ADVERTISEMENT

കൈവിട്ടുയരുന്ന കോവിഡ് വ്യാപനത്തിനിടെ, ന്യൂനമർദം ശക്തി പ്രാപിച്ചതിനെത്തുടർന്നുള്ള കൊടുംമഴയും ശക്തമായ കാറ്റും കൂടിയായതോടെ കേരളം അതിഗുരുതര സാഹചര്യമാണു  നേരിടുന്നത്. കുട്ടനാട്ടിലടക്കം പല പ്രദേശങ്ങളിലും വെള്ളം കയറുകയാണ്.  തീരമേഖലയിൽ പലയിടങ്ങളും അതിരൂക്ഷമായ കടലാക്രമണത്തിന്റെ പിടിയായിക്കഴിഞ്ഞു. ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മഹാമാരിയും ലോക്ഡൗണും കാരണം ജീവിതം വഴിമുട്ടിനിൽക്കുന്ന എത്രയോ പേർക്കു കനത്ത ആഘാതമായിരിക്കുകയാണ് ഇപ്പോഴത്തെ മഴദുരിതം.

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം  ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദമായി മാറിയെന്നത് ആശങ്കയുണ്ടാക്കുന്നു. വിവിധ ജില്ലകളില്‍ അതിജാഗ്രതാ – ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിതീവ്ര ന്യൂനമർദം വീണ്ടും ശക്തിയാർജിച്ചു രൂപം ക‍െ‍ാള്ളുന്ന ചുഴലിക്കാറ്റിന്റെ   സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും  സംസ്ഥാനത്തു ചിലയിടത്ത് ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

നമ്മുടെ തീരദേശത്തിലെ പല മേഖലകളും  കടൽക്ഷോഭത്തിന്റെ പിടിയിലാണ്. പലയിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഹാമാരിയുടെ ഭീഷണിക്കൊപ്പം  കടൽക്കലിയും വെള്ളക്കെട്ടും കൂടിയായതോടെ  തീരദേശവാസികളുടെ  ജീവിതം കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.  ഓരോ വർഷവും കടൽക്ഷോഭത്തിനെതിരെ തട്ടിക്കൂട്ടു പ്രതിരോധം ഒരുക്കിയിട്ടു കാര്യമില്ലെന്ന് ഈ ദുരിതകാലവും വിളിച്ചുപറയുന്നു.

അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും തുടർച്ചയായി വലയേണ്ടിവരുന്ന ഈ ദുർവിധിക്ക് എന്നാണ് അവസാനമുണ്ടാവുക? തീരദേശ നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുംവിധം സമഗ്രവും ശാസ്ത്രീയവുമായ കടൽക്ഷോഭ പ്രതിരോധ സംവിധാനം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ മടിച്ചുനിൽക്കുന്നതു മൂലമാണ് ഓരോ കൊടുംമഴക്കാലത്തും  തീരജീവിതം കഠിനമാകുന്നത്.

വലിയ നാശം വിതച്ച രണ്ടു തുടർപ്രളയങ്ങളുടെ പാഠങ്ങൾ പിന്നീടുള്ള ദുരന്തവേളകളിൽ കേരളം ഉപയോഗപ്പെടുത്തേണ്ടതാണെങ്കിലും  അതിനു നാം എത്രത്തോളം സജ്ജമാണെന്ന ചോദ്യം കൂടി ഈ  മഴക്കലിദിനങ്ങൾ ചോദിക്കുന്നുണ്ട്. തലയ്‌ക്കു മീതെ വെള്ളം വന്നാൽ അതിനുമീതെ ഒഴുകാനുള്ള ഒരു തോണി പുറത്തെടുക്കുന്ന നമ്മുടെ പഴഞ്ചൻ മനോഭാവം ഇനിയെങ്കിലും മാറേണ്ടതല്ലേ ?

ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാകേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തിൽ മഴക്കെടുതിയോ പ്രളയമോ ഉണ്ടായാൽ സാധാരണ നിലയിലുള്ള ദുരിതാശ്വാസ ക്യാംപ് പ്രവർത്തനം സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ  കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അറിയിച്ചതാണ്.അടിയന്തര ഘട്ടത്തിൽ പൊതുവിഭാഗം, മുതിർന്ന പൗരന്മാർ, കോവിഡ് ലക്ഷണമുള്ളവർ, നിരീക്ഷണത്തിലുള്ളവർ എന്നിവരെ വെവ്വേറെ ക്യാംപുകളിലാക്കാൻ 4 കെട്ടിടങ്ങൾ കണ്ടെത്തണമെന്നു തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  അന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ തുറക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ കോവിഡ് വ്യാപനത്തിനെതിരെ അതിജാഗ്രത പുലർത്തുകതന്നെ വേണം.

കേരളത്തിൽ ഇത്തവണ കാലവർഷം കൂടുതൽ ശക്തമായിരിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം. കേരളം എത്രത്തോളം പ്രളയസാധ്യതയുള്ള നാടാണെന്നും അതിന്റെ ആഘാതം എത്ര കനത്തതാവുമെന്നും കഴിഞ്ഞ മഴക്കാലങ്ങൾ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു.  പുതിയൊരു  കാലവർഷത്തെ അഭിമുഖീകരിക്കുമ്പോൾ, ഡാം മാനേജ്മെന്റിലടക്കമുണ്ടായ വീഴ്ചയുടെ അനുഭവപാഠങ്ങൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ മനസ്സിലുണ്ടോ എന്ന ചോദ്യം ഗൗരവമുള്ളതാണ്.

ഇപ്പോഴത്തെ മഴക്കെടുതി കേരളത്തെ കാര്യമായി ഉലയ്ക്കാതിരിക്കാനുള്ള  സമഗ്രശ്രദ്ധ അധികൃതരിൽനിന്നുണ്ടാവണം. ജീവിതത്തിൽ ദുരിതം സഹിക്കേണ്ടിവരുന്നവർക്കൊപ്പം നിലയുറപ്പിക്കുകയും അവർക്കായുള്ള ആശ്വാസസഹായം ഉദാരമായി നൽകുകയുമാണു സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽത്തന്നെ കോവിഡ് വ്യാപനത്തിന്റെ കഷ്ടതകളിൽ അകപ്പെട്ടവർക്കു മഴക്കലിയുടെ ആഘാതംകൂടി താങ്ങാനുള്ള ശേഷിയില്ലെന്നു മനസ്സിലാക്കിയുള്ള അടിയന്തര നടപടികൾ ഉണ്ടായേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com