ADVERTISEMENT

ന്യൂഡൽഹി ∙ തനിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷം, എൻഡിഎക്ക് നാനൂറിലേറെ സീറ്റ് – പരമാവധി സഖ്യങ്ങളിലൂടെയും കൂറുമാറ്റങ്ങളിലൂടെയും ബിജെപി ഈ ലക്ഷ്യം ഉറപ്പാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. എന്നാൽ, വെല്ലുവിളികളേറെയാണ്. ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞതവണ പരമാവധി സീറ്റ് നേടിക്കഴിഞ്ഞു.

യുപി കഴിഞ്ഞാൽ വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ബിഹാറിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കുക എളുപ്പമല്ല. മോദി ഫാക്ടർ എല്ലായിടത്തും ഒരേപോലെ ഫലിക്കുമെന്ന് പ്രതീക്ഷയില്ല. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സാഹചര്യം ആദ്യനോട്ടത്തിൽ ഇങ്ങനെ. 

ഓരോയിടത്തും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളും മത്സരിച്ച സീറ്റുകളും ബ്രാക്കറ്റിൽ.

ഉത്തരേന്ത്യ

ജമ്മു കശ്മീർ (2/5): പ്രത്യേക പദവി പിൻവലിച്ചതും ക്ഷേമപദ്ധതികളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ജമ്മു, ഉധംപുർ സിറ്റിങ് സീറ്റുകളിൽ നില കോൺഗ്രസിനെക്കാൾ മെച്ചം. പഹാഡികൾക്ക് പട്ടികവർഗ പദവി നൽകിയതിൽ ഗുജ്ജറുകൾക്കുള്ള അനിഷ്ടം കാരണം അനന്ത്നാഗ്–രജൗരിയിൽ ബിജെപി മത്സരിക്കാതെ ഗുലാം നബിയുടെ ഡിപിഎപിയെ പിന്തുണച്ചേക്കും. ശ്രീനഗറിലും ബാരാമുള്ളയിലും നാഷനൽ കോൺഫറൻസിനു മേൽക്കൈ.

ലഡാക്ക് (1/1): ബിജെപിയുടെ സിറ്റിങ് സീറ്റ്. സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിക്കാത്തതിനാൽ ജനം പ്രതിഷേധത്തിൽ.

പഞ്ചാബ് (2/3): 2019 ൽ അകാലിദളുമായുള്ള സഖ്യത്തിൽ 2 സീറ്റിലാണ് ജയിച്ചത്. ഇക്കുറി സഖ്യവുമില്ല.

ചണ്ഡിഗഡ് (1/1): പടലപിണക്കം ശക്തം.

ഹരിയാന (10/10): സമ്പൂർണവിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സഖ്യകക്ഷി ജെജെപിക്കു സീറ്റില്ലെന്നു ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് ചില മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുക ശ്രമകരമായി. കോൺഗ്രസിൽനിന്നുള്ള നവീൻ ജിൻഡാലിനും സ്വതന്ത്രനായ സംസ്ഥാന മന്ത്രി രഞ്ജിത് സിങ് ചൗട്ടാലയ്ക്കും (78) സീറ്റ് നൽകിയപ്പോൾ ഇതു വ്യക്തമായി. ഹിസാറിൽ തനിക്കു പകരം രഞ്ജിത് സിങ്ങിന് ടിക്കറ്റ് നൽകിയതിൽ കുൽദീപ് ബിഷ്ണോയി കടുത്ത അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. 

ഹിമാചൽപ്രദേശ് (4/4): ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നഷ്ടപ്പെട്ടതിനാൽ നിലവിൽ 3 സീറ്റ്. കോൺഗ്രസിൽനിന്നു കൂറുമാറ്റിയ 6 പേരെയും ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതോടെ പാർട്ടിയിൽ പ്രതിഷേധം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ മണ്ഡിയിൽ നടി കങ്കണ റനൗട്ടിനെ സ്ഥാനാർഥിയാക്കിയതിലും മുറുമുറുപ്പ്.

