ADVERTISEMENT

ഒഡീഷയിലെ ഹിഞ്ചിലികട്ടിലെ തിരക്കുപിടിച്ച മാർക്കറ്റിലെത്തി ഇനിയെങ്ങോട്ട് എന്നു സംശയിച്ചു നിന്നപ്പോൾ നാൽക്കവലയ്ക്കു നടുക്കു നിന്ന് ബിജു പട്നായിക്കിന്റെ പ്രതിമ വിരൽ ചൂണ്ടി- ദാ അങ്ങോട്ട്! 10 മിനിറ്റ് മുന്നോട്ടു പോയി സമരജോളിലെത്തിയപ്പോൾ പാതയോരത്ത് പട്നായിക്കിന്റെ പുത്രനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്റെ പടുകൂറ്റൻ ഫ്ലക്സുകൾ നിറഞ്ഞു നിൽക്കുന്ന വലിയ വേദി.  

ഇന്ത്യയിൽ ഒരു നിയമസഭാ മണ്ഡലത്തിനുമില്ലാത്ത സൗഭാഗ്യമുള്ളവരാണു ഹിഞ്ചിലിക്കാർ. 24 വർഷമായി മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന വിവിഐപി പദവി. 2000 ൽ നിയമസഭയിലെത്തിയതു മുതൽ ഇന്നേവരെ നവീൻ ഈ മണ്ഡലത്തെയും ഇന്നാട്ടുകാർ മുഖ്യമന്ത്രിയെയും കൈവിട്ടില്ല. ഇത്തവണ കൂടി ജയിച്ചാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡും നവീൻ പട്നായിക്കിനു സ്വന്തമാകും. മുൻ സിക്കിം മുഖ്യമന്ത്രി പവൻ‍കുമാർ‍ ചാംലിങ്ങിന്റെ പേരിലാണ് നിലവിