ADVERTISEMENT

സുരക്ഷ ഒരുക്കാൻ നിയോഗിക്കപ്പെട്ടവർ സ്വയം സംഘാടകരുടെ വേഷം കെട്ടുകയും ജനത്തിന്റെ മെക്കിട്ടുകയറുകയും ചെയ്താൽ എന്തു സംഭവിക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ഇത്തവണ തൃശൂർ പൂരത്തിലുണ്ടായ അനിഷ്ടസംഭവങ്ങൾ. ഭക്തരും പൂരപ്രേമികളും വിനോദസഞ്ചാരികളുമടക്കം ലക്ഷക്കണക്കിനു ജനങ്ങളെത്തുന്ന പൂരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം ജനത്തെ പുറത്താക്കാൻ പൊലീസ് ശ്രമിക്കുന്നതു തുടർച്ചയായ രണ്ടാംവർഷമാണ്. ആളുകളാണു പൂരമെന്നതു പൊലീസ് മറക്കുന്നു.

ഭഗവതിയുടെ എഴുന്നള്ളിപ്പു തടയാനും പൂരപ്രേമികൾക്കു നേരെ ലാത്തിവീശാനും ക്ഷേത്രദർശനത്തിന് എത്തിയവരെയടക്കം തടഞ്ഞുവയ്ക്കാനും നേതൃത്വം നൽകിയ പൊലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ തീരുമാനിച്ചെങ്കിലും സർക്കാർ ഉത്തരവാദിത്തം ഇതിലൊതുങ്ങുന്നില്ല. പൂരം പ്രദർശനത്തിന്റെ തറവാടക ഉയർത്തിയതു മുതൽ ആനയെഴുന്നള്ളിപ്പിൽ യുക്തിക്കു നിരക്കാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതുവരെ നീളുന്ന ഒരുപിടി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണ പൂരം നടന്നത്. ഇത്തരം ഇരുട്ടടികൾ ഇനി പൂരത്തിനു നേർക്കുയരാതിരിക്കാനുള്ള ഇടപെടൽ കൂടി ഇപ്പോഴേ സർക്കാർ നടത്തേണ്ടതുണ്ട്.

ഓരോ പൂരവും ഉപചാരംചൊല്ലിപ്പിരിയുമ്പോൾത്തന്നെ തീരുമാനിക്കപ്പെടുന്നതാണ് അടുത്ത വർഷത്തെ പൂരത്തിന്റെ തീയതി. എന്നിട്ടും പൂരത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ പൊലീസിന്റെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്തുനിന്നു തീരുമാനങ്ങളുണ്ടാകുന്നത് പൂരത്തിനു തൊട്ടുമുൻപുള്ള ഏതാനും ദിവസങ്ങളിൽ മാത്രമാണ്. അവസാന ദിവസങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതിനെ ദൗർഭാഗ്യകരമെന്നല്ല, കെടുകാര്യസ്ഥതയെന്നു വേണം വിശേഷിപ്പിക്കാൻ. ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിർദേശങ്ങളും വെടിക്കെട്ടിന്റെ കാര്യത്തിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) മാർഗനിർദേശങ്ങളും പൂർണമായി പാലിക്കാൻ പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഘടകപൂര ദേവസ്വങ്ങളും ഒരുക്കമാണ്. പൂരത്തിനു മുൻപായി ജില്ലാ ഭരണകൂടവും പൊലീസും ചേർന്നു സംഘടിപ്പിക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കാറുമുണ്ട്. എന്നാൽ, പൂരം അവലോകന യോഗത്തിലെ ചർച്ചകളിൽനിന്നുമാറി ഒരു സിറ്റി പൊലീസ് കമ്മിഷണർക്കു തീരുമാനങ്ങളെടുക്കാനും ഏകപക്ഷീയമായി അവ നടപ്പാക്കാനും പൂരത്തിന്റെ ശോഭ കെടുത്താനും കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം ബാക്കിനിൽക്കുന്നു.