ഡൽഹി (7/7): പൂർണ വിജയം ആവർത്തിക്കാമെന്നു ബിജെപി പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റാണ് ഇതുവരെ മുഖ്യവിഷയം. അതുകൊണ്ടുതന്നെ കേജ്‌രിവാൾ എപ്പോൾ പുറത്തുവരും, ഭരണം ലഫ്റ്റനന്റ് ഗവർണറെ ഏൽപിക്കാൻ രാഷ്ട്രപതി തീരുമാനിക്കുമോ, എഎപിയുടെ അടുത്ത നേതാവ് ആര് തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തം.

രാജസ്ഥാൻ (24/24): മോദിയുടെ പേരിൽ വൻ വിജയം ആവർത്തിക്കാമെന്നു പ്രതീക്ഷ. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തെത്തുടർന്നുള്ള നേതൃമാറ്റം വിമതശബ്ദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സിറ്റിങ് എംപി രാഹുൽ കസ്വാൻ ഉൾപ്പെടെ ഏതാനും പേർ പാർട്ടി വിട്ടു.

യുപി (62/78): സഖ്യത്തിന്റെ ലക്ഷ്യം 80 ൽ 75 സീറ്റ്. മുഖ്യമന്ത്രി ആദിത്യനാഥും ചില കേന്ദ്ര നേതാക്കളുമായുള്ള ഉരസൽ പ്രകടമാണ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഇൻ ചാർജായി തനിക്കു താൽപര്യമുള്ളയാളെ നിയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ബിജെപിക്ക് അംഗീകരിക്കേണ്ടിവന്നു.

ഉത്തരാഖണ്ഡ് (5/5): മോദിയുടെ പ്രതിഛായയിൽ 2019 ആവർത്തിക്കാമെന്നു പ്രതീക്ഷ. പാർട്ടിയുടെ ചുക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ കയ്യിൽ ഭദ്രമെന്നും ഏക സിവിൽ കോഡ് പാസാക്കിയതു നേട്ടമെന്നും വിലയിരുത്തൽ.

ബിഹാർ (17/17): ജെഡിയു എൻഡിഎയിലേക്കു തിരിച്ചുവന്നെങ്കിലും 2019 ലെ വിജയം ആവർത്തിക്കാമെന്നു ബിജെപിക്കു പ്രതീക്ഷയില്ല. സീറ്റ് വിഭജന തർക്കത്തിൽ ആർഎൽപി എൻഡിഎ വിട്ടു. മോദിയും രാമക്ഷേത്രവും ബിഹാറിൽ ചലനമുണ്ടാക്കില്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

ജാർഖണ്ഡ് (11/13): ഹേമന്ത് സോറന്റെ അറസ്റ്റുണ്ടായി, കോൺഗ്രസിൽ‍നിന്ന് ഗീത കോഡയും ജെഎംഎമ്മിൽനിന്ന് സീതാ സോറനുമെത്തി. എങ്കിലും കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്തെ പ്രവർത്തനം തൃപ്തികരമെന്നു ദേശീയ നേതൃത്വത്തിനു വിലയിരുത്തലില്ല.

മധ്യപ്രദേശ് (28/29): മോദിയുടെ പ്രതിഛായയും നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടവും കാരണം 2019 ലെ വിജയം ആവർത്തിക്കാമെന്നു പ്രതീക്ഷ. കോൺഗ്രസിൽനിന്നുള്ള കൂറുമാറ്റം സജീവം.

ഛത്തീസ്ഗഡ് (9/11): മോദി ഘടകവും നിയമസഭാ വിജയവും ഗോത്ര വോട്ടുകളും ചേർത്ത് കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നു. മുതിർന്ന നേതാക്കൾ തമ്മിലുള്ള ചില ഉരസലുകളൊഴികെ കാര്യമായ പ്രശ്നങ്ങളില്ല.

പശ്ചിമേന്ത്യ

മഹാരാഷ്ട്ര (23/25): സീറ്റ് വിഭജനം സുഗമമായില്ല. പൂർണ ശിവസേനയുമായി ചേർന്ന് 2019ലുണ്ടാക്കിയ നേട്ടം ആവർത്തിക്കാമെന്നു പ്രതീക്ഷയില്ല. മോദി ഫാക്ടർ ഏശില്ലെന്ന് പാർട്ടി കരുതുന്ന മറ്റൊരു സംസ്ഥാനം.

