Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിത രാസവളം വിൽപന: വളം നിർമാതാക്കൾക്കു വരുമാനം കുറയും

fertilizer

കൊച്ചി ∙ ആധാർബന്ധിത രാസവളം വിൽപന വളം നിർമാതാക്കളുടെ ഖജനാവിലേക്കുള്ള പണമൊഴുക്കു പരിമിതപ്പെടുത്തുമെന്ന് ആശങ്ക. വിറ്റഴിച്ച വളത്തിനു മാത്രമേ സബ്സിഡിക്കായി അപേക്ഷിക്കാൻ കഴിയൂവെന്നതാണു കാരണം. മുൻപ്, വളം ഡീലർമാർക്കു കൈമാറുമ്പോൾ തന്നെ സബ്സിഡിയുടെ 85 ശതമാനം തുകയ്ക്കായി അപേക്ഷിക്കാൻ കഴിയുമായിരുന്നു.

ശേഷിച്ച 15 ശതമാനം വളം വിറ്റശേഷവും. ജനുവരി ഒന്നുമുതൽ വിൽപന ആധാർ ബന്ധിതമായതോടെയാണു വളം വിറ്റഴിച്ച ശേഷം മാത്രം സബ്സിഡിയെന്ന നയം കേന്ദ്ര സർക്കാർ പ്രാബല്യത്തിലാക്കിയത്. പ്രവർത്തന മൂലധനം കുറയും. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പൊതുമേഖലാ രാസവള നിർമാതാക്കളായ ഫാക്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പണമൊഴുക്കു പരിമിതപ്പെടുമെന്നതാണു തിരിച്ചടി.

എത്ര വളം ഉത്പാദിപ്പിച്ചാലും വിറ്റു തീരുന്നതിന് ആനുപാതികമായി മാത്രമേ സബ്സിഡി തുക കിട്ടൂ. ഇതോടെ, പ്രവർത്തന മൂലധനത്തിനു മറ്റു വഴികൾ കണ്ടെത്തേണ്ടിവരുമെന്ന സ്ഥിതിയിലാണു ഫാക്ടിനെപ്പോലെ സാമ്പത്തിക ഞെരുക്കം നേരിടുന്ന സ്ഥാപനങ്ങൾ. സബ്സിഡി ലഭിക്കാൻ വൈകുന്നതു പതിവാണെങ്കിലും കിട്ടുമ്പോൾ ഒരുമിച്ച് ഇരുന്നൂറും മുന്നൂറും കോടി രൂപ കമ്പനി ഖജനാവിൽ എത്തുമായിരുന്നു. ഇനി മുതൽ, അതു പ്രതീക്ഷിക്കാൻ കഴിയില്ല. വിൽക്കുന്ന വളത്തിനു മാത്രം സബ്സിഡി ലഭിക്കുമ്പോൾ ഇത്ര വലിയ തുക ഒരുമിച്ചു ലഭിക്കാൻ സാധ്യത കുറയും. സബ്സിഡി തുക വൈകുന്ന പതിവു തുടരുക കൂടി ചെയ്താൽ രാസവള നിർമാതാക്കൾ കൂടുതൽ പ്രതിസന്ധിയിലാകും.

മഴയ്ക്കു ശേഷം കളം തെളിയും

വളം വിൽപന ആധാർ ബന്ധിതമായതോടെ ഒരു കിലോഗ്രാം വളം വാങ്ങാനും ആധാർ കാർഡും വിരൽ അടയാളവും വേണമെന്ന പ്രായോഗിക പ്രയാസത്തിലാണു കർഷകർ. എങ്കിലും, സബ്സിഡി കിഴിച്ചുള്ള തുക മാത്രം വളത്തിനു നൽകിയാൽ മതിയെന്ന ആശ്വാസവുമുണ്ട്. എന്നാൽ, ഭാവിയിൽ പാചക വാതക സബ്സിഡി മാതൃകയിലാകും രാസവള സബ്സിഡി വിതരണവുമെന്ന ആശങ്ക കർഷകരുടെ മുന്നിലുണ്ട്. വാങ്ങുമ്പോൾ തന്നെ വളത്തിന്റെ മുഴുവൻ വിലയും നൽകുക, സബ്സിഡി പിന്നീടു ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുക എന്ന ആലോചനയിലാണു കേന്ദ്ര സർക്കാർ. ചെറുകിട കർഷകർ വലിയ തുക ഒരുമിച്ചു കണ്ടെത്തേണ്ടിവരുമെന്നതാണു പ്രയാസം.

അതേസമയം, മഴക്കാലത്തിനു ശേഷം രാസവള വിൽപന വർധിക്കുമ്പോഴാണു പിഒഎസ് മെഷീൻ വഴിയുള്ള വിൽപനയുടെ പ്രായോഗിക പരിമിതികൾ വ്യക്തമാകൂവെന്നു ഡീലർമാർ പറയുന്നു. ഓരോ തവണ ബിൽ ചെയ്യുന്നതിനും ശരാശരി പത്തു മിനിറ്റ് സമയമെടുക്കുന്നുണ്ട്. ഇന്റർനെറ്റ് തടസ്സമുണ്ടായാൽ സ്ഥിതി മോശമാകും. ഇപ്പോൾ, വിൽപന കുറഞ്ഞ സമയമായതിനാൽ പ്രശ്നമില്ല. എന്നാൽ, കാർഷിക സീസണിൽ ഒരേസമയം കൂടുതൽ പേർ വളം വാങ്ങാനെത്തുമ്പോൾ സ്ഥിതിയെന്താകുമെന്നാണു ഡീലർമാരുടെ ആശങ്ക.