ADVERTISEMENT

വൈപ്പിനിലെ ഗോശ്രീ ജംക്‌ഷൻ. ഫ്രാൻസിസിന്റെ ഭാഗ്യക്കുറിക്കട:
തിരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ ഫ്രാൻസിസും സുഹൃത്തും ഒരേസ്വരത്തിൽ പറഞ്ഞു: എല്ലാവർക്കും ഓരോ ജോലിയും തിരക്കുമാണ്. അതു കഴിഞ്ഞല്ലേ രാഷ്ട്രീയം അന്വേഷിക്കാൻ കഴിയൂ. ആരും ആരെയും ആശ്രയിക്കുന്നില്ല. അതുകൊണ്ട് അടിമത്തവുമില്ല.
തിരഞ്ഞെടുപ്പു കാലത്തു രാഷ്ട്രീയക്കാർക്കു മേനി പറയാൻ മാത്രം ഇവിടെ അത്രയ്ക്കൊന്നും വികസിച്ചിട്ടില്ലെന്നു ഫ്രാൻസിസ്. എന്തൊക്കെയോ ചെയ്തെന്നു നേതാക്കൾ വിളിച്ചുപറയുന്നു. അത്രതന്നെ.

ഇൻഫോപാർക്കിനു സമീപത്തെ കൂൾ ബാർ:
ജോലിക്കു കയറുന്നതിനു മുൻപു ദാഹം മാറ്റുന്ന ചെറുപ്പക്കാർ. ഇൻഫോപാർക്ക് പ്രദേശത്ത് അവർ തിരഞ്ഞെടുപ്പു ചലനങ്ങളൊന്നും കാണുന്നില്ല.
ഒന്നാമൻ: ഇവിടെ അതൊന്നും വലിയ ചർച്ചയല്ല. നേരവും താൽപര്യവും ഇല്ലാത്തവരാണു മിക്കവരും.
രണ്ടാമൻ: പല സ്ഥലങ്ങളിൽനിന്നു വരുന്നവരല്ലേ. പലർക്കും വോട്ട് ഇവിടെയാവില്ല. എനിക്കു തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് വോട്ട്.
ഒന്നാമൻ: ഇതു ലോക്സഭാ തിരഞ്ഞെടുപ്പാണെടാ. നിയമസഭാ മണ്ഡലമാണു തൃപ്പൂണിത്തുറ. അതും എറണാകുളം ലോക്സഭാ മണ്ഡലത്തിലാണ്. ഇപ്പോൾ മനസ്സിലായില്ലേ ചേട്ടാ, ഇവിടത്തെ സാഹചര്യം? – കൂട്ടുകാരനുള്ള പരിഹാസത്തിൽ ഒന്നാമൻ വിലയിരുത്തൽ പൂർത്തിയാക്കി.

തിരക്കിട്ട് വോട്ട് ചെയ്യുന്നവർ

മത്സ്യമേഖല മുതൽ ഐടി വ്യവസായംവരെ സജീവമായ എറണാകുളത്തിന്റെ ഏതുഭാഗത്തു ചെന്നാലും രാഷ്ട്രീയത്തിനു മീതേ തൊഴിലും തിരക്കും നിറയുന്നതു കാണാം. സിറ്റി ബിസിയാണെങ്കിലും ചെല്ലാനത്തും വൈപ്പിനിലുമൊക്കെ സാധാരണക്കാരുടെ ദുരിതവുമുണ്ട് തിരഞ്ഞെടുപ്പു വിഷയമായി.

കമിങ് സൂൺ എന്ന തലക്കെട്ടും ഹൈബി ഈഡന്റെ ചിത്രവുമുള്ള വലിയ ബോർഡുകൾ നഗരത്തിൽ കാണാം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപുള്ള അനൗദ്യോഗിക അറിയിപ്പ്. എല്ലാ ഹൃദയത്തിലും ഹൈബി, നാടിന്റെ ഹൃദയാക്ഷരങ്ങൾ എന്നിങ്ങനെ വോട്ടർമാരുടെ ഹൃദയം തൊടാനുള്ള ശ്രമമുണ്ട് ബോർഡുകളിൽ. ആരോഗ്യരംഗത്തു കൂടുതൽ ശ്രദ്ധിച്ച എംപി മറ്റെന്താണു പറയേണ്ടതെന്ന് ഒരു കോൺഗ്രസ് നേതാവിന്റെ ചോദ്യം.

