ADVERTISEMENT

ന്യൂഡൽഹി ∙ വീസ ചട്ടലംഘനത്തിന്റെ പേരിൽ 2 മാസത്തിനിടെ രണ്ടാമത്തെ വിദേശ മാധ്യമപ്രവർത്തകയ്ക്കാണ് ഇന്ത്യ വിടേണ്ടിവന്നത്. വീസ പുതുക്കിക്കിട്ടാത്തതിനാൽ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) ദക്ഷിണേഷ്യ ബ്യൂറോ ചീഫ് അവനി ഡയസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യ വിട്ടത്. വീസ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ നോട്ടിസ് അയച്ച ഫ്രഞ്ച് മാധ്യമപ്രവർത്തക വനെസ ഡോഗ്‌നാക് ഫെബ്രുവരി പകുതിയോടെ മടങ്ങി.

സ്വന്തം ഇഷ്ടപ്രകാരമല്ല പോകുന്നതെന്നും ഇന്ത്യയിൽ തുടരാനാകാത്ത സാഹചര്യമാണെന്നും വനെസ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച വനെസ 23 വർഷമായി ഇന്ത്യയിലാണു താമസിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിഛായ മോശമാക്കുന്ന റിപ്പോർട്ടുകൾ നൽകിയതിനാണു വനെസയ്ക്കെതിരെ നടപടിയെന്നു ന്യായീകരിച്ചിരുന്നു. ശ്രീലങ്കൻ–ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയായ അവനി ഡയസിന്റെ റിപ്പോർട്ടിങ് അതിരുകടന്നെന്നാണു കേന്ദ്രം വ്യക്തമാക്കിയത്. ഏകദേശം 30 വിദേശ മാധ്യമപ്രവർത്തകരാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് ഇവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

2019 ൽ ടൈം മാഗസിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു ലേഖനമെഴുതിയ ആതിഷ് തസീറിന്റെ ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡ് റദ്ദാക്കിയിരുന്നു. തസീറിന്റെ പിതാവ് പാക്കിസ്ഥാൻ വംശജനാണെന്നതു മറച്ചുവച്ചെന്നായിരുന്നു ആരോപണം. 2022 ൽ ഡൽഹിയിലെത്തിയ ഇന്ത്യൻ വംശജനായ യുഎസ് മാധ്യമപ്രവർത്തകൻ അങ്കഡ് സിങ്ങിനെ ഒസിഐ കാർഡുണ്ടായിട്ടും മടക്കിയയച്ചു. അദ്ദേഹം തയാറാക്കിയ ഡോക്യുമെന്ററി ഇന്ത്യാവിരുദ്ധ അജൻഡയുടെ ഭാഗമാണെന്ന് ആരോപണമുണ്ടായി. മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഡൽഹി ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതു വിവാദമായിരുന്നു.

ഇന്ത്യയിൽ ഏകാധിപത്യ പ്രവണത വർധിക്കുന്നതായി പല രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നുണ്ട്. മോദിയുടെ ഭരണകാലത്ത് ഹിന്ദു ദേശീയത മുഖ്യധാരയായി മാറിയെന്നാണ് അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് കഴിഞ്ഞദിവസം റിപ്പോർട്ടിൽ പറഞ്ഞത്. രാജ്യാന്തര മാധ്യമനിരീക്ഷണ സ്ഥാപനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 2023 ലെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. മുൻ വർഷമിത് 150 ആയിരുന്നു.

English Summary:

2 foreign journalists left India in 2 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com