ADVERTISEMENT

ശാക്തീകരണത്തിന്റെ ചില അഭിമാനനിമിഷങ്ങൾ ഓരോ സ്ത്രീയും ഉൾപ്പുളകത്തോടെ ഓർത്തുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ച് സുഖോയ് യുദ്ധവിമാനത്തിൽ ഹിമാലയസാനുക്കൾക്കും ബ്രഹ്മപുത്ര താഴ്‌വരയ്ക്കും മീതേ പറന്നതാണ് അതിലൊന്ന്. വ്യോമയാത്രയ്ക്ക് ഇറങ്ങുമ്പോൾ എനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, പറക്കൽ കഴിഞ്ഞ് തിരിച്ചിറങ്ങിയതാകട്ടെ നിറയെ ആത്മവിശ്വാസത്തോടെയും. ‘‘അതേ, നമുക്കതു കഴിയും!’’ മനസ്സ് എന്നോടു പറഞ്ഞു. നിയമനിർമാണസഭകളിൽ  സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്ന നിയമം, ‘നാരീശക്തി വന്ദൻ അധിനിയം’ ഒപ്പിട്ടതാണ് രണ്ടാമത്തെ അനർഘ നിമിഷം. 

പെൺമ: രാജ്യാന്തര വനിതാ ദിന സ്പെഷൽ കവറേജ്

വനിതാ ശാക്തീകരണത്തിലൂടെ നമുക്കു കിട്ടുന്ന ഉജ്വല അനുഭവങ്ങളെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. ഒഡീഷയിലെ വിദൂര ആദിവാസി ഗ്രാമത്തിൽനിന്നു വരുന്ന ഞാൻ അതു കണ്ടറിഞ്ഞിട്ടുണ്ട്. ജെൻഡർ നീതിക്കും ജെൻഡർ തുല്യതയ്ക്കും വേണ്ടിയുള്ള നമ്മുടെ കുതിപ്പ് പൊതുപ്രവർത്തക എന്ന നിലയ്ക്ക് എന്നെ അദ്ഭുതപ്പെടുത്തുന്നു. 

ജനസേവനത്തിന്റെ ഏറ്റവും വലിയനേട്ടം നമ്മുടെ സുന്ദരമായ രാജ്യത്ത് നിരന്തരം സഞ്ചരിക്കാനും അസാധാരണ വ്യക്തിത്വമുള്ള ധാരാളം മനുഷ്യരെ കാണാനും സാധിക്കുമെന്നതാണ്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ധാരാളം വ്യക്തികൾക്കും സംഘങ്ങൾക്കും രാഷ്ട്രപതി ഭവനിൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളിലൂടെ മനസ്സിലാക്കിയത് ഇന്ത്യൻ വനിതകൾ ശക്തമായ ആത്മവിശ്വാസത്തോടെ മുന്നേറുന്നു എന്നാണ്. ഇന്നത്തെ രാജ്യാന്തര വനിതാദിനത്തിൽ നമുക്ക് ഭാരതീയ വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കാം. 

Read more at: ‘പറ്റില്ലെന്നു പറഞ്ഞ് ഇറക്കിവിട്ടു, സ്ത്രീകളോട് ഇപ്പോഴും നികൃഷ്ടമായ സമീപനം’; പെൺകളിക്കളവുമായി വിനയ

രാജ്യത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സന്ദർശിച്ചപ്പോഴെല്ലാം പഠനമികവിലും നൈപുണ്യത്തിലും നമ്മുടെ പെൺകുട്ടികൾ ആൺകുട്ടികൾക്ക് ഒപ്പമോ ഒരുപടി മുന്നിലോ നിലകൊള്ളുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. ശാസ്ത്ര–സാങ്കേതിക, ഗണിത മേഖലകളിലെ കുറഞ്ഞ വനിതാ പ്രാതിനിധ്യത്തിലുള്ള ആശങ്ക ലോകത്തെമ്പാടുമുണ്ട്. എന്നാൽ, പുരുഷ മേധാവിത്വമുള്ള ഈ രംഗങ്ങളിലും ഇന്ത്യയിൽ വനിതകൾ ഗണ്യമായ സംഭാവനകൾ നൽകുന്നു. നമ്മുടെ ബഹിരാകാശ പദ്ധതികളുടെ നേതൃസ്ഥാനത്തുള്ള വനിതാ ശാസ്ത്രജ്ഞർ രാജ്യത്തിന്റെ പുതിയ പ്രയാണങ്ങൾക്കു ചുക്കാ‍ൻ പിടിക്കുന്നു. കോർപറേറ്റ് മേഖലയിൽ, പ്രത്യേകിച്ച് സ്റ്റാർട്ടപ് രംഗത്ത് വനിതാസാന്നിധ്യം ശ്രദ്ധേയമാണ്. 

