ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ രാഷ്ട്രീയ നേതാക്കളുടെ വിനയം കൂടുന്നതും വാക്കുകൾ സൗമ്യമാകുന്നതുമെ‍ാക്കെ നാം പതിവായി കണ്ടുപോരുന്നതാണ്. ആത്മാർഥതയോടെയല്ലെങ്കിലും, അധികാര ധാർഷ്ട്യത്തിനും സ്വേച്ഛാപരമായ പെരുമാറ്റത്തിനുമെ‍ാക്കെ തൽക്കാല അവധികെ‌ാടുത്താണു മിക്കവരും പ്രചാരണവേദികളിലെത്തുക. കാരണം, ജനത്തിന്റെ വിധിയെഴുത്ത് അത്രമാത്രം തീർച്ചയും മൂർച്ചയുമുള്ളതാണെന്നു നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കെല്ലാം ബോധ്യപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ മുഖ്യമന്ത്രിയിൽനിന്നു കഴിഞ്ഞദിവസമുണ്ടായ ഒരു പരസ്യപ്രതികരണം ജനാധിപത്യ മൂല്യബോധവും രാഷ്ട്രീയ മാന്യതയും പുലർത്തുന്നതല്ലെന്നു മാത്രമല്ല, രാഷ്ട്രീയകേരളത്തോടുള്ള വെല്ലുവിളിതന്നെയായി മാറുകയും ചെയ്തിരിക്കുന്നു.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി.അൻവർ എംഎൽഎയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു കോ‍ൺഗ്രസ് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ, ‘നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ, നെഹ്റു കുടുംബത്തിൽ ജനിച്ച വ്യക്തിക്ക് ഇങ്ങനെ പറയാനാകുമോ?’ എന്നെ‍ാക്കെ ചോദിച്ചായിരുന്നു അൻവറിന്റെ അധിക്ഷേപം.

ഒരു വ്യക്തിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന അധിക്ഷേപവുമായി ബന്ധപ്പെട്ട് പി.വി.അൻവറിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിൽ രാഷ്ട്രീയമായി തെറ്റു കാണാത്തവരുണ്ടാകും. രാഹുലും മുഖ്യമന്ത്രിയും തമ്മിൽ നേരത്തേ നടന്ന വാക്‌പോരാട്ടം ഓർമിച്ചുകൊണ്ടാകാം പിണറായി ഇടത് എംഎൽഎയുടെ വാവിട്ട വാക്കിനെ ന്യായീകരിക്കാൻ മുതിർന്നതും. എന്നാൽ, ‘എന്തെങ്കിലും പറയുമ്പോ, തിരിച്ചുകിട്ടുമെന്നു രാഹുൽ ഗാന്ധി ഓർക്കണമായിരുന്നു’ എന്നു പറയുമ്പോൾ അത് ഒരു മുഖ്യമന്ത്രി പറയാൻപാടില്ലാത്തവിധം അമാന്യമായ വാക്കുകളായാണു കേരളം വിലയിരുത്തിയത്. 

ഇത്തരത്തിൽ ധാർഷ്ട്യത്തോടെ, പ്രതിപക്ഷബഹുമാനമില്ലാതെ, പകതീർക്കാൻ ആഹ്വാനം ചെയ്തു പിണറായി വിജയൻ എന്ന സിപിഎം നേതാവിനു വേണമെങ്കിൽ പ്രതികരിക്കാം. എന്നാൽ, ഒരു മുഖ്യമന്ത്രി ഒരിക്കലും ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല. രാഷ്ട്രീയപ്രബുദ്ധമെന്നു വിശ്വസിച്ചുപോരുന്ന നമ്മുടെ നാട് കാത്തുസൂക്ഷിക്കുന്ന അന്തസ്സിന്റെയും മര്യാദയുടെയും അളവുകോലിനെത്തന്നെ ചോദ്യംചെയ്യുന്നതായി ആ ന്യായീകരണം. രാഷ്‌ട്രീയത്തിൽ പ്രതിയോഗിയെ നേരിടണമെങ്കിൽ അതിനു മാന്യവും വ്യവസ്‌ഥാപിതവുമായ വഴികൾ തേടുന്നതാണു ജനാധിപത്യമര്യാദ. വ്യക്തമായ ധാർമിക അടിത്തറയുള്ള രാഷ്ട്രീയ പ്രവർത്തനപാരമ്പര്യത്തിൽനിന്നു നാം എത്രയോ പിന്നോട്ടുപോയിരിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു. 

