ നീളേ, കണ്ടെത്തും നീ മനുഷ്യപുത്രനെ ഇന്നല്ലെങ്കിൽ നാളേ..." കാതോർത്തിരുന്ന ശബ്ദത്തിന്റെ അനർഗ്ഗള ധാരയിൽ സ്വയം മറന്നിരിക്കുന്നു ഞാനുൾപ്പെടെയുള്ള സദസ്സ്. പരാതികളും പരിഭവങ്ങളുമെല്ലാം ആ ആത്മവിസ്മൃതിയിൽ അലിഞ്ഞൊഴുകി ഞൊടിയിടയിൽ അപ്രത്യക്ഷമാകുന്നു.

പിന്നേയും സാക്ഷിയായിട്ടുണ്ട് യേശുദാസിന്റെ ഗാനമേളകൾക്ക്; നേരിട്ടും അല്ലാതേയും. പക്ഷേ അന്നു കേട്ട ആ "ഇടയകന്യകേ"ക്ക് പകരം വെക്കാൻ പോന്ന മറ്റൊരനുഭവമുണ്ടോ എന്ന് സംശയം. 

അറുപത് വർഷം മുൻപ് പുറത്തുവന്ന "മണവാട്ടി" എന്ന ചിത്രത്തിന് വേണ്ടി  വയലാർ -- ദേവരാജൻ ടീം ഒരുക്കിയ ഈ ഗാനം ഗാനമേളയിലെ  പ്രാരംഭ ഗാനമായി തിരഞ്ഞെടുത്തതെന്തുകൊണ്ട്  എന്ന് ചോദിച്ചിട്ടുണ്ട് യേശുദാസിനോട്. 1964 ലെ റിലീസ്  കാലത്ത് അതേ പടത്തിലെ  മറ്റു രണ്ടു പാട്ടുകളായിരുന്നു വലിയ  ഹിറ്റുകൾ: അഷ്ടമുടിക്കായലിലെ (യേശുദാസ്, പി ലീല), ദേവതാരു പൂത്ത നാളൊരു (എ എം രാജ).

അവയിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഇടയകന്യകയുടെ ആശയം എന്ന് പറയും യേശുദാസ്. "വരികളിൽ നിറഞ്ഞുനിന്ന  ശുഭപ്രതീക്ഷയാണ് ആദ്യം ആകർഷിച്ചത്.  മനുഷ്യപുത്രനെ കണ്ടെത്താനായി കാലിടറാതെ മുന്നേറുക എന്ന ആശയം പാടുമ്പോഴേ മനസ്സിനെ തൊട്ടിരുന്നു. പിന്നെ, അതിന്റെ താളനിബദ്ധമായ സംഗീതം. ഭക്തിയാണ് അടിസ്ഥാന  ഭാവമെങ്കിലും ഒരു മാർച്ചിംഗ് സോംഗിന്റെ കെട്ടും മട്ടുമാണ് ആ പാട്ടിന്. ഓർക്കസ്‌ട്രേഷൻ കൊണ്ട് ആരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒന്ന്. ശരിക്കും  പോസിറ്റിവ് ഫീൽ ഉള്ള പാട്ടായതുകൊണ്ട് പരിപാടിയുടെ തുടക്കത്തിൽ അത് പാടുന്നത് ഉചിതമായിരിക്കും എന്ന് തോന്നി."

സിനിമയിലെ ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് പൊതുവായുള്ള നേർത്ത വിഷാദഭാവം ഈ പാട്ടിനില്ല. വരികൾ വളരെ ലളിതം. സംഗീതത്തിലുമില്ല ആർഭാടം. യേശുദാസിന്റെ യൗവ്വനദീപ്തമായ ആലാപനം കൂടി ചേരുമ്പോൾ ആത്മീയവും അഭൗമവുമായ തലത്തിലേക്കുയരുന്നു ആ പാട്ട്. "1965 ലെ ആദ്യ  ഗാനമേള മുതൽ വേദിയിൽ ആ പാട്ട് ഒപ്പമുണ്ട്. കേൾക്കുന്നവർക്കെന്ന പോലെ പാടുന്നയാൾക്കും നിർവചിക്കാനാവാത്ത ഒരു എനർജി തരുന്ന പാട്ടാണത്. " -- യേശുദാസിന്റെ വാക്കുകൾ. ആറു പതിറ്റാണ്ട് പിന്നിട്ട സംഗീത യാത്രയിൽ ഒരിക്കലും കാലിടറാതെ മുന്നേറാൻ യേശുദാസിന് തുണയായ അനേകം ഘടകങ്ങളിൽ ഒന്ന്  ഇടയകന്യക തന്നെയല്ലേ?

