ADVERTISEMENT

കോട്ടമൈതാനം പോലെയാണു പാലക്കാടിന്റെ മനസ്സ്. നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിണറായി വിജയനും വേണ്ടി പന്തൽ കെട്ടും, മൈക്കും വയ്ക്കും. ഓരോ വാക്കിനെയും മൈതാനത്തിലെ മൺതരികൾ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷേ, രാഷ്ട്രീയ നിലപാടു കൃത്യമായി കോട്ടകെട്ടി സൂക്ഷിക്കും.   

കഴിഞ്ഞതവണ ലോക്സഭയിലേക്കു കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠനെ ജയിപ്പിച്ച വോട്ടർമാർതന്നെ തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ 5 മണ്ഡലങ്ങളും ഇടതുപക്ഷത്തിനു നൽകി. പാലക്കാട് നഗരസഭയിലെ ഭരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബിജെപിക്കും കരുത്തുപറയാനുണ്ട്. 

വി.കെ.ശ്രീകണ്ഠൻ തന്നെ ഇക്കുറിയും യുഡിഎഫ് സ്ഥാനാർഥിയായെത്തുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും പാലക്കാട് മുൻ എംപിയുമായ എ.വിജയരാഘവനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വീണ്ടും ജനവിധി തേടുന്നു. 

വികസനം, ജനബന്ധം

വിജയാഘോഷത്തിനുള്ള പാട്ടുവരെ തയാറാക്കിയാണ് കഴിഞ്ഞതവണ ഇടതുപക്ഷം മത്സരിച്ചത്. ഫലം വന്നപ്പോൾ ആളുമാറിക്കിട്ടിയ ചുംബനം പോലെയാണ് യുഡിഎഫ് വിജയമെന്ന് ഇടതുപക്ഷം പറഞ്ഞെങ്കിലും അഞ്ചുവർഷംകൊണ്ട് ഏറെ ജനകീയനായ വി.കെ.ശ്രീകണ്ഠനെയാണ് ഇത്തവണ ഇടതുപക്ഷം നേരിടേണ്ടത്. കോവിഡ്സമയത്തെ സഹായങ്ങൾ, റെയിൽവേ പിറ്റ്‌ലൈൻ പോലെയുള്ള വികസനപദ്ധതികൾ, അട്ടപ്പാടിയിലെ പദ്ധതികൾ തുടങ്ങി നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു അദ്ദേഹം. നെഗറ്റീവായി ഒന്നും പറയാനില്ലെന്നതാണ് ശ്രീകണ്ഠന്റെ പോസിറ്റീവെന്നു യുഡിഎഫ് പറയുന്നു.

വെറും സ്ഥാനാർഥിയെ അല്ല, പാർട്ടി പൊളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവനെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. 1989ൽ അന്നത്തെ സിറ്റിങ് എംപി വി.എസ്.വിജയരാഘവനെ 1286 വോട്ടുകൾക്കു തോൽപിച്ച് എ.വിജയരാഘവൻ ഇവിടെ എംപിയായതാണ്. ഇത്തവണ കാലാവസ്ഥ പൊതുവേ അനുകൂലമാണെന്നും സിപിഎം കരുതുന്നു. നിയമസഭാ മണ്ഡലങ്ങൾ മാത്രമല്ല, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഇടതുപക്ഷത്തിന്റെ കയ്യിൽ. 

തങ്ങളുടെ മുൻനിര മണ്ഡലമാണു പാലക്കാടെന്നു പറയാൻ ബിജെപിക്കും കാരണങ്ങളേറെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടു സിപിഎമ്മിനെയും മലമ്പുഴയിൽ കോൺഗ്രസിനെയും മൂന്നാം സ്ഥാനത്തേക്കു തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നഗരസഭയിൽ ബിജെപിയുടെ തുടർഭരണമാണ്. പല തദ്ദേശസ്ഥാപനങ്ങളിലും പ്രതിപക്ഷ സ്ഥാനത്തുമുണ്ട്. കഴിഞ്ഞതവണ 2,18,556 വോട്ടുകൾ നേടിയ സി.കൃഷ്ണകുമാറിനെത്തന്നെ വീണ്ടും രംഗത്തിറക്കുന്നതു ജയിക്കാൻ തന്നെയാണെന്നു ബിജെപി പറയുന്നു.

