ADVERTISEMENT

ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി സ്ഥാപകൻ രാംദേവ്, എംഡി ആചാര്യ ബാലകൃഷ്ണ എന്നിവരെ സുപ്രീം കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചു. പത്രങ്ങളിൽ പരസ്യം നൽകിയ അതേ വലുപ്പത്തിലാണോ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്നു ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവർ ആരാഞ്ഞു. 

കേസിൽ രാംദേവും ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷ നടത്തിയിരുന്നു. പൊതുജനസമക്ഷം മാപ്പപേക്ഷ നടത്താൻ ഇക്കാര്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്ന് അഭിഭാഷകൻ മുകുൾ റോഹത്ഗി അറിയിച്ചപ്പോഴാണു വലുപ്പത്തെക്കുറിച്ചു കോടതി തിരക്കിയത്. പരസ്യം നൽകിയതിന്റെ പകർപ്പുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. 2 ദിവസത്തിനുള്ളിൽ ഇവ കൈമാറണമെന്നു വ്യക്തമാക്കിയ കോടതി വിഷയം 30ലേക്കു മാറ്റി. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം പതഞ്ജലിക്കു മാത്രമല്ല ബാധകമെന്നും എല്ലാ എഫ്എംസിജി ഉൽപന്നങ്ങൾക്കും മരുന്നു കമ്പനികൾക്കുമെല്ലാം ഇതു ബാധകമാണെന്നും കോടതി വ്യക്തമാക്കി. 

ഡോക്ടർമാരെ ശരിയായ ദിശയിൽ നടത്താൻ ഇന്ത്യൻ മെഡിക്കൽ അസോസിസേഷനു സാധിക്കണമെന്നും അലോപ്പതി ഡോക്ടർമാരുടെ അധാർമിക രീതികളെ വിമർശിച്ച കോടതി പറഞ്ഞു. പല തവണയും ഡോക്ടർമാർക്കെതിരെ പരാതി ഉയർന്നിട്ടും എന്തു നടപടിയാണ് ഐഎംഎ സ്വീകരിച്ചതെന്നു കോടതി തിരക്കി. ആരോപണങ്ങൾ പരിശോധിക്കയാണെന്നും സമഗ്രമായ മാറ്റമുണ്ടാകുമെന്നും ഐഎംഎയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എസ്.പട്‌വാലിയ മറുപടി നൽകി.

ആയുഷ് മരുന്ന് പരസ്യം: നിയന്ത്രണം പിൻവലിച്ചതിന് വിശദീകരണം തേടി

ന്യൂഡൽഹി ∙ ആയുഷ് മരുന്നുകളെക്കുറിച്ചു പരസ്യം ചെയ്യുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ‘ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ്’ ചട്ടത്തിലെ വ്യവസ്ഥ കേന്ദ്രസർക്കാർ പിൻവലിച്ചതെന്തിനെന്നു സുപ്രീം കോടതി ചോദിച്ചു. 2018 ൽ കൊണ്ടുവന്ന 170–ാം ചട്ടം പിൻവലിക്കാനുള്ള തീരുമാനം വ്യക്തമാക്കി ആയുഷ് മന്ത്രാലയം കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നു കത്ത് അയച്ചിരുന്നു. എന്തിനാണ് ഈ ചട്ടം പിൻവലിച്ചതെന്ന് ആരാഞ്ഞ കോടതി വിഷയം വിശദമായി പരിഗണിക്കാൻ മേയ് 7ലേക്കു മാറ്റി. ആയുർവേദ, സിദ്ധ, യുനാനി ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (എഎസ്‌യുഡിടിഎബി) മേയ് 25നു ചേർന്ന യോഗമാണ് ചട്ടം പിൻവലിക്കാനുള്ള തീരുമാനം എടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com