പൂരത്തിനു സുരക്ഷയൊരുക്കാൻ എത്തുന്ന ഏതാണ്ട് 3500 പൊലീസ് സേനാംഗങ്ങൾക്കു ഭക്ഷണം, വെള്ളം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതു ദേവസ്വങ്ങൾ ഉൾപ്പെട്ട പൂരക്കമ്മിറ്റിയാണ്. കോടിക്കണക്കിനു രൂപ ചെലവു വരുന്ന പൂരം നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ടതും അവർ തന്നെ. എന്നാൽ, പൂരത്തലേന്നു തേക്കിൻകാട് മൈതാനത്തെത്തുന്ന പൊലീസ്, കമ്മിറ്റിക്കാരെ തള്ളിപ്പുറത്താക്കി സ്വയം സംഘാടകരായി മാറുന്നത് കഴിഞ്ഞവർഷം തുടങ്ങിയ രീതിയാണ്. അന്നും ഇതേ കമ്മിഷണർ തന്നെയായിരുന്നു തലപ്പത്ത്. ചരിത്രത്തിലാദ്യമായി വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ആളുകൾക്കു നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവം അന്നുണ്ടായിട്ടും കമ്മിഷണർ സ്വാധീന സംരക്ഷണത്തിൽ തടിയൂരി. ഇത്തവണ പൊലീസിന്റെ തോന്ന്യാസം ഒരുപടികൂടി കടന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രി എഴുന്നള്ളിപ്പ് തടസ്സപ്പെടുത്തി, തിടമ്പുമായി ആന മടങ്ങി, മഠത്തിൽവരവ് പഞ്ചവാദ്യക്കാർക്കു കൊട്ടുപേക്ഷിക്കേണ്ടിവന്നു, വെടിക്കെട്ടിന് 5 മണിക്കൂർ മുൻപുതന്നെ റോഡുകൾ അടച്ചിട്ടു ജനത്തെ അകറ്റി, രാത്രി വെടിക്കെട്ട് പകൽ നടത്തേണ്ട തരത്തിൽ വൈകിപ്പിച്ചു.

പൂരം നടത്തിപ്പിനു വേണ്ട പണം കണ്ടെത്താനുള്ള പ്രധാന ഉപാധിയായ പൂരം പ്രദർശനത്തിലേക്ക് ആളെ കയറ്റുന്നതു പൊലീസ് തടഞ്ഞതും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. വടക്കുന്നാഥ ക്ഷേത്രദർശനത്തിനു പൂരനാളിൽ രാവിലെയെത്തിയവരെ കമ്മിഷണറും സംഘവും കവാടത്തിൽ തടഞ്ഞ് വിരട്ടി മടക്കിയയച്ചു. ആനയ്ക്കു തീറ്റ കൊടുക്കാൻ പോകുന്നത് കുറ്റകൃത്യമായിക്കണ്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥൻ കേരളത്തിൽ മുൻപുണ്ടായിട്ടുണ്ടാവില്ല. രാത്രിപ്പൂരത്തിനെത്തുന്ന പതിനായിരക്കണക്കിനാളുകളെ പ്രതീക്ഷിച്ചു നഗരഹൃദയത്തിലെ റസ്റ്ററന്റുകൾ വൻതോതിൽ ഭക്ഷണമുണ്ടാക്കി വച്ചിരുന്നതത്രയും പാഴായി.

ഇത്രയും കുഴപ്പങ്ങളുണ്ടായിട്ടും അതു തൽസമയം തിരുത്തിക്കാൻ പൊലീസ് തലപ്പത്ത് ആരുമുണ്ടായില്ല. തിരഞ്ഞെടുപ്പു കാലമാണെന്നതുപോലും ഉന്നതർ ഓർത്തില്ലേ? അടുത്ത പൂരത്തിനെങ്കിലും ഈ ദുർവിധി ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. തൃശൂരിന്റെ നട്ടെല്ലാണു പൂരം; ലോകമാകെയുള്ള മലയാളികളുടെ അഭിമാനവുമാണത്.

English Summary:

Editorial about Mishaps in Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com