ADVERTISEMENT

ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി സ്ഥാപകൻ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതി മുൻപാകെ വീണ്ടും നിരുപാധികം മാപ്പപേക്ഷ നടത്തി. പൊതുജനസമക്ഷം മാപ്പപേക്ഷ നടത്തുന്നതിന് അക്കാര്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്നും ഇരുവരുടെയും അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയെ അറിയിച്ചു.

എന്നാൽ, മാപ്പപേക്ഷ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു കോടതി പ്രതികരിച്ചു. ഇരുവരുടെയും മുൻകാല നടപടികൾ കൂടി പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് 23 ലേക്കു മാറ്റി. അന്നും നേരിട്ടു ഹാജരാകണമെന്ന് കോടതി ഇരുവരോടും നിർദേശിച്ചു. കോടതിയിൽ ഉറപ്പുനൽകിയ ശേഷവും അലോപ്പതി ചികിത്സാരീതിയെ തള്ളിപ്പറഞ്ഞുകൊണ്ടും അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ടും പതഞ്ജലി ആയുർവേദ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയതാണ് കേസ്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകില്ലെന്നു വ്യക്തമാക്കിയിട്ടും ഇതു ലംഘിച്ചത് എന്തുകൊണ്ടാണെന്ന് ഇന്നലെയും കോടതിയിൽ ഹാജരായ രാംദേവിനോടും ബാലകൃഷ്ണയോടും ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവർ ചോദിച്ചു. യോഗയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങളെ ബഹുമാനിക്കുന്നുവെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. ആവേശത്തിൽ സംഭവിച്ചുപോയതാണെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ഇരുവരുടെയും മറുപടി. മാപ്പപേക്ഷ പ്രസിദ്ധീകരിക്കാൻ തയാറാണെന്നും വ്യക്തമാക്കി. ഇരുവരുടെയും സമീപനത്തെക്കുറിച്ചു പരാമർശിച്ച കോടതി, അലോപ്പതിയെക്കുറിച്ചുള്ള വിമർശനവും ചൂണ്ടിക്കാട്ടി.

നിയമം എല്ലാവർക്കും തുല്യമാണെന്നും പറഞ്ഞു. ഭാവിയിൽ ശ്രദ്ധിക്കാമെന്നായിരുന്നു അതിനോടു രാംദേവിന്റെ മറുപടി. 3 പ്രാവശ്യമാണ് നിയമലംഘനം നടത്തിയത്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്തവണ്ണം നിഷ്കളങ്കരല്ല നിങ്ങളെന്നും കോടതി വിമർശിച്ചു. നേരത്തേ 2 തവണ മാപ്പപേക്ഷ ഇരുവരും നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ കോടതി തയാറായില്ല. പതഞ്ജലിക്കും അനുബന്ധ സ്ഥാപനമായ ദിവ്യ ഫാർമസിക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാരിന് വീഴ്ചയുണ്ടായെന്നും കോടതി വിമർശിച്ചിരുന്നു. 

English Summary:

Patanjali give apology letter again in supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com