ഗുജറാത്ത് (26/26): പൂർണ വിജയം ആവർത്തിക്കാമെന്നു പ്രതീക്ഷ. എന്നാൽ, പകുതിയോളം സിറ്റിങ് എംപിമാരെ മാറ്റിയുള്ള പരീക്ഷണത്തിനു പൂർണ സ്വീകാര്യതയില്ല. ടിക്കറ്റ് ലഭിച്ച 2 പേർക്കു പ്രാദേശിക പ്രതിഷേധം കാരണം പിന്മാറേണ്ടിവന്നു.

ഗോവ (1/2): സംസ്ഥാന ഘടകം നിർദേശിച്ച പേരുകൾ തള്ളിയാണ് സൗത്ത് ഗോവയിൽ പല്ലവി ഡെംപോയെ സ്ഥാനാർഥിയാക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. ടിക്കറ്റ് ലഭിച്ചശേഷം പല്ലവി ബിജെപിയിൽ ചേർന്നു. 2029 ൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചാണ് നോർത്ത് ഗോവയിലെ സിറ്റിങ് എംപിയായ കേന്ദ്ര മന്ത്രി ശ്രീപദ് നായിക് വീണ്ടും വോട്ട് തേടുന്നത്.

ദാദ്ര നഗർ ഹവേലി– ദാമൻ ദിയു (1/2): ദാദ്ര നഗർ ഹവേലിയിൽ ശിവസേന (ഉദ്ധവ്) സിറ്റിങ് എംപി കലാബെൻ ദേൽക്കർക്ക് ബിജെപിയുടെ ടിക്കറ്റ് ആദ്യം ലഭിച്ചു; പാർട്ടി അംഗത്വം പിന്നാലെയും. 2021 ലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കലാബെനിലൂടെതന്നെ സീറ്റ് പിടിക്കാമെന്നു പ്രതീക്ഷ; ദാമൻ ദിയുവിൽ വിജയം ആവർത്തിക്കാമെന്നും.

കിഴക്ക്

ബംഗാൾ (18/42): പൗരത്വ നിയമം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്; സീറ്റ് കൂടുമെന്നും. എന്നാൽ, ആദ്യം കണ്ട ആത്മവിശ്വാസം സംസ്ഥാന ഘടകം ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല.  മോദിയുടെ പ്രതിഛായ സഹായകമാകുമെന്നു പ്രതീക്ഷയില്ല. സ്ഥാനാർഥിപ്പട്ടികയെക്കുറിച്ച് ചിലയിടത്തു പ്രതിഷേധമുണ്ട്.

ഒഡീഷ (8/21): ബിജെഡി സഖ്യനീക്കം പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികളുടെ ബലത്തിൽ 2019 നെക്കാൾ സ്ഥിതി മെച്ചപ്പെടുത്താമെന്നു പ്രതീക്ഷ.

ആൻഡമാൻ നിക്കോബാർ (0/1): നേരത്തെ 3 തവണ ജയിച്ച സീറ്റ് കോൺഗ്രസിൽനിന്ന് തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷ.

വടക്കുകിഴക്ക്

സിക്കിം (0/1): ഭരണത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള സഖ്യം കഴിഞ്ഞയാഴ്ച പിരിഞ്ഞു. തനിച്ചു മൽസരിക്കുന്നു.

അരുണാചൽ പ്രദേശ് (2/2): കഴിഞ്ഞ തവണ 50 ശതമാനത്തിലേറെ വോട്ട് നേടി ജയിച്ച 2 മണ്ഡലങ്ങളും നിലനിർത്താമെന്ന് പ്രതീക്ഷ.

നാഗാലാൻഡ് (0/1): നാഷനലിസ്റ്റ് ഡോമോക്രാറ്റിക് പീപ്പിൾസ് പാർട്ടിക്കു പിന്തുണ.

മണിപ്പുർ (1/2): ഇന്നർ മണിപ്പുരിൽ സിറ്റിങ് എംപിയായ കേന്ദ്ര മന്ത്രി രാജ്കുമാർ ര‍ഞ്ജൻ സിങ്ങിനെ മാറ്റി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ടി.ബസന്ത കുമാർ സിങ്ങിനെ പരീക്ഷിക്കുന്നു. ഒൗട്ടർ മണിപ്പുരിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിനു പിന്തുണ.

