ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍‌ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്ന രാജസ്ഥാൻ പ്രസംഗം വൻ രാഷ്ട്രീയ വിവാദമായതിനിടെ, ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകൾ ആവർത്തിച്ചു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. എന്നാൽ ഇതേക്കുറിച്ചു ‘പ്രതികരണമില്ലെ’ന്ന് കമ്മിഷൻ വക്താവ് അറിയിച്ചു. 

രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി, കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ ഇന്നലെ ഉത്തർപ്രദേശിലെ അലിഗഡിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ‘സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും’. എന്നാൽ, അലിഗഡിൽ മുസ‌്‌ലിംകളെക്കുറിച്ചുള്ള പരാമർശം അദ്ദേഹം ഒഴിവാക്കി.

രാജസ്ഥാനിൽ മോദി പറഞ്ഞത്:

‘‘നേരത്തേ ഇവരുടെ സർക്കാരുണ്ടായിരുന്നപ്പോൾ അവർ പറഞ്ഞിരുന്നു മുസ്‌‌ലിംകൾക്കായിരിക്കും സമ്പത്തിൽ പ്രഥമ പരിഗണന എന്ന് (2006 ൽ ദേശീയ വികസന കൗൺസിൽ യോഗത്തിനു ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസംഗം ഉദ്ദേശിച്ച്) അതിനർഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികൾ ആർക്കാണോ അവർക്കു കൊടുക്കും. നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കും. നിങ്ങളുടെ അധ്വാനത്തിന്റെ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കുമോ? നിങ്ങൾ അംഗീകരിക്കുമോ? കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പറയുന്നു അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വർണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന്. മൻമോഹൻ സിങ് സർക്കാർ മുസ്‌ലിംകൾക്കാണ് പ്രഥമ പരിഗണനയെന്നു പറഞ്ഞിരുന്നു. ഈ അർബൻ നക്സൽ ചിന്താഗതി അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാല പോലും വെറുതേ വിടില്ല’’.

∙ അലിഗഡിൽ ഇന്നലെ പറഞ്ഞത്:

‘‘നിങ്ങളുടെ താലിമാല വരെ കോൺഗ്രസ് പിടിച്ചെടുത്ത് വീതംവയ്ക്കും. എല്ലാവരുടെയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്ന് കോൺഗ്രസിന്റെ ‘രാജകുമാരൻ’ പറയുന്നു. വീട്, വാഹനം, സ്വർണം ഒക്കെ പിടിച്ചെടുക്കും. സ്ത്രീകൾ അവരുടെ ധനമായി കരുതുന്ന സ്വർണം പോലും പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെടുക്കും’’.

ഇതേസമയം, മുസ്‌ലിംകൾ തന്നെ രക്ഷകനായാണു കരുതുന്നതെന്നും മോദി പറഞ്ഞു. ‘‘മുത്തലാഖ് നിർത്തലാക്കിയതോടെ മുസ്‌ലിം വനിതകൾ മോദിയെ രക്ഷകനായാണ് കരുതുന്നത്. പസ്മാന്ദ മുസ‌്‌ലിംകൾക്ക് സാമൂഹിക ജീവിതത്തിൽ പരിഗണന കിട്ടിയത് മോദി വന്നതോടെയാണ്’’– അദ്ദേഹം പറഞ്ഞു.

English Summary:

Election commission of India silent on Prime Minister Narendra Modi controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com