ADVERTISEMENT

തുടർച്ചയായുണ്ടായ വന്യജീവി ആക്രമണങ്ങളിൽ നിസ്സഹായരും നിരാലംബരുമായ ജനത സർക്കാരിന്റെ നിരുത്തരവാദിത്തത്തെ ചോദ്യം ചെയ്തപ്പോഴാണ് ബഹുതലങ്ങളിലുള്ള നടപടികൾ ഈ മാസമാദ്യം പ്രഖ്യാപിക്കപ്പെട്ടത്. മനുഷ്യ–വന്യജീവി സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇനിയൊരു ദുരന്തംകൂടി സംഭവിച്ചശേഷം തുടർനടപടികൾക്കു  കാത്തിരിക്കുകയാണു സർക്കാരെന്നു തോന്നിക്കുംവിധത്തിലുള്ള മെല്ലെപ്പോക്കാണ് ഇപ്പോൾ കാണുന്നത്. 

മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പ്രവർത്തനങ്ങൾക്കു സംസ്ഥാനതല സമിതി, ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതി എന്നിവ രൂപീകരിച്ചിരുന്നു. ‘വന്യമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യജീവനെടുക്കുമ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും അധികൃതർ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി മുന്നിൽവച്ചുവേണം ഇനിയുള്ള നടപടികളുടെ മുന്നേറ്റം’ എന്നു ഞങ്ങൾ ഈ മാസം ഏഴിനു മുഖപ്രസംഗത്തിലൂടെ ഓർമിപ്പിച്ചെങ്കിലും ആ വലിയ പ്രഖ്യാപനങ്ങൾ വേണ്ടവിധം മുന്നോട്ടുകെ‍ാണ്ടുപോകാൻ സർക്കാരിനു സാധിക്കുന്നില്ലെന്നതാണു നിർഭാഗ്യകരം. നീറുന്ന ഈ വിഷയത്തിനു നാമമാത്ര നടപടികളും യോഗങ്ങൾ വിളിച്ചുകൂട്ടലുംകെ‍ാണ്ട്  പരിഹാരമാവില്ലല്ലോ.  

മനുഷ്യ–വന്യമൃഗ സംഘർഷം ഇല്ലാതാക്കാൻ വനം വകുപ്പിന്റെ ദ്രുതകർമസേനകൾ (റാപ്പിഡ് റെസ്പോൺസ് ടീം) ശക്തിപ്പെടുത്താനും പുതിയവ രൂപീകരിക്കാനും തീരുമാനിച്ചെങ്കിലും പണമില്ലാതെ സർക്കാർനടപടികൾ വൈകുന്നത് ഇക്കാര്യത്തിലുള്ള സർക്കാരിന്റെ ആത്മാർഥത ചോദ്യം ചെയ്യുന്നെ‍ാരു ഉദാഹരണമാണ്. മന്ത്രിസഭാ യോഗത്തിലും വന്യജീവി ആക്രമണം തടയാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും കർമസേനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഇതിന് 38.07 കോടി രൂപ വേണമെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. നിലവിലുള്ള 15 കർമസേനകൾ കൂടാതെ 13 എണ്ണം കൂടി രൂപീകരിക്കാനും അടിസ്ഥാനസൗകര്യം ഒരുക്കാനും 36 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. 18 വാഹനങ്ങൾ വാങ്ങാൻ 2.07 കോടി വേറെയും വേണം. 

മനുഷ്യ– വന്യമൃഗ സംഘർഷം നേരിടാനായി കേന്ദ്ര സർക്കാരിന് 620 കോടി രൂപയുടെയും സംസ്ഥാന സർക്കാരിന് 39 കോടി രൂപയുടെയും പദ്ധതികൾ സമർപ്പിച്ചെങ്കിലും നഷ്ടപരിഹാര കുടിശിക നൽകാനായി സംസ്ഥാനം അനുവദിച്ച 13 കോടി രൂപയല്ലാതെ മറ്റൊന്നും വനം വകുപ്പിനു ലഭിച്ചില്ല എന്നതു സർക്കാർ നിരുത്തരവാദിത്തത്തിന്റെ മറ്റെ‍ാരു തെളിവായി നമുക്കു മുന്നിലുണ്ട്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ വൻ പദ്ധതികളാണ് വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ചതെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഇതേ പദ്ധതി നൽകിയിരുന്നെങ്കിലും സ്വന്തമായി ഫണ്ട് കണ്ടെത്താൻ പറഞ്ഞു കേന്ദ്രം മടക്കിയിരുന്നു.

നമ്മുടെ മലയോരമേഖലയെ ഇത്രയും ആശങ്കയിലാഴ്ത്തിയ മറ്റെ‍ാരു സാഹചര്യം സമീപകാലത്തെ‍‍ാന്നും ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുമ്പോഴും സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന ഈ മെല്ലെപ്പോക്ക് അപലപനീയമാണ്. വന്യമ‍ൃഗക്കലിയിൽ ജീവൻ നഷ്ടപ്പെടുന്ന മനുഷ്യരെയും സമാധാനം നഷ്ടപ്പെടുന്ന മലയോരദേശങ്ങളെയും മുന്നിൽ കണ്ടുവേണം സർക്കാർ ഈ വിഷയത്തിൽ മുന്നോട്ടുനീങ്ങാൻ. 

മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ അനിവാര്യ സാഹചര്യങ്ങളിൽ കൊല്ലാനുള്ള ഉത്തരവിടാൻ വന്യജീവി സംരക്ഷണ നിയമപ്രകാരം വ്യവസ്ഥയുണ്ടോ ഇല്ലയോ എന്നതിലും സർക്കാർ വ്യക്തത വരുത്തണം. ഈ വ്യവസ്ഥ ഇപ്പോഴത്തെ ഭീഷണസാഹചര്യത്തിൽ അത്രമേൽ നിർണായകമാണെന്ന് ഓർക്കേണ്ടതുണ്ട്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ദുരന്തനിവാരണ അതോറിറ്റി അധികൃതരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇന്നലെ യോഗം ചേർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കു പ്രാഥമികരൂപം നൽകിയതു നല്ലതുതന്നെ. പ്രഖ്യാപനങ്ങൾക്കെ‍ാപ്പം, പ്രായോഗികവും മാനുഷികവും ശാശ്വതവുമായ പരിഹാരത്തിനു കാത്തിരിക്കുന്ന നാടിന്റെ മനസ്സു തിരിച്ചറിഞ്ഞുള്ള അടിയന്തര നടപടികളാണ് ഇനിയെങ്കിലും ഉണ്ടാവേണ്ടത്.

English Summary:

Editorial about Government not allocating money to strengthen Rapid Action Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com