womens-day

ഭാരതത്തിന്റെ സർവസൈന്യാധിപ എന്ന നിലയിൽ എനിക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന ഒന്നുണ്ട്. സേനയിൽ സ്ത്രീകൾക്ക് അപ്രാപ്യമെന്നു കരുതപ്പെട്ടിരുന്ന മതിൽക്കെട്ടുകൾ ഒന്നൊന്നായി തകർത്ത് നമ്മുടെ പെൺകുട്ടികൾ കര,നാവിക, വ്യോമ സേനകളിൽ കരുത്തു കാട്ടുന്നു. സ്പോർട്സിൽ വനിതകൾ മറ്റേതു രംഗത്തെക്കാളുമധികം സാന്നിധ്യവും ശക്തിയും അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ നേട്ടങ്ങളൊക്കെയും വ്യക്തിപരമായ മികവ് എന്നതിലുപരി രാജ്യം കൈവരിച്ച നേട്ടമായി കണക്കാക്കേണ്ടതുണ്ട്. 

ജനസംഖ്യയുടെ പകുതിയിലേറെ വനിതകളാണ്. അതുകൊണ്ടുതന്നെ വനിതകളെ മറന്നു മുന്നേറാൻ കഴിയില്ല. വനിതകൾ എത്തുന്നിടം വരെ മാത്രമേ രാജ്യത്തിനും മുന്നോട്ടുപോകാൻ കഴിയൂ. വനിതാ ശാക്തീകരണം ആരുടെയും ഔദാര്യമല്ല, മറിച്ച് രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയാണ്. സ്ത്രീകളെ ശാക്തീകരിക്കാതെ ഒരു രാജ്യത്തും വികസനവും സമൃദ്ധിയും ഉറപ്പാക്കാൻ കഴിയില്ല. 

Read more at: ‘അവൾക്ക് ജോലിയാണ് എല്ലാം, ഭർത്താവിനെ പോലും മറക്കും’; വിശേഷങ്ങൾ പങ്കുവച്ച് ഐഎഎസ് ദമ്പതികൾ

ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ അവളുടെ ആത്മാഭിമാനം മറ്റേതൊരു വ്യക്തിയുടെയും ആത്മാഭിമാനത്തിനു തുല്യമായി സമൂഹം അംഗീകരിക്കുന്നതാണ് സമത്വം. അവളെ സംബന്ധിച്ച് സ്ത്രീ ശാക്തീകരണമെന്നാൽ അവസര സമത്വത്തിനുള്ള തടസ്സങ്ങൾ നീക്കുകയും സ്വന്തം കഴിവ് തിരിച്ചറിയുന്നതിന് അവളെ പ്രാപ്തയാക്കുകയുമാണ്. ദൗർഭാഗ്യവശാൽ മിക്ക പെൺകുട്ടികൾക്കും അവസരസമത്വം നിഷേധിക്കപ്പെടുന്നു.  

draupadi-murmu

ചരിത്രപരമായി മനുഷ്യസമൂഹം വനിതകളോടു വിനാശകരമായ ചില മുൻവിധികൾ വച്ചുപുലർത്തിയിട്ടുണ്ട്. നമ്മുടെ ഭാഷകളിൽ പോലും ഇതു കാണാം. ഉദാഹരണമായി മനുഷ്യരാശി എന്നതിന് humankind എന്നു പറയുന്നതിനു പകരം mankind എന്നാണ് പലപ്പോഴും പ്രയോഗിക്കാറുള്ളത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പാരിസ് പ്രഖ്യാപനം തുടങ്ങുന്നത് ‘all men are born free and equal’ എന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകയും സ്ത്രീവിമോചന പോരാളിയുമായിരുന്ന ഹൻസാബെൻ മേത്തയാണ് ‘all human beings are born free and equal’ എന്ന് അതു തിരുത്തിയത്. 

ഭരണഘടനയടക്കം നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകങ്ങൾ രൂപപ്പെട്ട കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ഹൻസാബെൻ ഉൾപ്പെടെ 15 വനിതകൾ അംഗങ്ങളായിരുന്നു. കേരളത്തിൽനിന്നു ദാക്ഷായണി വേലായുധനും ആനി മസ്ക്രീനും ഉണ്ടായിരുന്നു. പക്ഷേ ഭരണഘടന ഒരുക്കിയവരെ ഇന്നും വിശേഷിപ്പിക്കുന്നത് ‘ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപക പിതാക്കന്മാർ (founding fathers of the Indian Republic) എന്നാണ്. പാശ്ചാത്യ ചിന്തയുടെ സ്വാധീനമാകാം ഇതിനു കാരണം. 

