ADVERTISEMENT

മഹാബലിക്കരയാണെന്നും അതല്ല, മഹാ (വലിയ) വേലി (കോട്ട) ഉണ്ടായിരുന്ന നാടാണെന്നുമൊക്കെ സ്ഥലനാമചരിത്ര വ്യാഖ്യാനങ്ങൾ. പാണ്ഡ്യനാട്ടിലെ മാവേലിവാണാതിരായർ എന്ന ഇടപ്രഭു വംശക്കാരിൽനിന്നാണ് ആ പേരെന്നു വരെ വ്യാഖ്യാനങ്ങൾ കരകവിയുന്നു. അതിരിനുള്ളിൽ ഓണാട്ടുകരയുമുണ്ട്. അപ്പോൾ മാവേലിബന്ധം ശരിയാകില്ലേ എന്ന ചോദ്യത്തിനു ന്യായമുണ്ട്. അപ്പോൾ ഓടനാട്ടുകര ലോപിച്ചതാണ് ഓണാട്ടുകരയെന്ന അപഗ്രഥനമോ? എന്തായാലും മാവേലിക്കരയെ രാഷ്ട്രീയമായി ആർക്കും വേലികെട്ടി സ്വന്തമാക്കാൻ കഴിയില്ലെന്നു രാഷ്ട്രീയചരിത്രം.

ഇപ്പോഴത്തെ മാവേലിക്കര മണ്ഡലത്തിൽ 2009 മുതൽ മൂന്നു തവണ കൊടിക്കുന്നിൽ സുരേഷ് ജയിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മേൽക്കൈ നേടാറുണ്ട്. കഴിഞ്ഞ തവണ 7 നിയമസഭാ സീറ്റിലും എൽ‍ഡിഎഫ് ജയിച്ചു. പഴയ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലും ഇടതുപക്ഷം പല തവണ ജയിച്ചിട്ടുണ്ട്.

ഒരുവശത്തു കൊടിക്കുന്നിൽ മാറാതെ നിൽക്കുന്നു. സിപിഐയിൽനിന്ന് എതിരാളികൾ ഓരോ തവണയും മാറിവന്നു. 2009ൽ ആർ.എസ്.അനിൽ, 2014ൽ ചെങ്ങറ സുരേന്ദ്രൻ, 2019ൽ ചിറ്റയം ഗോപകുമാർ. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കരുത്ത് ലോക്സഭാ മത്സരങ്ങളിൽ കാട്ടാൻ എൽഡിഎഫിനു കഴിഞ്ഞില്ല.   ഇത്തവണ യുവമുഖമായ സി.എ.അരുൺ കുമാർ പ്രചാരണം നേരത്തേ തുടങ്ങി. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും വീണ്ടും കൊടിക്കുന്നിൽ തന്നെയെന്ന് ഉറപ്പായിരുന്നതിനാൽ പ്രവർത്തകർ ഒരുക്കം തുടങ്ങിയിരുന്നു.

കുട്ടനാട്ടിലെ നെൽക്കർഷകരിൽ തുടങ്ങി കിഴക്കൻ മേഖലയിലെ റബർ കർഷകരുടെയും കൊല്ലം മേഖലയിലെ കശുവണ്ടിത്തൊഴിലാളികളുടെയും വരെ പ്രശ്നങ്ങൾ കേട്ടു വേണം സ്ഥാനാർഥികൾക്കു വോട്ടുചോദിക്കാൻ. ഒരു മുന്നണിയുടെയും പക്കൽ പരിഹാരമില്ലെന്ന് അറിഞ്ഞാലും അവർ അതു പറഞ്ഞുകൊണ്ടിരിക്കുന്നു.

മൂന്നു ജില്ലകളിലായി കയറിയും കടന്നും കിടക്കുകയാണു മാവേലിക്കര മണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ തുടങ്ങി ആലപ്പുഴയിലെ കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയും താണ്ടി കൊല്ലത്തിന്റെ കുന്നത്തൂരും കൊട്ടാരക്കരയും പത്തനാപുരവും വരെ.

കുട്ടനാട്ടിലെ കണ്ടങ്കേരി പാട്ടത്തിവരമ്പിനകം പാടത്തു പുഞ്ചക്കൃഷിയുടെ കൊയ്ത്ത്. 900 ഏക്കറുണ്ട്. കൊയ്ത്തുയന്ത്രം സമയത്തു കിട്ടിയല്ലോ എന്നു ചോദിച്ചപ്പോൾ പാട്ടക്കൃഷിക്കാരനായ ശശിധരൻ നായർ ചിരിച്ചു: ഇതു ഞങ്ങൾ സ്വന്തമായി എത്തിച്ചതാ. സർക്കാരൊന്നും ചെയ്തില്ല. മണിക്കൂറിന് 1700 രൂപ വാടക.

