ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന പത്രവ്യവസായ മേഖലയ്ക്കു സർക്കാർ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടു. കഴിഞ്ഞ 8 മാസത്തിൽ 12,500 കോടി രൂപയാണു പത്രവ്യവസായ മേഖലയുടെ നഷ്ടമെന്നും വാർഷിക നഷ്ടം 16,000 കോടിയാകുമെന്നും പ്രസിഡന്റ് എൽ. ആദിമൂലം പറഞ്ഞു.

നിലവിലെ പ്രതിസന്ധി പരസ്യത്തിൽനിന്നും പ്രചാരത്തിൽനിന്നുമുള്ള വരുമാനത്തെ ബാധിച്ചു. പല പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടുകയോ ഏതാനും എഡിഷനുകൾ നിർത്തുകയോ ചെയ്തു. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നാലാം തൂണിന്റെ തകർച്ച സാമൂഹികവും രാഷ്ട്രീയവുമായ വലിയ പ്രത്യാഘാതത്തിന് ഇടയാക്കും. പ്രസാധകരും ‌പത്രപ്രവർത്തകരും വിതരണക്കാരുമുൾപ്പെടെ ഈ മേഖലയിലുള്ള 30 ലക്ഷം പേരുടെ തൊഴിൽ പ്രതിസന്ധിയിലാകും. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലുൾപ്പെടെ വസ്തുതാപരമായ വാർത്തകളുടെ വിതരണത്തിൽ ഇന്ത്യൻ പത്രമേഖല വഹിക്കുന്ന പങ്ക് സുപ്രീംകോടതിയുൾപ്പെടെ അംഗീകരിച്ചിട്ടുള്ളതാണ്.

പ്രതിസന്ധി അതിജീവിക്കാൻ പത്രമേഖല പരമാവധി ശ്രമിക്കുകയാണ്. ന്യൂസ് പ്രിന്റിനുള്ള 5% കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയും 2 വർഷത്തെ നികുതിയിളവു നൽകിയും സർക്കാർ പരസ്യനിരക്കിൽ 50% വർധന അനുവദിച്ചും അച്ചടിമാധ്യമങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന തുകയിൽ 200% വർധന വരുത്തിയും പരസ്യയിനത്തിൽ നൽകാനുള്ള കുടിശിക ഉടൻ നൽകിയും ഈ മേഖലയ്ക്ക് ആശ്വാസം പകരാൻ കഴിയുമെന്ന് ആദിമൂലം പറഞ്ഞു. 

പത്ര, മാസികകളുടെ പിഡിഎഫ് രൂപത്തിലുള്ള പതിപ്പുകൾ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ അനധികൃതമായി പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരവും പകർപ്പവകാശ നിയമപ്രകാരവും കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Content Highlights: INS on stimulus package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com