രാഷ്ട്രപതി ദ്രൗപദി മുർമു (X/rashtrapatibhvn)
രാഷ്ട്രപതി ദ്രൗപദി മുർമു (X/rashtrapatibhvn)

വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോഴും ബഹിരാകാശ ശാസ്ത്രജ്ഞരും യുദ്ധ വൈമാനികരുമൊക്കെ ആകാൻ ആഗ്രഹിച്ചിട്ടും അതൊന്നുമാകാതെ പോയ അസംഖ്യം സ്ത്രീകളുണ്ടെന്ന യാഥാർഥ്യവും നമ്മൾ ഓർക്കണം. 

ഹൻസാബെൻ മേത്ത, സരോജിനി നായിഡു, സുചേതാ കൃപലാനി, കമലാദേവി ചതോപാധ്യായ തുടങ്ങിയവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പ്രമുഖ വനിതകളാണ്. മഹാത്മാ ഗാന്ധിജിയടക്കമുള്ള നേതാക്കളുടെ ദീർഘദർശിത്വമാണ് അവർക്കു പ്രോത്സാഹനമായത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിൽ ആരു വോട്ടു ചെയ്യണമെന്നോ ആരു മത്സരിക്കണമെന്നോ തീരുമാനിക്കപ്പെട്ടത് സ്ത്രീ–പുരുഷ വ്യത്യാസം നോക്കിയായിരുന്നില്ല. ലോകത്തെ മറ്റു പ്രധാന ജനാധിപത്യ രാജ്യങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു അത്. 

‘നാരീ ശക്തി വന്ദൻ അധിനിയം’ എന്ന നാഴികക്കല്ലോടെ രാജ്യത്ത് വനിതകളുടെ രാഷ്ട്രീയ ശാക്തീകരണം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത കുതിപ്പു നേടുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ സമ്പൂർണ വികസിത രാഷ്ട്രമായി മാറാൻ ഈ നിയമം നിർണായകസംഭാവനകൾ നൽകുമെന്നുറപ്പ്. 

രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു(Photo: X/ANI)
രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു(Photo: X/ANI)

വനിതകളുടെ ഉന്നമനത്തിനായി ഭരണകൂടവും സമൂഹവും കൈകോർക്കുന്നത് സ്വാതന്ത്ര്യത്തിനു മുൻപുതന്നെ കേരളത്തിൽ സംഭവിച്ചിരുന്നു. പ്രാദേശിക ഭരണാധികാരികളുടെ പുരോഗമന ചിന്താഗതിയും ഇതിനു കാരണമായി. അവർ തുടങ്ങിവച്ച ദൗത്യം ഉയർന്ന സാക്ഷരതയുടെയും മികച്ച സാമൂഹിക പുരോഗതിയുടെയും കരുത്തിൽ മുന്നോട്ടുപോകുന്നു എന്നത് സന്തോഷകരമാണ്. ഫലവും സുവ്യക്തമാണ്. കേരളത്തിൽ ഞാൻ കണ്ട ഓരോ വനിതയും ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു. എല്ലാ തൊഴിൽ മേഖലകളിലും മികച്ച സംഭാവനകൾ നൽകാൻ കേരള വനിതകളെ പ്രാപ്തരാക്കിയത് ഈ ആത്മവിശ്വാസമാണ്. ആതുര ശുശ്രൂഷാ രംഗത്ത്, പ്രത്യേകിച്ചു നഴ്സിങ് മേഖലയിൽ മലയാളി വനിതകൾ ഏറക്കുറെ കുത്തകാവകാശം നേടിയിരിക്കുന്നു. 

മുത്തശ്ശിമാർ സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ കാലത്തുനിന്ന് നമ്മൾ ഒരുപാടു മുന്നോട്ടു പോയിരിക്കുന്നു. നമ്മുടെ പെൺമക്കൾ സ്വാതന്ത്ര്യത്തിന്റെ രണ്ടാം നൂറ്റാണ്ടിലേക്കു ദീപശിഖയുമായി മുന്നേറ്റം തുടരും. നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കാൻ വർഷത്തിൽ ഒരു ദിവസം പോരാ. ‘അതേ, നമുക്കു കഴിയും; നമ്മൾ നേടും.’ എന്ന ദൃഢവിശ്വാസത്തോടെ ഓരോ ദിവസവും വനിതാ ദിനമായി ആഘോഷിക്കപ്പെടണം.

English Summary:

President Droupadi Murmu to the Malayala Manorama readers on Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com