ജനങ്ങൾക്കും പറയാനുണ്ട്

കൃഷിമേഖലയായ പാലക്കാട്ട് നെല്ലുസംഭരണത്തിലെ പാകപ്പിഴകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവചർച്ചയാകും. സംസ്ഥാന സർക്കാരിനെതിരായ വികാരം നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എൻഡിഎയും.  എന്നാൽ, അത്തരം പ്രശ്നങ്ങളെല്ലാം കേന്ദ്രസർക്കാരിന്റെ പകപോക്കലാണെന്നാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. അട്ടപ്പാടി മേഖലയിലെ തുടർച്ചയായ ശിശുമരണങ്ങളും ഇപ്പോഴും തുടരുന്ന പിന്നാക്കാവസ്ഥയുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വന്യമൃഗങ്ങളുടെ കാടിറക്കവും ചർച്ചയാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ നിർ‍ണായകമായ മണ്ഡലത്തിൽ പൗരത്വനിയമവും മണിപ്പുർ പ്രശ്നവും വോട്ടർമാർ പരിഗണിക്കും. പാലക്കാട്, ഷൊർണൂർ എന്നീ രണ്ടു റെയിൽവേ ജംക്‌ഷനുകളുള്ള മണ്ഡലത്തിൽ റെയിൽവേ സൗകര്യവും കൂകിപ്പായുന്ന വികസനപ്രശ്നമാണ്.


വി.കെ.ശ്രീകണ്ഠൻ
വി.കെ.ശ്രീകണ്ഠൻ

വി.കെ.ശ്രീകണ്ഠൻ (54),കോൺഗ്രസ് 

∙ നിലവിലെ എംപി.

∙ പാലക്കാട് ഡിസിസി മുൻ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി

∙ ലോക്സഭയിലെ കൃഷി സ്റ്റാൻഡിങ് കമ്മിറ്റി അംഗം

അനുകൂലം

∙ എംപിയെന്ന നിലയിൽ മികച്ച ജനപിന്തുണ.

∙ പിറ്റ്‌ലൈൻ ഉൾപ്പെടെ ചൂണ്ടിക്കാണിക്കാൻ ഒട്ടേറെ വികസനപദ്ധതികൾ.

പ്രതികൂലം

∙ ഇടതുപക്ഷത്തിനു മേൽക്കൈ ഉള്ള മണ്ഡലം.

∙ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം.


എ.വിജയരാഘവൻ
എ.വിജയരാഘവൻ

എ.വിജയരാഘവൻ  (67), സിപിഎം

∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം.

∙ പാലക്കാട് മുൻ എംപി.

∙ എൽഡിഎഫ് മുൻ കൺവീനർ

അനുകൂലം

∙ മുൻപ് എംപിയെന്ന നിലയിൽ പ്രവർത്തിച്ച കാലം മുതലുള്ള ബന്ധങ്ങൾ.

∙ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തിനൊപ്പം.

പ്രതികൂലം

∙ സർക്കാരിനെതിരായ ജനവികാരം.

∙ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി പ്രചാരണരംഗത്തുള്ള പ്രാദേശിക ഭിന്നത.

സി.കൃഷ്ണകുമാർ
സി.കൃഷ്ണകുമാർ

സി.കൃഷ്ണകുമാർ (52), ബിജെപി

∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.

∙ പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ.

∙ 2016ലും 2021ലും മലമ്പുഴ നിയോജകമണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. 

അനുകൂലം

∙ മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധം.

∙ പാലക്കാട് നഗരസഭയിലെ ഭരണം ഉൾപ്പെടെ ബിജെപിയുടെ കരുത്ത്.

പ്രതികൂലം

∙ എല്ലാ നിയോജകമണ്ഡലങ്ങളിലും ബിജെപിക്ക് ഒരുപോലെ ശക്തിയില്ല.

∙ സംഘടനാരംഗത്തെ പോരായ്മകൾ.

2024  ⏩ ആകെ വോട്ടർമാർ: 13,98,143  ⏩ പുരുഷന്മാർ: 6,82,281  ⏩സ്ത്രീകൾ:  7,15,849  ⏩ ട്രാൻസ്ജെൻഡർ: 13  ⏩ കന്നിവോട്ടർമാർ-29,793

English Summary:

Palakkad constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com