ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ സംഘർഷം പുകയുന്നതിനിടെ, വടക്കൻ സിക്കിം അതിർത്തിയിലും കടന്നുകയറാൻ ചൈനീസ് സേനയുടെ ശ്രമം. അതിർത്തിയിലെ നാകു ലായിൽ അതിക്രമിച്ചുകയറാനുള്ള ചൈനീസ് പട്രോളിങ് സംഘത്തിന്റെ നീക്കം ഇന്ത്യ തടഞ്ഞത് ഇരു സേനകളും തമ്മിലുള്ള സംഘട്ടനത്തിൽ കലാശിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവത്തിൽ ഇരുപതോളം ചൈനീസ് സേനാംഗങ്ങൾക്കു പരുക്കേറ്റതായാണു വിവരം. ഏതാനും ഇന്ത്യൻ ജവാൻമാർക്കും പരുക്കുണ്ട്. ഇരു സേനകളും തമ്മിൽ നേരിയ സംഘട്ടനമുണ്ടായെന്നും പ്രാദേശിക സേനാ കമാൻഡർമാർ ഇടപെട്ടു പ്രശ്നം പരിഹരിച്ചെന്നും കരസേന അറിയിച്ചു. 

സിക്കിം അതിർത്തിയോടു ചേർന്നുള്ള ദോക് ലായിലും ചൈന സേനാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. 2017 ൽ ഇരു സേനകളും തമ്മിൽ മാസങ്ങൾ നീണ്ട സംഘർഷം ഇവിടെയായിരുന്നു. 

കിഴക്കൻ ലഡാക്കിൽ 8 മാസം പിന്നിട്ട സംഘർഷത്തിനു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ്, അതിർത്തിയിൽ മറ്റൊരിടത്തു കൂടി പ്രശ്നം സൃഷ്ടിക്കാനുള്ള ചൈനയുടെ ഗൂഢശ്രമം. അതിർത്തിയിലുടനീളം ഇന്ത്യ നിതാന്ത ജാഗ്രതയിലാണെന്നും കടന്നുകയറ്റ ശ്രമങ്ങൾ ഫലം കാണില്ലെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. 

ലഡാക്ക് സംഘർഷം

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം തേടിയുള്ള ഇന്ത്യ, ചൈന സേനകളുടെ ഒൻപതാം റൗണ്ട് ചർച്ച 16 മണിക്കൂർ നീണ്ടു. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ ഞായറാഴ്ച രാവിലെ ആരംഭിച്ച ചർച്ച ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് അവസാനിച്ചത്. 

അതിക്രമിച്ചുകയറിയ സ്ഥലങ്ങളിൽ നിന്നെല്ലാം ചൈന പൂർണമായി പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഇരു സേനകളും നേർക്കുനേർ നിൽക്കുന്ന സാഹചര്യം ഒഴിവാക്കി സംഘർഷത്തിൽ അയവു വരുത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പത്താം ചർച്ച എത്രയും വേഗം നടത്താനും സേനകൾ തീരുമാനിച്ചു. ലേ ആസ്ഥാനമായുള്ള 14–ാം കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ. മേനോനാണു ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.

എട്ടു മാസത്തിനിടെ രണ്ടാം ഏറ്റുമുട്ടൽ

സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലുള്ള നാകു ലായിൽ 8 മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരു സേനകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മേയിൽ അതിർത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതു സംഘട്ടനത്തിലും പരസ്പരമുള്ള കല്ലേറിലും കലാശിച്ചിരുന്നു.

ഈ സംഭവത്തിന് ഏതാനും ദിവസം മുൻപു കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഇരു സേനകളും ഏറ്റുമുട്ടിയതാണ് ജൂണിൽ ഗൽവാനിൽ രൂക്ഷ സംഘർഷമായി വളർന്നതും 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com