ADVERTISEMENT

മദ്യനയ അഴിമതിക്കേസിൽ എ‍ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐയും നീക്കമാരംഭിച്ചിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം നടപടികൾ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. പെ‍ാതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ, നേതാക്കളെ വേട്ടയാടിയും മറ്റും പ്രതിപക്ഷത്തെ തളർത്താനാണു സർക്കാരിന്റെ നീക്കമെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. അമിതാധികാരപ്രയോഗവും സ്വേച്ഛാധിപത്യ നിലപാടും പ്രതികാരരാഷ്ട്രീയവുമാണ് ഇത്തരം നടപടികൾക്കു പിന്നിലെന്ന ആക്ഷേപം നമ്മുടെ ജനാധിപത്യ രാഷ്ട്രത്തെ കളങ്കപ്പെടുത്തുന്നു.

മുഖ്യപ്രചാരകന്റെ അസാന്നിധ്യം മൂലം ആം ആദ്മി പാർട്ടിക്ക് (എഎപി) ഉണ്ടാകുന്ന ദൗർബല്യവും എതിർപക്ഷത്തെ നേതാവ് ജയിലിലാണെന്ന പ്രചാരണത്തിനുള്ള സാധ്യതയുമാണ് കേജ്‌രിവാളിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നതെന്നാണു വിലയിരുത്തൽ. കേജ്‌രിവാളിനു പിന്നാലെ എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലക്ഷ്യമിടുന്നെന്ന സൂചനയുമുണ്ട്. പഞ്ചാബ് മദ്യനയത്തിലെ അഴിമതി ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരിക്കുകയാണ്. ഡൽഹി മാതൃകയിലാണ് പഞ്ചാബിലും മദ്യനയം രൂപീകരിച്ചതെന്നാണ് ആരോപണം. 

ഇന്ത്യാമുന്നണി പാർട്ടികളിലൊന്നിന്റെ മറ്റൊരു മുഖ്യമന്ത്രിയെക്കൂടി രണ്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിനു കാരണമായിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 31ന് ആണ് അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപ് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. വിവിധ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം അറസ്റ്റ് ചെയ്ത നേതാക്കൾ കുറച്ചെ‍ാന്നുമല്ല. തങ്ങളുടെ നേതാക്കൾക്കെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

‘നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തും മുൻപുള്ള 10 വർഷം, കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ 60% മാത്രമായിരുന്നു പ്രതിപക്ഷത്തെ നേതാക്കൾ. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആകെയുള്ള കേസുകളിൽ 95% പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്’- മോദി സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ കഴിഞ്ഞവർഷം നൽകിയ കണക്കാണിത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതു കോടതിക്കു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്ന സുപ്രീം കോടതി ബെഞ്ചിനുമുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴി‍ഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതുകൂടി ഇതോട‌‌െ‍ാപ്പം ചേർത്തുവയ്ക്കാം. 

അതേസമയം, തന്ത്രപൂർവം കളം മാറിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നു ‘രക്ഷപ്പെട്ടു നിൽക്കുന്ന’ നേതാക്കളെയും കാണാതിരിക്കാൻ പാടില്ല. ഹിമന്ത ബിശ്വശർമ, അശോക് ചവാൻ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ തുടങ്ങി പലരുമുണ്ട് പട്ടികയിൽ. എതിർപക്ഷത്തുള്ളവരെ വേട്ടയാടുന്നതിനെ‍ാപ്പം വിധേയത്വം കാണിക്കുന്നവരോടുള്ള അധികാരത്തിന്റെ താങ്ങും തലോടലുംകൂടി കാണുമ്പോൾ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് ആശങ്കപ്പെടാതെവയ്യ.

അന്വേഷണ ഏജൻസികളെക്കെ‍ാണ്ടു വേട്ടയാടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ബുദ്ധിമുട്ടിപ്പിക്കുകയുമാണ് കേന്ദ്ര സർക്കാർ എന്നാണ് ആരോപണം. തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കെ, ആദായനികുതി വകുപ്പിന്റെ നടപടി മൂലം ഒരു മാസമായി സാമ്പത്തികമായി നട്ടംതിരിയുകയാണ് കോൺഗ്രസ്. 2018 –19 കാലയളവിൽ നികുതി റിട്ടേൺ നൽകുന്നതിൽ കാലതാമസം വരുത്തുകയും അനുവദനീയമായതിൽ കൂടുതൽ തുക പണമായി സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലെ പിഴയും പലിശയും ചേർത്ത് 210 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവാണ് പാർട്ടിയെ വെട്ടിലാക്കിയത്.

സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. എന്നാൽ, ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുമ്പോൾ, ഏതു മാർഗം ഉപയോഗിച്ചും  പ്രതിപക്ഷത്തെ തളർത്താൻ ശ്രമിക്കുമ്പോൾ, ഫലത്തിൽ  ജനാധിപത്യത്തെത്തന്നെയാണു ഭരണകൂടം നിശ്ശബ്ദമാക്കുന്നതെന്നതിൽ സംശയമില്ല.  ലോകത്തിനുമുന്നിൽ എക്കാലത്തും ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമെന്നു വാഴ്ത്തപ്പെട്ടുപോന്ന നമ്മുടെ രാജ്യം ആ പവിത്രപാതയിൽനിന്നു വ്യതിചലിക്കുകയാണോ എന്ന ആശങ്ക അതീവഗൗരവമുള്ളതാണ്.

English Summary:

Editorial about Delhi Liquor Policy Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com