കൊയ്ത്തുകാലമായിട്ടും യന്ത്രങ്ങൾ എത്തിക്കാൻ അധികാരികൾ യോഗം പോലും വിളിച്ചില്ലെന്നു കർഷകർ. ‘കഴിഞ്ഞ കൃഷിയിലെ നെല്ലു കൊടുത്തിട്ട് 6 മാസം കഴിഞ്ഞാണു കാശു കിട്ടിയത്. കഴിഞ്ഞ രണ്ടാം കൃഷി വെള്ളത്തിലായതിന്റെ നഷ്ടം വേറെ. ഏക്കറിനു 40000 രൂപയാണ് നഷ്ടമായത്’ – ശശിധരൻ നായർ ദുരിതം പറഞ്ഞിട്ടു തീരുന്നില്ല. ‘ഈ കൊയ്യുന്നതും മില്ലുകാർ‍ വന്നു നോക്കിയിട്ടു പോയി. ഒട്ടും ഈർപ്പമില്ലാത്ത നെല്ലാണേ. എന്നാലും ഈർപ്പമുണ്ടെന്നും കിഴിവു വേണമെന്നും അവർ പറയും. ഒരു പണിയും ചെയ്യാത്ത ഇടനിലക്കാരാണു ലാഭം കൊയ്യുന്നത്.’

‘കർഷകരെ ദ്രോഹിക്കരുത്. വോട്ടു ചോദിക്കുന്നവരോട് അതേ പറയാനുള്ളൂ. നെല്ലിന്റെ വില 15 ദിവസംകൊണ്ടു തരുമെന്നൊക്കെ പ്രഖ്യാപിക്കുന്നുണ്ട്. അതൊന്നും വിശ്വസിക്കുന്നില്ല’ – ഇവിടെ മൂന്നേക്കറിൽ കൃഷിയുള്ള പുരുഷോത്തമൻ പിള്ള പറഞ്ഞു.

വോട്ടു ചോദിക്കാൻ എത്തുന്നവരോടു തിരിച്ചു ചില ചോദ്യങ്ങൾ കരുതിവച്ചിട്ടുണ്ട് ചെങ്ങന്നൂർ ഹാച്ചറി ജംക്‌ഷനിൽ പെട്ടിക്കട നടത്തുന്ന അനിയൻ (78). ‘കേന്ദ്ര ഫണ്ടായി എത്തിയ കോടികൾ പാഴാകുന്നു എന്ന വാർത്ത കണ്ടു. നമ്മൾ തിരഞ്ഞെടുക്കുന്നവർക്ക് ഇതിൽ ഉത്തരവാദിത്തമില്ലേ? അതു ചോദിക്കേണ്ടേ? 1600 രൂപ പെൻഷൻ മുടങ്ങിയിട്ട് 7 മാസമായി അതു ചോദിക്കേണ്ടേ?’ പെൻഷനെങ്കിലും കിട്ടിയെങ്കിൽ കടയിൽ കുറച്ചു സാധനങ്ങൾ വാങ്ങി വയ്ക്കാമായിരുന്നു എന്നതാണ് അനിയന്റെ പ്രതീക്ഷ. മിഠായി ഭരണികൾ പലതും കാലിയായിരിക്കുന്നു.

മാവേലിക്കര പുന്നമൂട്ടിലെ ആൽത്തറയിൽ നാലഞ്ചുപേർ നിരന്നിരിക്കുന്നു. തിരഞ്ഞെടുപ്പു ചർച്ചയായിരിക്കുമെന്നു തോന്നി. പക്ഷേ, അവർക്ക് ഒന്നും പറയാനില്ലായിരുന്നു. നിസ്സംഗത. ആകാശവാണിയിലെ ‘വയലും വീടും’ പരിപാടിയിലൂടെ ശ്രോതാക്കൾക്കു പരിചിതനായ മുരളീധരൻ തഴക്കര അതു ശരിവച്ചു. ‘രാഷ്ട്രീയം തൊഴിലാക്കിയവരുടെ കാലത്തു ജനങ്ങൾക്കു മടുപ്പു തോന്നുന്നതിൽ അദ്ഭുതമില്ലല്ലോ. ജനാധിപത്യം നിലനിൽക്കണം. ഏകാധിപത്യം വേണ്ട. അതുകൊണ്ടു മാത്രം ഞാൻ വോട്ടു ചെയ്യും.’

മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകുന്നുണ്ട്. മാസങ്ങളായി അടഞ്ഞുകിടന്ന കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികൾ ഈയിടെയാണു തുറന്നത്. കുറച്ചു സ്വകാര്യ ഫാക്ടറികളിൽ പണിയുള്ളതുകൊണ്ടാണു പലരും കഴിഞ്ഞുകൂടുന്നതെന്നു നെടുവത്തൂരിലെ കശുവണ്ടിത്തൊഴിലാളി അമ്പിളി. ‘കോർപറേഷൻ ഫാക്ടറികളിലെ തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. പലരും വളരെ ദൂരെനിന്നെത്തി സ്വകാര്യ ഫാക്ടറികളിൽ ജോലി ചെയ്യുന്നു.’

എല്ലാ സർക്കാരുകളും വാഗ്ദാനങ്ങൾ തരാറുണ്ടെന്ന് അമ്പിളി. പലതും നടക്കാറില്ല. എങ്കിലും ഇനിയും പ്രതീക്ഷയുണ്ട്.

English Summary:

Lok Sabha Election 2024 , Mavelikkara Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com