സർപ്രൈസ് സ്ഥാനാർഥിയെന്ന ശൈലി ഇത്തവണയും എൽഡിഎഫ് തുടർന്നു. കെ.ജെ.ഷൈൻ എന്ന അധ്യാപികയെ പ്രതിപക്ഷ നേതാവിന്റെ നാട്ടിൽനിന്ന് അവതരിപ്പിച്ചു. ഇതിൽ എന്താണിത്ര സർപ്രൈസ് എന്നു ചോദിക്കുന്നവരെ എൽഡിഎഫ് നേതാക്കൾ 2009 ഓർമിപ്പിക്കും. കെ.വി.തോമസിന്റെ ഭൂരിപക്ഷം സിന്ധു ജോയ് 12000ൽ താഴെയെത്തിച്ച പോരാട്ടം.
കെ.ജെ.ഷൈൻ ലോക്സഭാ സ്ഥാനാർഥി മാത്രമല്ലെന്നാണു പറവൂരിലെ ഒരു സിപിഎം നേതാവു പറഞ്ഞ സ്വകാര്യം. ഒരുപക്ഷേ, ഭാവിയിൽ പ്രതിപക്ഷ നേതാവിനെതിരെയും കെ.ജെ.ഷൈൻ എന്ന പേര് ചുവരിലെഴുതിയേക്കാം. സിപിഐയുടെ സീറ്റല്ലേ എന്നു ചോദിച്ചാൽ പിറവവുമായി വച്ചുമാറാമല്ലോ എന്ന പോംവഴിയുണ്ട്. എന്നു കരുതി, ജയിക്കാൻ വേണ്ടിയല്ല ലോക്സഭാ മത്സരമെന്നു വളച്ചൊടിക്കുകയും വേണ്ട എന്നു സഖാവിന്റെ ഓർമപ്പെടുത്തൽ.

ഈ നഗരമണ്ഡലത്തിലെ വോട്ടർമാർ വലിയ സ്വപ്നങ്ങളുള്ളവരാണ്. മെട്രോ റെയിൽ അങ്കമാലി വരെ എത്തുമോ, വാട്ടർ‍ മെട്രോ വികസിപ്പിക്കുമോ, ഗ്രീൻഫീൽഡ് ഹൈവേ എന്നു പൂർത്തിയാകും എന്നൊക്കെയാണ് അവരുടെ അന്വേഷണങ്ങൾ. മൂന്നു ഗോശ്രീ പാലങ്ങളിലും ഗതാഗതം പരമാവധിയായി; മറ്റൊരു പാലം കൂടി വേണം എന്ന് അവർ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. ബ്രഹ്മപുരത്തെ തീയിൽ ഇനി നഗരം പുകയരുതെന്നും.

എൻഡിഎ സ്ഥാനാർഥി ആരെന്ന് അറിവായിട്ടില്ല. പുതിയ സാഹചര്യത്തിൽ സീറ്റ് വിഭജനത്തിൽ മാറ്റം വന്നേക്കാം, സർപ്രൈസ് സ്ഥാനാർഥി വന്നേക്കാം. ട്വന്റി 20 സ്ഥാനാർഥിയായി ആന്റണി ജൂഡിയുടെ പോസ്റ്ററുകൾ പതിഞ്ഞു തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ വോട്ട്

ഫോർട്ട് കൊച്ചിക്കു തെക്കുള്ള തീരഗ്രാമത്തിനു സൗദിയെന്നു പേരു വന്നതു സൗദി അറേബ്യയിൽനിന്നാണോ? അല്ലെന്നാണു ചരിത്രം പറയുന്നത്. സൗദി വെള്ളയ്ക്ക എന്ന സിനിമയിൽ കണ്ട നാടുതന്നെ. കുറച്ചുഭാഗങ്ങൾ ഇവിടെയാണു ഷൂട്ട് ചെയ്തത്. ‘സൗദി പോർച്ചുഗീസ് വാക്കാണെന്നു പള്ളിയിൽ അച്ചൻമാർ പ്രസംഗത്തിൽ പറയുന്നതു ചെറുപ്പംമുതൽ കേട്ടിട്ടുണ്ട്. അർഥം അറിയില്ല’ – കവലയിൽനിന്നു മീൻ വാങ്ങി മടങ്ങുന്ന ജേക്കബ് പറഞ്ഞു.

ഇവിടത്തെ ആരോഗ്യമാതാവിന്റെ പള്ളിയുടെ പേരിൽനിന്നാണു സൗദി എന്ന പേരു വന്നതെന്നു പള്ളി അധികാരികൾ പറയുന്നു. പോർച്ചുഗീസ് ഭാഷയിൽ സൗദി എന്നാൽ ആരോഗ്യം എന്നാണർഥം. 16ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചതാണു പള്ളി. തീരം ഇല്ലാതാകുന്നു എന്നതാണു സൗദിയുടെ പ്രധാനപ്രശ്നം. അതൊക്കെ രാഷ്ട്രീയക്കാർ ഗൗനിക്കുമോ എന്ന സംശയം ജേക്കബിനുണ്ട്. ‘ഇപ്പോഴത്തെ വിവാദങ്ങളൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പെൻഷൻ മുടങ്ങിയതും അധികാരികളുടെ മറ്റു കാട്ടായങ്ങളുമൊക്കെ ചെറുപ്പക്കാർപോലും സംസാരിക്കുന്നുണ്ട്’ – മീൻ വീട്ടിലെത്തിക്കാൻ ജേക്കബ് തിടുക്കപ്പെട്ടു.

English Summary:

Lok Sabha Election 2024, Ernakulam Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com