ADVERTISEMENT

ന്യൂ‍ഡൽഹി ∙ 26നു രണ്ടാം ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന 88 സീറ്റുകളിൽ കഴിഞ്ഞതവണത്തെ ആധിപത്യം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം; ഇന്ത്യാസഖ്യത്തിനാകട്ടെ ഇതു തിരിച്ചുവരവിനുള്ള ജീവന്മരണ പോരാട്ടവും. എൻഡിഎ 62, ഇന്ത്യാസഖ്യം 25 എന്നതാണ് കഴിഞ്ഞ തവണത്തെ കക്ഷിനില. ഇന്ത്യാസഖ്യത്തിന്റെ സീറ്റുകളിൽ ഇരുപതും കേരളത്തിലായിരുന്നു.

2019 ൽ കനത്ത തോൽവി നേരിട്ടപ്പോഴും വോട്ടുശതമാനം കാര്യമായി കുറ‍ഞ്ഞിരുന്നില്ലെന്നതും കർണാടകയിൽ ഭരണം പിടിച്ചതുമാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ.

തെക്കൻ പോര്

രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുള്ളത് കേരളത്തിലും (20) കർണാടകയിലുമാണ് (14). കർണാടകയിൽ ഒന്നൊഴികെ എല്ലാ സീറ്റും തൂത്തുവാരിയ 2019 ലെ പ്രകടനം ആവർത്തിക്കാമെന്നു ബിജെപി സഖ്യം കരുതുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ തന്ത്രങ്ങളിലുമാണ് അവിടെ കോൺഗ്രസിന്റെ പ്രതീക്ഷ. ദക്ഷിണേന്ത്യയിൽ അൻപതിലേറെ സീറ്റ് എന്ന ലക്ഷ്യത്തിനു കർണാടകയിലെ മികച്ച വിജയം പാർട്ടിക്ക് അനിവാര്യവുമാണ്.

ഹിന്ദിഹൃദയം തേടി

ഈ ഘട്ടത്തോടെ തിരഞ്ഞെടുപ്പു പൂർത്തിയാകുന്ന രാജസ്ഥാനിൽ ബിജെപി ഉറപ്പിക്കുന്ന 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനു പ്രതീക്ഷയുള്ള വലിയ സംസ്ഥാനവും രാജസ്ഥാൻ തന്നെ. സച്ചിൻ പൈലറ്റിന്റെ തട്ടകമായ ടോങ്ക് സവായി മധേപുർ, അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് മത്സരിക്കുന്ന ജാലോർ, ഭാരത് ആദിവാസി പാർട്ടിക്കു പിന്തുണ നൽകി ബിജെപിക്കെതിരെ മത്സരം കടുപ്പിക്കുന്ന ഭൻസ്‌വാഡ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു.

യുപിയിൽ വോട്ടെടുപ്പു നടക്കുന്ന എട്ടിൽ 7 സീറ്റും 2019 ൽ ബിജെപിക്കൊപ്പമായിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി ഡാനിഷ് അലി വിജയിച്ച അംറോഹയിലാണ് അവർക്ക് അടിപതറിയത്. അവിടെ ഡാനിഷ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയാണ്. ബിഎസ്പിക്ക് ഇപ്പോഴും വേരുള്ള മേഖലയിൽ സമാജ്‍വാദി പാർട്ടി–കോൺഗ്രസ് സഖ്യം എത്ര നേട്ടമുണ്ടാക്കുമെന്നു വ്യക്തമല്ല. നേരത്തേ ബിജെപി തൂത്തുവാരിയ മധ്യപ്രദേശിലെ ആറിടത്തും മത്സരമുണ്ടെങ്കിലും കോൺഗ്രസ് അദ്ഭുതം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യാസഖ്യം ശക്തമായി മത്സരം കാഴ്ചവയ്ക്കുന്ന ബിഹാറിൽ ഈ ഘട്ടത്തിലുള്ളത് 5 സീറ്റ്; ഛത്തീസ്ഗഡിൽ 3 സീറ്റ്.

‘ഒറിജിനൽ’ ആര്

മഹാരാഷ്ട്രയിൽ വോട്ടെടുപ്പു നടക്കുന്ന 8 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് നേർക്കുനേർ മത്സരിക്കുന്ന സീറ്റുകളുണ്ടെങ്കിലും കൗതുകം മറ്റൊന്നിലാണ്. യഥാർഥ ശിവസേനയും എൻസിപിയും ഏതു പക്ഷത്തേതെന്നു തീരുമാനിക്കപ്പെടുംവിധമുള്ള നേർക്കുനേർ മത്സരം 4 മണ്ഡലങ്ങളിലുണ്ട്.

English Summary:

BJP's Strategy for Dominance Clashes with Resolute Indian Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com