ADVERTISEMENT

കേരള കോൺഗ്രസുകൾ നേരിട്ടു മുട്ടുന്ന കോട്ടയത്ത് പലരും ഒരു കുഴമറിച്ചിലിന്റെ കഥ പറയും. കഴിഞ്ഞ തവണ യുഡിഎഫിൽനിന്നു ജയിച്ച തോമസ് ചാഴികാടൻ    ഇത്തവണ എൽ‍ഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ നേരിടുന്നത് മുൻപ് എൽഡിഎഫ് എംപിയായിരുന്ന ഫ്രാൻസിസ് ജോർജ്. അതുകൊണ്ട് മുന്നണി, നിലപാടു മാറ്റങ്ങളുടെ പേരിൽ വാദിക്കാൻ രണ്ടു മുന്നണിക്കും എളുപ്പമല്ല. വിഷയങ്ങളും വികാരങ്ങളും ഏറെയുണ്ട് വോട്ടർമാർക്കു തൂക്കിനോക്കാൻ. മണ്ഡലത്തിന്റെ കിഴക്കുപുറത്ത് റബർവിലയാണു പ്രധാന ചർച്ച. പടി‍ഞ്ഞാറ് നെല്ലുവിലയും. പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയെന്ന വികാരം ഉദ്ഭവിക്കുന്നു. പാലായിൽ കെ.എം.മാണിയുടെ ഓർമകൾ. ചർച്ച് ബിൽ പോലുള്ള വിഷയങ്ങൾ സമുദായങ്ങളെ കക്ഷിചേർക്കുന്നു.

election-strip
https://www.manoramaonline.com/news/indepth/lok-sabha-elections-2024.html

രണ്ടു മുന്നണിയും നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ചുവരെഴുത്ത്, പോസ്റ്റർ പതിക്കൽ എന്നിങ്ങനെ പോരാട്ടത്തിനു പ്രാഥമിക നടപടിയായി. കോട്ടയം, പുതുപ്പള്ളി, പാലാ, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം എറണാകുളം ജില്ലയിലെ പിറവവും ചേർന്നതാണു പോരാട്ടഭൂമി.

സീറ്റ് ബിഡിജെഎസിനാണെന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നുമുള്ള സാധ്യത വരെയേ ആയിട്ടുള്ളൂ എൻഡിഎയിൽ.

വലിച്ചാൽ നീളുന്നില്ല

‘മെച്ചമുണ്ടായിട്ടല്ല, ടാപ്പിങ് തൊഴിലാളികളെക്കൂടി ഓർത്താണു പല കർഷകരും റബർ വെട്ടുന്നത്. എല്ലാ ചെലവും കഴിഞ്ഞു കിട്ടുന്നതു തുച്ഛമാണ്. കർ‍ഷകർക്കു രക്ഷ വേണം. തിരഞ്ഞെടുപ്പിൽ ഉറപ്പായും അതു ചർച്ചയാകും – കടുത്തുരുത്തി കാപ്പുംതല റബർ ഉൽപാദക സംഘത്തിന്റെ നടത്തിപ്പുകാരൻ ജോണിക്കുട്ടി മാത്യു പറയുന്നു. കഴിഞ്ഞ തവണ ആകെ തകർച്ചയായിരുന്നു. ഇത്തവണ മഴ കഴിഞ്ഞു ഡിസംബറിലാണു വെട്ടു തുടങ്ങിയത്.

