ADVERTISEMENT

വാഹനമോടിക്കുന്നവർ ഒന്നു മനസ്സുവച്ചെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ അപകടങ്ങളിലൂടെയാണു നാം നിത്യവും കടന്നുപോകുന്നത്. തിരുവനന്തപുരം വിഴിഞ്ഞത്ത് ഇന്നലെ ടിപ്പർ ലോറി ഒരു വിദ്യാർഥിയുടെ ജീവനെടുത്തതാണ് ഈ സങ്കടപരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. വഴിനീളെ ക്യാമറകൾവച്ചു പിഴ ഈടാക്കുന്നതുകെ‍ാണ്ടു മാത്രമായില്ല, ജീവനെടുക്കുന്ന ഗതാഗതനിയമലംഘനങ്ങൾ എന്നെന്നേക്കുമായി നിരത്തെ‍ാഴിഞ്ഞുപോകുകകൂടി വേണമെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയാണ് ദാരുണമായ ഈ അപകടം.

വിഴിഞ്ഞം തുറമുഖത്തേക്കു കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്നു കല്ലു തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ബിഡിഎസ് വിദ്യാർഥി അനന്തു ബി.അജികുമാറിന്റെ മരണം ഞെട്ടലോടെയാണു കേരളം കേട്ടത്. അനന്തു സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. അമിതലോഡും അമിതവേഗവുമാണ് അപകടത്തിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. മൂടിയിടാതെ കരിങ്കല്ലും മണലും ലോറികളിൽ കെ‍ാണ്ടുപോകുന്നത് ഈ മേഖലയിൽ പതിവാണെന്നും അവർ ആരോപിക്കുന്നു. ഇന്നലെ അപകടമുണ്ടാക്കിയ ലോറിയിൽ മൂടിയാണ് കരിങ്കല്ലു കെ‍ാണ്ടുപോയതെന്നു പറയാമെങ്കിലും വേണ്ടവിധമായിരുന്നില്ല ആ മൂടലെന്നും അതുകെ‍ാണ്ടു സുരക്ഷ ഉറപ്പാക്കാനായില്ലെന്നുമല്ലേ മനസ്സിലാക്കേണ്ടത്? 

കേരളത്തിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന മൊത്തം വാഹനങ്ങളുടെ എണ്ണമെടുത്താൽ ടിപ്പറുകൾ വളരെ കുറവായിരിക്കും. പക്ഷേ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങളുടെ ഗണത്തിൽപെട്ടതാണ് അവ. പത്തനംതിട്ട ജില്ലയിലെ അടൂരിനു സമീപം, അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രിക അതേ ടിപ്പർ ലോറി തലയിൽകൂടി കയറിയിറങ്ങി മരിച്ചതു കഴിഞ്ഞ ജനുവരിയിലാണ്. ഇങ്ങനെ എത്രയെത്ര അപകടങ്ങൾ!  നിയമത്തിന് അതീതമാണെന്ന മട്ടിലാണു പ്രധാന പാതകളിലൂടെയും നാട്ടുവഴികളിലൂടെയുമൊക്കെയുള്ള ടിപ്പർ ലോറികളുടെ പോക്ക്. 

അവയുടെ മരണപ്പാച്ചിൽ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുരുതിപ്പരമ്പരയ്‌ക്ക് അറുതിവരുത്താമായിരുന്നില്ലേ? വേഗപരിധിയും സമയപരിധിയും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മാനിക്കാതെ ടിപ്പറുകൾ തലങ്ങും വിലങ്ങും പായുമ്പോൾ ഗതാഗതനിയമവും നിയമപാലകരുമെല്ലാം പലപ്പോഴും കണ്ണടയ്‌ക്കാറുമുണ്ട്. അപകടമുണ്ടാകുമ്പോൾ പരിശോധന ഉഷാറാകുമെങ്കിലും ഏതാനും ദിവസങ്ങൾക്കു ശേഷം ടിപ്പർ ലോറികളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ദുഃസ്‌ഥിതി മാറാതെ ടിപ്പർ അപകടങ്ങൾ കുറയില്ല. 

