Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൽപാദനച്ചെലവ് വർധിച്ചു; രാസവളത്തിന് ‌വിലവർധന

India Economy

കൊച്ചി ∙ കാർഷിക വിളകൾക്കു മതിയായ വില ലഭിക്കാതെ ദുരിതത്തിലായ കർഷകർക്കു തിരിച്ചടിയായി രാസവള വിലവർധന. ഉൽപാദനച്ചെലവിലുണ്ടായ വൻ വർധനയെത്തുടർന്നാണു രാസവളത്തിനു വില കൂടിയത്. അസംസ്കൃത വസ്തുക്കളായ ഫോസ്ഫോറിക് ആസിഡ്, സൾഫർ, അമോണിയ തുടങ്ങിയവയുടെ വിലയിൽ 30 മുതൽ 50 % വരെ വില വർധിച്ചതോടെയാണ് ഉൽപാദനച്ചെലവേറിയത്. 

ഇന്ധനമായും അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഏതാനും മാസത്തിനിടെ, 8 ഡോളറിൽ നിന്ന് 12 – 13 ഡോളറായാണ് ഉയർന്നത്. ഉൽപാദനച്ചെലവിലുണ്ടായ വലിയ വർധനയുടെ ചെറിയൊരു പങ്കു മാത്രമാണ് ഉപയോക്താക്കളിലേക്കു കൈമാറുന്നതെന്നാണു രാസവള നിർമാതാക്കൾ പറയുന്നത്. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ തുടങ്ങിയ വളങ്ങൾക്കെല്ലാം വില വർധിച്ചിട്ടുണ്ട്. 

വില വർധന ഫാക്ടംഫോസിനും 

കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ടംഫോസ് ചാക്കൊന്നിനു 115 രൂപയുടെ വർധനയുണ്ട്. മുൻപ്, 950 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 1065 രൂപ. അമോണിയം സൾഫേറ്റിനും 5 – 7 % വർധനയുണ്ട്. ക്രൂഡ് ഓയിൽ വിലവർധന പ്രകൃതിവാതക വിലയിലും പ്രതിഫലിക്കാറുണ്ട്. അതുകൊണ്ടു തന്നെ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് അമോണിയ ഉൽപാദിപ്പിക്കുന്നതിലും ലാഭകരം അമോണിയ ഇറക്കുമതി ചെയ്യുകയാണെന്ന സ്ഥിതിയാണ്. ഫാക്ടംഫോസ് ഉൽപാദനത്തിന് അമോണിയ കൂടിയേ തീരൂ. ക്രൂഡ് ഓയിലിന്റെ വില കുറയുന്ന പ്രവണതയുള്ളതിനാൽ പ്രകൃതിവാതക വിലയിലും വൈകാതെ കുറവുണ്ടാകുമെന്നാണു രാസവള നിർമാതാക്കളുടെ പ്രതീക്ഷ. 

മഴ മെച്ചം, ആവശ്യമേറുന്നു

ശക്തമായ മഴ ലഭിച്ചതിനാൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ രാസവളത്തിന്റെ ആവശ്യം വർധിച്ചിട്ടുണ്ട്. അണക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ ഒരിടത്തും ജലദൗർലഭ്യമില്ല. അതേസമയം, ഉൽപാദനച്ചെലവു വർധിച്ചതിനാൽ ഫാക്ട് ഉൾപ്പെടെ പല രാസവള നിർമാതാക്കളും പൂർണതോതിൽ ഉൽപാദനം നടത്തുന്നില്ല. വില തീരുമാനിക്കാനുള്ള അവകാശം കമ്പനികൾക്കാണെങ്കിലും ഒരു പരിധിയിലേറെ വില കൂട്ടിയാൽ വിപണിയെ ബാധിക്കുമെന്നതിനാൽ ഉൽപാദനം കുറച്ചു നഷ്ടസാധ്യത കുറയ്ക്കാനാണു ശ്രമം.