ADVERTISEMENT

ഭൂമിയിലെ ഏറ്റവും കരുത്തുറ്റത് മനുഷ്യ മസ്തിഷ്കം തന്നെയാകും. അതിന്റെ സഹായത്താലാണ് മനുഷ്യർ കൊടുങ്കാടുകളിലെ മൃഗതുല്യ ജീവിതകാലം പിന്നിട്ട് ഇന്നത്തെ നിലയിലെത്തിയത്. മസ്തിഷ്കം സംബന്ധിച്ച പഠനങ്ങൾ ലോകമെമ്പാടും സജീവമാണ്. ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇലോൺ മസ്ക്കിന്റെ കമ്പനിയായ ന്യൂറലിങ്ക് ഈ വർഷം നടത്തിയത്. തലച്ചോറിൽ സ്ഥാപിച്ച സവിശേഷ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായി. 29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന മുൻ യുഎസ് ഡൈവിങ് താരം തലച്ചോറുപയോഗിച്ച് കംപ്യൂട്ടർ കഴ്സർ നിയന്ത്രിച്ചു. എട്ടു വർഷംമുൻപ് അപകടത്തിൽ ശരീരം തളർന്ന ആർബോഗ് അങ്ങനെ എട്ടുമണിക്കൂറാണു ചെസ് കളിച്ചത്. ടെലിപ്പതി എന്നാണ് മസ്ക് ഈ സാങ്കേതികവിദ്യാപദ്ധതിക്കു പേരിട്ടത്. 

ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters
ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters

തലച്ചോർ പിടിക്കാൻ

കംപ്യൂട്ടറിന്റെ പ്രോസസിങ് യൂണിറ്റ് പോലെയാണു നമ്മുടെ തലച്ചോർ. ശരീരമെന്ന ഹാർഡ്‌വെയറിനെ നിയന്ത്രിക്കുന്നു. തലച്ചോറിലേക്കു കടന്നുകയറാനും നിയന്ത്രിക്കാനുമൊക്കെയുള്ള ശ്രമങ്ങൾ പതിറ്റാണ്ടുകളായുണ്ട്. ഇക്കൂട്ടത്തിൽ കുപ്രസിദ്ധമാണ് അമേരിക്കൻ ഇന്റലിജൻസ് സംഘടനയായ സിഐഎയുടെ പ്രോജക്ട് എംകെ അൾട്ര. ലഹരിമരുന്നുകൾ ഉപയോഗിച്ച് ഇരകളുടെ മനസ്സിനെ നിയന്ത്രിക്കുക, വിവരങ്ങൾ ചോർത്തുക, മാനസിക പീഡനത്തിലൂടെ സത്യം വെളിവാക്കാനുള്ള മുറകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അൾട്രയ്ക്കുണ്ടായിരുന്നത് (1953ൽ തുടങ്ങിയ പദ്ധതി 1973ൽ അവസാനിപ്പിച്ചു). ‘വൺ ഫ്ലൂ ഓവർ ദ് കുക്കൂസ് നെസ്റ്റ്’ എന്ന നോവലിന്റെ രചയിതാവ് കെൻ കേസി, സംഗീതജ്ഞൻ റോബട് ഹണ്ടർ തുടങ്ങിയവരൊക്കെ ഈ പരീക്ഷണം നേരിട്ടവരാണ്. മൃഗങ്ങളിലും പരീക്ഷിച്ചു. നായകളുടെ തലയ്ക്കുള്ളിൽ ചാലകങ്ങൾ സ്ഥാപിച്ച് തലച്ചോറിനെ നിയന്ത്രിച്ച് വിദൂരത്തിരുന്നു ദൗത്യങ്ങൾ നടപ്പാക്കാനുള്ള പദ്ധതി ഏറെ വിവാദങ്ങളുയർത്തി യുഎസിനെ വെട്ടിലാക്കി. തലച്ചോർ തുരന്ന് ഇലക്ട്രോഡുകൾ സ്ഥാപിച്ച ശേഷം വൈദ്യുതി കടത്തിവിട്ട് നായ്ക്കളെ നിയന്ത്രിക്കാനാകുമോ എന്നു പരിശോധിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചത്.

ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ്

ഇത്തരം വിവാദപദ്ധതികൾ പതിയെ അംഗീകൃതമാകുന്നതിനാണ് കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് ഈ സാങ്കേതികമേഖല ഇന്നറിയപ്പെടുന്നത്. ധാർമിക മാനദണ്ഡങ്ങൾ പാലിച്ച് മസ്തിഷ്കത്തിലേക്കു കടന്നുകയറുകയാണ് ഈ രീതിയുടെ ലക്ഷ്യം. ഡേറ്റ കേബിൾ കുത്തി  ഉപകരണത്തെ കംപ്യൂട്ടറിലേക്കു ഘടിപ്പിക്കുന്നതുപോലെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നു. പ്രോജക്ട് അൾട്ര പോലെ വിധ്വംസക പ്രവർത്തനമല്ല, മറിച്ച് മനുഷ്യജീവിതത്തെ പോസിറ്റീവായി മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണിതെന്നു പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

തലച്ചോറിനോ ശരീരത്തിനോ യുഎസ്ബി പോർട്ടുകളില്ല. പിന്നെയെങ്ങനെ ഈ ബന്ധം സാധ്യമാകും. 2020ൽ ഹാർവഡ് ബിസിനസ് റിവ്യു ബിസിഐയെക്കുറിച്ചു വിശദലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു രീതിയിൽ തലച്ചോറുമായുള്ള ഈ ബന്ധം സാധ്യമാണത്രേ. ഇൻവേസീവും അല്ലാത്തതും.

തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റുകൾ സ്ഥാപിച്ച് ന്യൂറോണുകളെ വിലയിരുത്തുന്നതാണ് ഇൻവേസീവ് രീതി. ഇതു വയറുപയോഗിച്ചോ അല്ലാതെയോ കംപ്യൂട്ടറുമായി ബന്ധിപ്പിക്കും. വയർലെസ് രീതിയാണ് ന്യൂറലിങ്ക് അവലംബിച്ചത് (അതായിരുന്നു അതിന്റെ പ്രാധാന്യവും). നോൺ ഇൻവേസീവ് രീതിയിൽ ശസ്ത്രക്രിയകളില്ല. തലയിൽ ധരിച്ചിരിക്കുന്ന ഇൻഫ്രാറെഡ് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ഇതിൽ ലഭിക്കുന്നത്. ഇൻവേസീവ് രീതിയുടെ അത്ര ഫലപ്രദമല്ല ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം ഇതിൽ വിവരശേഖരണത്തിനു വേണ്ടിവരും.

neuralink-2 - 1

യുഎസ് പ്രതിരോധവകുപ്പ് ഈ രംഗത്ത് ഒട്ടേറെ ഗവേഷണങ്ങൾ നടത്തുന്നു. സൈനികർക്കു തലച്ചോറുപയോഗിച്ച് ഡ്രോണുകളെയും മറ്റു പ്രതിരോധ ഉപകരണങ്ങളെയും നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ ഇതിനുപിന്നിലുണ്ട്. ബ്ലാക്ക്റോക്ക്, ന്യൂറബിൾ, കെർണൽ, ക്യുനിറോ, ബിറ്റ്ബ്രെയിൻ, പ്രിസിഷൻ, ന്യൂറോസ്കൈ, ഇമോട്ടീവ്, ബിറ്റ്ബ്രെയിൻ തുടങ്ങി അനേകം കമ്പനികളും കളത്തിൽ നിറഞ്ഞാടുന്നു. ചില സമൂഹമാധ്യമങ്ങളും അവരുടെ ബിസിഐ ഇംപ്ലാന്റുകൾക്കു ശ്രമിക്കുന്നുണ്ട്.

കാടുകയറുന്ന സ്വപ്നങ്ങൾ

നോളണ്ട് ആർബോഗിനെപ്പോലെ ശാരീരിക പരിമിതികളുള്ളവർക്കു സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അവസരമൊരുക്കുന്നത് ബിസിഐയുടെ ശ്രദ്ധേയ നേട്ടം തന്നെയാണ്. ഒട്ടേറെ വൈദ്യശാസ്ത്ര സാധ്യതകൾ ഈ സാങ്കേതികവിദ്യയ്ക്കുണ്ട്. തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും  ഇന്ദ്രിയ അവയവങ്ങൾക്കുമുള്ള തകരാർ പരിഹരിക്കൽ തുടങ്ങിയവ ഇതിൽ പെടും.