വയലാർ -- ദേവരാജൻ -- യേശുദാസ്  കൂട്ടുകെട്ടിന്റെ ഇന്ദ്രജാല സ്പർശം നിറഞ്ഞുനിൽക്കുന്ന വേറെയും ക്രിസ്തീയ ഗീതങ്ങളുണ്ട്. ഈ കൂട്ടുകെട്ടിൽ പിറന്ന   രണ്ടാമത്തെ ഗാനം തന്നെ ഹൃദയസ്പർശിയായ ഒരു ഭക്തിഗാനമായിരുന്നു: "ഭാര്യ" (1962) യിലെ ദയാപരനായ കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കേണമേ. ഇരുപത്തിരണ്ടു വയസ്സാണ് ആ ഗാനത്തിന് ശബ്ദം പകരുമ്പോൾ യേശുദാസിന്.  നിത്യവിശുദ്ധയാം കന്യാമറിയമേ (നദി), വിശുദ്ധനായ സെബസ്ത്യാനോസേ (പേൾവ്യൂ), വെള്ളിക്കുടക്കീഴെ (അവളൽപ്പം വൈകിപ്പോയി) തുടങ്ങി  ക്രിസ്തീയ പശ്ചാത്തലത്തിലുള്ള നിരവധി ജനപ്രിയ ഗാനങ്ങൾ പിന്നാലെ വന്നു. പലതും ജാതിമത ഭേദമന്യേ മലയാളികൾ ഏറ്റെടുത്തവ.  ആകാശങ്ങളിലിരിക്കും ഞങ്ങടെ (നാടൻ പെണ്ണ്), ബാവാക്കും പുത്രനും (മകനേ നിനക്ക് വേണ്ടി), സമയമാം രഥത്തിൽ ഞാൻ (അരനാഴികനേരം), ഈശോ മറിയം ഔസേപ്പേ (മയിലാടുംകുന്ന്), മാതാവേ മാതാവേ (നഖങ്ങൾ), യരൂശലേമിലെ സ്വർഗദൂതാ (ചുക്ക്).. ഈശ്വരവിശ്വാസികളല്ലാത്ത വയലാറും ദേവരാജനും ചേർന്ന് മിനഞ്ഞെടുത്ത ഭക്തിഗാനങ്ങൾ അങ്ങനെ എത്രയെത്ര.

ഇടയകന്യകേ എന്ന ഗാനം പാടി ഗാനമേളകൾക്ക് തുടക്കമിടുന്ന ആ പഴയ യേശുദാസിനെ ഇനിയെന്നാണ് നമുക്ക് കാണാനും കേൾക്കാനുമാകുക?  അഞ്ചു വർഷത്തോളമായി  ഗാനമേളാവേദികളിൽ നിന്നകലെയാണ് ഗാനഗന്ധർവൻ.  അമേരിക്കയിലെ ഡാളസിൽ ഭാര്യയോടൊപ്പം താമസിക്കുന്ന യേശുദാസ് കഴിഞ്ഞ ജനുവരിയിലെ  ശതാഭിഷേക വേളയിൽ നാട്ടിൽ തിരിച്ചെത്തുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാലും ആ യാത്ര നടക്കാതെ പോയി.

എങ്കിലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു; എൺപത്തിനാല് വസന്തങ്ങൾ പിന്നിട്ട ആ നാദസൗഭഗം വീണ്ടും വേദിയിൽ  മുഴങ്ങിക്കേൾക്കാനായി...

English Summary:

Timeless Tunes: Yesudas's Heart-Stirring 'Idayakanyake' Echoes Through Dreams and Reality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com