ആരുടെയൊക്കെയോ അനാസ്ഥയ്ക്കു വിലയായി ജീവൻ കൊടുക്കേണ്ടിവരുന്ന നിസ്സഹായതയ്ക്കുമുൻപിൽ‌ പകച്ചുനിൽക്കുകയാണു കേരളം. മൂടിവയ്ക്കാതെ കല്ലും മണലുമെ‍ാക്കെ കെ‍ാണ്ടുപോകുന്ന വാഹനങ്ങൾ അപകടങ്ങൾക്കു ക്ഷണപത്രം നീട്ടുകതന്നെയാണ്. മതിയായ സുരക്ഷയില്ലാതെ, പുറത്തേക്കു തള്ളിനിൽക്കുന്ന കമ്പികളും മറ്റും കെ‍ാണ്ടുപോകുന്ന വാഹനങ്ങൾ സംസ്ഥാനത്തു പലയിടത്തും എത്രയോ അപകടങ്ങൾ വരുത്തിവച്ചിരിക്കുന്നു. സുരക്ഷ ഉറപ്പാക്കാതെ ലോറിയിൽ കെ‍ാണ്ടുപോയ കൂറ്റൻ തടി ബസിൽ തുളച്ചുകയറി വൻ അപകടങ്ങൾപോലും ഉണ്ടായിട്ടുണ്ട്. ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞുവീണ കയറിൽ കുരുങ്ങി കോട്ടയത്തു കാൽനടയാത്രക്കാരനു ദാരുണാന്ത്യമുണ്ടായതു കഴിഞ്ഞ ജൂലൈയിലാണ്. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി റോഡിലേക്കു നീണ്ടുകിടന്നിരുന്നു. ഇതിൽ കുരുങ്ങിയയാളാണ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തൽക്ഷണം മരിച്ചത്. 

ലോറികളും മറ്റും റോഡരികിൽ തോന്നിയപടി നിർത്തിയിടുന്നതും പലപ്പോഴും ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഭാരവാഹനങ്ങളിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്ന ലോഡിൽ ചുവന്ന ലൈറ്റ് പോലെയുള്ള മുന്നറിയിപ്പുകൾ പലപ്പോഴും ഉണ്ടാവുകയുമില്ല. തെരുവുവിളക്കുകൾ വേണ്ടത്ര പ്രകാശം ചൊരിയാത്ത റോഡുകളിൽ ഇങ്ങനെയുള്ള വാഹനങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാനും വിഷമം. എതിരെ വരുന്ന വാഹനങ്ങളിൽനിന്നുള്ള കണ്ണഞ്ചിക്കുന്ന പ്രകാശവും കാഴ്‌ചയ്‌ക്കു പ്രയാസമുണ്ടാക്കുന്നു. 

വാഹനങ്ങളോടിക്കുന്നവരുടെ നിയമലംഘനങ്ങൾ ജീവനെടുക്കാൻ കാരണമാവുമ്പോൾ അതിനു കൂടുതൽ ഗൗരവമുണ്ടാകുന്നു. അതുകെ‍ാണ്ടുതന്നെ കർശന നടപടികളെടുത്താവണം ഇതിനു തടയിടേണ്ടത്. മാതൃകാപരമായ നടപടികൾ ഉണ്ടാവാത്തതുതന്നെയാണു വാഹനാപകടങ്ങൾ ആവർത്തിക്കുന്നതിനു കാരണം. തുടർച്ചയായ നിയമലംഘനങ്ങൾക്കു കൂടുതൽ കർശനമായ ശിക്ഷ നൽകുന്നതിനോടൊപ്പം പാതമര്യാദകളെക്കുറിച്ചും ഗതാഗതച്ചട്ടങ്ങളെക്കുറിച്ചും ഡ്രൈവർ‌മാർക്കു തുടർബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യം.

English Summary:

Editorial about Road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com