അമിതാധികാരബോധത്തോടെ, ‘ഞങ്ങൾ ഇവിടെ തോന്നിയപടി പറയുകയും പ്രവർത്തിക്കുകയും ചെയ്യും ’എന്ന ഭീഷണവിളംബരമല്ലേ ഇപ്പോൾ കേരളത്തിൽ മുഴങ്ങിക്കെ‍ാണ്ടിരിക്കുന്നത്? മലീമസമായ പരാമർശം നടത്തിയ സ്വന്തം എംഎൽഎയെ അതിലെ സംസ്കാരശൂന്യത ചൂണ്ടിക്കാണിച്ചുകെ‍ാടുക്കാൻ ധാർമികമായും നേതൃപരമായും ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി അതിനുപകരം, കൂടുതൽ മോശമായ പരാമർശങ്ങൾ നടത്താനുള്ള ധൈര്യം പകർന്നു ന്യായീകരിച്ചതും വെല്ലുവിളി ഉയർത്തിയതും ആ വിശിഷ്ട സ്ഥാനം മറന്നുകെ‍ാണ്ടായിരുന്നുവെന്നതിൽ സംശയമില്ല. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യ ഡിഎൻഎയെക്കുറിച്ചാണ് അൻവർ പറഞ്ഞതെന്നും അതിനെ ജൈവപരമായി കാണേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രണ്ടാം ദിവസം വിശദീകരിച്ചതും കേരളം കേട്ടു.

കഴിഞ്ഞ നവംബറിൽ കണ്ണൂർ പഴയങ്ങാടിയിൽ തനിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ അംഗങ്ങളെ പ്രശംസിച്ചും ന്യായീകരിച്ചും നവകേരള സദസ്സിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചതിന്റെ തുടർച്ചതന്നെയായിവേണം ഇപ്പോഴത്തെ പരാമർശത്തെയും വെല്ലുവിളിയെയും കാണാൻ. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പാർട്ടിയുടെ മുഷ്ടിക്കരുത്തിനെ മുഖ്യമന്ത്രി അന്നു ന്യായീകരിച്ചത് കേരളത്തിന്റെ മുഖത്തടിക്കുന്നതിനു തുല്യമായിരുന്നു. ജീവൻരക്ഷാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ നടത്തിയതെന്നു മാത്രമല്ല, ‘മാതൃകാപരമായ ആ രീതികൾ തുടർന്നുപോകണം’ എന്നുകൂടി അദ്ദേഹം പറഞ്ഞപ്പോൾ മുഖ്യമന്ത്രിതന്നെ സ്വന്തം അണികളുടെ കയ്യൂക്കിനു കുട പിടിച്ചുകെ‍ാടുക്കുകയായിരുന്നില്ലേ? 

മുഖ്യമന്ത്രിയുടെ പ്രോത്സാഹനം കേട്ട് പി.വി.അൻവറിനെപ്പോലുള്ളവർ വർധിത ആവേശത്തോടെ കൂടുതൽ മേച്ചിൽപ്പുറങ്ങളിലേക്കിറങ്ങിയാൽ അതിന്റെ നാണക്കേടത്രയും അനുഭവിക്കേണ്ടിവരുന്നതു കേരളമായിരിക്കും. എല്ലാം കണ്ടും കേട്ടും വിലയിരുത്തുകയാണു ജനമെന്നും ജനാധിപത്യത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധത്തിലേക്ക് ഇനിയെ‍‍ാറ്റ നാളിന്റെ ദൂരം മാത്രമാണുള്ളതെന്നുംകൂടി ഇതോടെ‍ാപ്പം ഓർമിക്കുകയും ചെയ്യാം.

English Summary:

Editorial about PV Anvar MLA's remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com