തിരഞ്ഞെടുപ്പാകുമ്പോൾ നേതാക്കൾ പല വാഗ്ദാനവും തരും. ബജറ്റിൽ പ്രഖ്യാപിച്ച 10 രൂപകൊണ്ട് ഒരു നേട്ടവുമില്ല. കർഷകരെ അവഗണിച്ചില്ലെന്നു കാണിക്കാൻ ഒരു കണ്ണിൽ പൊടിയിടൽ. അതിലൊക്കെ കർഷകർക്ക് അമർഷമുണ്ട്. ഇക്കൊല്ലം ഇതുവരെ ആർക്കെങ്കിലും വിലസ്ഥിരതാ ഫണ്ടിന്റെ സഹായം കിട്ടിയതായി ജോണിക്കുട്ടിക്ക് അറിയില്ല. ഇതൊക്കെ സമയത്തു കിട്ടിയാൽ കൊള്ളാം. ഇപ്പോൾ കിട്ടുന്ന പരമാവധി വിലയായ 162 രൂപകൊണ്ട്  പ്രയോജനമില്ല. വില ഉയർന്നാലേ കാര്യമുള്ളൂ.’ സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണു ജോണിക്കുട്ടിയുടെ അഭിപ്രായം. റബർ മേഖലയെ നിയന്ത്രിക്കുന്നതു കേന്ദ്രമല്ലേ. വിലസ്ഥിരതാ ഫണ്ടും കേന്ദ്രം ഏറ്റെടുക്കട്ടെ – അതാണു ജോണിക്കുട്ടി പറയുന്ന പോംവഴി.

പതിരുകാലം

കുമരകം നാലുപങ്ക് നാനൂറിൽ പാടശേഖരത്തിന്റെ വരമ്പിൽ കർഷകരായ അനിയൻകുഞ്ഞിനെയും ജോയിയെയും കണ്ടു. വോട്ടു ചോദിക്കാൻ എത്തുന്നവരോടു കൃഷിദുരിതങ്ങൾ പറയണമെന്നുണ്ട് അവർക്ക്. പരിഹരിച്ചുകളയും എന്നു വിചാരിച്ചല്ല. കാലാവസ്ഥ എതിരുനിന്നതുകൊണ്ട് ഇത്തവണ വിളവു മോശമാണ്. ഏക്കറിന് 6 –7 ക്വിന്റൽ നെല്ലു കുറഞ്ഞു. കഴിഞ്ഞ വിളവെടുപ്പിലെ നെല്ലിന്റെ പണം കിട്ടിയത് 5 മാസം കഴിഞ്ഞാണ്.

‘ഒരേക്കറിൽനിന്നു പരമാവധി 22 ക്വിന്റലേ സംഭരിക്കൂ എന്നു സർക്കാർ പറയുന്നു. പക്ഷേ, നെല്ല് അധികമാകുമെന്ന പ്രശ്നം ഇത്തവണയില്ല. കാലാവസ്ഥ മോശമായതുകൊണ്ട് വിളവ് 20 ക്വിന്റലിൽ താഴെത്തന്നെ നിന്നു’ – പാതി തമാശയായി അനിയൻകുഞ്ഞ് പറഞ്ഞു. ഏതു സംവിധാനം വന്നാലും തട്ടിപ്പിനു ചിലരുണ്ട്. അപ്പോൾ നിയന്ത്രണം വരും. വലയുന്നത് നേരേവാ നേരേപോ ചിന്താഗതിക്കാരാണ്.

ജനപ്രതിനിധികൾ കൊണ്ടുവരുന്ന തലതിരിഞ്ഞ പദ്ധതികളെയോർ‍ത്താണു ജോയിക്കു കൂടുതൽ രോഷം. ‘ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നൊക്കെ ജനകീയാസൂത്രണത്തിൽ പദ്ധതികളെ വേർതിരിക്കുകയാണെങ്കിൽ ഇതൊരു അനാവശ്യമാണ്’ – നാലുപങ്ക് വഞ്ചിവീട് ടെർമിനലിനെ ചൂണ്ടിയാണു പറഞ്ഞത്. കായലിന്റെ ഒരു കോണിലാണത്. ഉദ്ഘാടനം കഴിഞ്ഞിട്ടു രണ്ടു വർഷത്തിലേറെയായി. പോള നിറഞ്ഞതിനാൽ വഞ്ചിവീടൊന്നും അടുക്കുന്നില്ല. പണ്ടേ പോള നിറയുന്ന സ്ഥലത്ത് ഇങ്ങനെയൊരെണ്ണം നിർമിച്ചു പാഴാക്കിയതിനെയാണ് അനാവശ്യമെന്നു ജോയി വിളിച്ചത്. സഞ്ചാരികളെ കാത്തു വഞ്ചിവീടുകൾ നിരയിടുന്ന മറ്റു സ്ഥലങ്ങളിലും നിറയുന്ന പോള ടൂറിസത്തെ പിന്നോട്ടു തള്ളുന്നുണ്ട്.