വിദൂരഭാവിയിൽ ഇതെപ്പറ്റി ഒരുപാടു സ്വപ്നങ്ങളുണ്ട്. എഴുത്തുകാരനു ടൈപ്പ് ചെയ്യാതെ മനസ്സുപയോഗിച്ച് എഴുതാം; ഗെയിം താൽപര്യമുള്ളവർക്കു മനസ്സുകൊണ്ട് ഗെയിം കളിക്കാം.

ഈ സാങ്കേതികവിദ്യ വളർന്നു വികസിച്ചാൽ സ്വപ്നതുല്യമായ പലകാര്യങ്ങളും നടക്കുമെന്നു വിശ്വസിക്കുന്നവരും ഒട്ടേറെ. മറ്റുള്ളവരുടെ മനോനില അറിയാം, ഇഷ്ടമുള്ളവരുമായി തലച്ചോർ മുഖേന സംസാരിക്കാം, സ്വപ്നങ്ങൾ പകർത്താം, വെർച്വലായ  മെറ്റാവേഴ്സ് ലോകത്തു ചിരകാലം താമസിക്കാം. നമുക്കു പോരായ്മകളുള്ള മേഖലകളിൽ ശേഷി വർധിപ്പിക്കാം. കണക്കിലോ സംഗീതത്തിലോ പിന്നിലുള്ളവർക്ക് അതെല്ലാം     പരിഹരിക്കാം. പിഎസ്‌സി പരീക്ഷയ്ക്കു വേണ്ട അറിവുകളെല്ലാം മനസ്സിൽ സൂക്ഷിച്ചുവയ്ക്കാം. ചുരുക്കത്തിൽ സൂപ്പർമാനായി നിങ്ങൾക്കു മാറാം. ആർക്കും തോൽപിക്കാനാകില്ല. ഇതെല്ലാം തൽക്കാലം സ്വപ്നങ്ങൾ മാത്രം. ബിസിഐ ഇന്നും ബാലദശ പിന്നിട്ടിട്ടില്ല.

പ്രശ്നങ്ങളും ലോഡിങ്

ഏതു സാങ്കേതികവിദ്യയ്ക്കും പ്രശ്നങ്ങളുണ്ട്. എന്നാൽ, ഈ സാങ്കേതികവിദ്യയിലെ പ്രശ്നങ്ങൾ പൂർണനശീകരണ സ്വഭാവമുള്ളതായിരിക്കുമെന്നു വിമർശകർ പറയുന്നു. മനുഷ്യന്റെ സ്വകാര്യതയിലുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിരിക്കും ഇത്. കുറെക്കാലം കഴി‍‍ഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കാൻ ന്യൂറലിങ്കിനു പ്ലാനുണ്ടെന്ന് ഇലോൺ മസ്ക് പറഞ്ഞത് ഇതുമായി ചേർത്തുവയ്ക്കപ്പെടുന്നു. മനുഷ്യന്റെ ചിന്താരീതികൾ മെഷീനുകൾ മനസ്സിലാക്കിയാൽ അവ മനുഷ്യനുമേൽ ആധിപത്യം നേടുന്ന സൂപ്പർ ഇന്റലിജൻസിനു വഴിവയ്ക്കുമെന്നു ചില ഗവേഷകർ പറയുന്നു.

തലച്ചോർ ഹാക്ക് ചെയ്യുക, നമ്മുടെ മനമറിഞ്ഞ് പരസ്യങ്ങളും മറ്റും കമ്പനികൾ മുന്നിലെത്തിക്കുക (ഇതിപ്പോൾ തന്നെയുണ്ട്) തുടങ്ങിയവയെല്ലാം ഇതുമൂലം സംഭവിക്കാം. ഭരണകൂടങ്ങൾക്കു പ്രജകളുടെമേൽ പഴുതില്ലാത്ത സ്വാധീനം ചെലുത്താനും ഇതു വഴിവച്ചേക്കാം. സമ്പത്തുള്ളവരും അല്ലാത്തവരും തമ്മിലുള്ള അന്തരം സാങ്കേതികമേഖലയിൽ വർധിക്കാനും ഒരുപക്ഷേ, രണ്ടു വിഭാഗങ്ങളായി (ബിസിഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരും അല്ലാത്തവരും) മനുഷ്യരാശി വിഭജിക്കപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

English Summary:

Brain Computer Interface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com