മിസോറം (0/1): കഴിഞ്ഞ തവണ മൂന്നാമത്. ഇത്തവണയും വിജയ പ്രതീക്ഷയില്ല.

അസം (9/10): മത്സരിക്കുന്ന 11 സീറ്റും വിജയിക്കാമെന്ന് പ്രതീക്ഷ. എന്നാൽ, പൗരത്വ നിയമത്തെച്ചൊല്ലിയുള്ള പ്രക്ഷോഭം തിരിച്ചടിയാകുമെന്ന് ആശങ്കയുമുണ്ട്. 3 സീറ്റ് സഖ്യകക്ഷികളായ എജിപിക്കും യുപിപിഎലിനും നൽകി.

മേഘാലയ (0/2): 2 സീറ്റിലും നാഷനൽ പീപ്പിൾസ് പാർട്ടിക്കു പിന്തുണ.

ത്രിപുര (2/2): തിപ്ര മോത്തയുമായി സഖ്യമായതോടെ 2 സീറ്റും വീണ്ടും നേടാമെന്ന് ബിജെപി ഉറപ്പിച്ച മട്ടാണ്. വെസ്റ്റ് ത്രിപുരയിൽ സിറ്റിങ് എംപിയായ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനു പകരം രാജ്യസഭാംഗവും മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേവിനെ സ്ഥാനാർഥിയാക്കിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. തിപ്ര നേതാവ് പ്രദ്യോത് ദേബർമന്റെ സഹോദരി കൃതി ദേവി സിങ്ങിനെ ഈസ്റ്റ് ത്രിപുരയിൽ സ്ഥാനാർഥിയാക്കിയത് ബിജെപി, തിപ്ര പ്രവർത്തകർക്ക് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യ

തെലങ്കാന (4/17): ബിആർഎസ് ദുർബലമായത് നേട്ടമാക്കാമെന്നു പ്രതീക്ഷ. പോര് ബിജെപിയും കോൺഗ്രസും തമ്മിലെന്ന് ഇരുപാർട്ടികളും പറയുന്നു.

ആന്ധ്രപ്രദേശ് (0/24): സഖ്യത്തിലൂടെ നേട്ടം പ്രതീക്ഷിച്ചെങ്കിലും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വരച്ച വരയിൽ നിൽക്കേണ്ടിവന്നു. പാർട്ടി ടിക്കറ്റ് നൽകിയ 6 പേരിൽ അഞ്ചും മറ്റു പാർട്ടികളിൽനിന്ന് വന്നവരാണെന്ന കാരണത്താൽ എതിർശബ്ദം രൂക്ഷം.

കർണാടക (25/27): തമ്മിലടിയും വിമതശല്യവും രൂക്ഷം. ചില സ്ഥാനാർഥികളെച്ചൊല്ലി പ്രാദേശിക പ്രതിഷേധവുമുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള യാത്രകളിലാണ് ബി.എസ്.യെഡിയൂരപ്പ.

തമിഴ്നാട് (0/5): അണ്ണാ ഡിഎംകെയുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടതോടെ ആവേശം തണുത്തു. കന്യാകുമാരിയിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷ. ഒപ്പം, വോട്ട് ശതമാനം കൂട്ടാമെന്നും കരുതുന്നു.

പുതുച്ചേരി (0/1): കോൺഗ്രസിൽ നിന്നെത്തിയ ആഭ്യന്തര മന്ത്രി എ.നമശിവായത്തിന് കോൺഗ്രസ് സ്ഥാനാർഥിക്ക് കടുത്ത മത്സരം നൽകാനാവുമെന്നു മാത്രം പ്രതീക്ഷ.

ലക്ഷദ്വീപ് (0/1): അജിത് പവാറിന്റെ എൻസിപിക്കാണ് ടിക്കറ്റ്.

കേരളം (0/15): മൂന്നാം ശക്തിക്ക് ഇടമില്ലാത്തിടത്തോളം കാലം പ്രതീക്ഷ വേണ്ടെന്ന വിലയിരുത്തലിൽ മാറ്റമില്ല. വോട്ട് ശതമാനം വർധിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഇടം.

English Summary:

BJP with a strategy to win more than four hundred seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com