വൈക്കം ക്ഷേത്രനടയിലെ ഓട്ടോറിക്ഷകളുടെ നീണ്ട നിരയിൽ വാലറ്റത്തായിരുന്നു സജീവ്. ‘എണ്ണം കൂടിയതുകൊണ്ടല്ല, കുംഭച്ചൂടിൽ ഓട്ടം കുറവായതുകൊണ്ടാണ് ഇത്രയും ഓട്ടോകൾ’ സജീവിന്റെ നോട്ടത്തിൽ വൈക്കത്ത് എൽഡിഎഫിനാണു മുൻതൂക്കം. പക്ഷേ, രാഷ്ട്രീയ ചർച്ചകളിൽ സംസ്ഥാന സർക്കാരിനും നല്ല വിമർശനം കിട്ടുന്നുണ്ട്. വെറ്ററിനറി വിദ്യാർഥി സിദ്ധാർഥിന്റെ മരണവും സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമൊക്കെ തിരഞ്ഞെടുപ്പുകാലത്ത് അമർഷം വളർത്തുന്ന സംഭവങ്ങളാണ്.

ഒഴിയാത്ത ഉത്സവങ്ങൾ

തിരുനക്കര മൈതാനം സർവകലാശാലാ കലോത്സവത്തിന്റെ ചമയങ്ങൾ മുഴുവൻ അഴിച്ചിട്ടില്ല. വി, ദ് പീപ്പിൾ ഓഫ് ഇന്ത്യ എന്ന കലോത്സവപ്പേരിലും തിരഞ്ഞെടുപ്പിന്റെ ധ്വനി. കലോത്സവത്തിന്റെ ഉറക്കമിളപ്പു മാറ്റുന്ന നഗരത്തിൽ തിരഞ്ഞെടുപ്പുത്സവക്കാർ കാര്യമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല. കടുത്ത മത്സരമാണെന്നാണ് മൈതാനത്തു കണ്ട അനിലിന്റെ അവലോകനം. ‘ചാഴികാടൻ കഴിഞ്ഞ തവണ യുഡിഎഫിന്റെ വോട്ട് കൊണ്ടല്ലേ ജയിച്ചത്? പിന്നെ, ഇത്തവണ വോട്ടുകൾ രണ്ടു പക്ഷത്തേക്കും മറിഞ്ഞേക്കാം’. 

പുതുപ്പള്ളി പള്ളി പരിസരം ശാന്തമായിരുന്നു. നിറയെ വെള്ളപ്പൂക്കൾ വച്ച ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ ഇപ്പോഴും ആളുകൾ പ്രാർഥിക്കാനെത്തുന്നു. പള്ളിക്കു മുന്നിലുണ്ടായിരുന്ന പ്രാവി‍ൻകൂട് ഇപ്പോൾ കബറിടത്തിനരികിലാണ്. പല നാടുകളിൽനിന്നു ദിവസവും ആളുകൾ എത്തുന്നുണ്ടെന്നു കൂടെ വന്ന സെക്യൂരിറ്റി ചുമതലക്കാരൻ സാബു തോമസ്. തിരഞ്ഞെടുപ്പിന്റെ പേരിൽ ആരും വന്നു തുടങ്ങിയിട്ടില്ല.

English Summary:

Lok Sabha Election 2024, Kottayam Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com