ADVERTISEMENT

ന്യൂഡൽഹി ∙ വാ‍ർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനു ഫെയ്സ്ബുക്, ഗൂഗിൾ എന്നിവയിൽ നിന്നു പ്രസാധകർക്കു മതിയായ പ്രതിഫലം ഉറപ്പാക്കുന്നതിന് ഓസ്ട്രേലിയയുടെ മാതൃകയിൽ ഇന്ത്യയിൽ നിയമം കൊണ്ടുവരണമെന്ന് രാജ്യസഭയിൽ ആവശ്യം. മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിയാണു ശൂന്യവേളയിൽ ഇക്കാര്യമുന്നയിച്ചത്. ഗൂഗിൾ, ഫെയ്സ്ബുക്, യുട്യൂബ് എന്നിവ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനു മാധ്യമ സ്ഥാപനങ്ങൾക്കു പ്രതിഫലം നൽകാൻ സർക്കാർ നടപടി എടുക്കണം. സമൂഹമാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കാൻ ഇടക്കാല നിർദേശങ്ങൾ പുറത്തിറക്കിയ സർക്കാർ ഇന്ത്യയിലും നിയമനിർമാണം നടത്തണം. 

സുശീൽ മോദിയുടെ നിർദേശം പരിഗണിക്കേണ്ടതാണെന്ന് ചെയറിലുണ്ടായിരുന്ന രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്ന സാങ്കേതിക ഭീമന്മാർ അതിനു മതിയായ പ്രതിഫലം നൽകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അച്ചടി മാധ്യമങ്ങളും ടെലിവിഷനും ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. പരസ്യങ്ങളും മറ്റും സാങ്കേതിക മാധ്യമങ്ങളിലേക്കു വഴിമാറിപ്പോകുന്നു. ഈ സാഹചര്യത്തിൽ മാധ്യമങ്ങളുടെ ഉള്ളടക്കം സൗജന്യമായി ഉപയോഗിക്കുന്നവർ പ്രതിഫലം നൽകുക തന്നെ വേണം. 

ഓസ്ട്രേലിയൻ നിയമപ്രകാരം വരുമാനത്തിന്റെ വിഹിതം മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥമാണെന്നും സുശീൽ മോദി പറഞ്ഞു. വാർത്തകൾ ബഹിഷ്കരിക്കുമെന്നു ഗൂഗിൾ ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീടു വഴങ്ങി. ഓസ്ട്രേലിയയ്ക്കു ശേഷം ഫ്രാൻസും യൂറോപ്യൻ രാജ്യങ്ങളും സമാന നിയമങ്ങൾ നടപ്പാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com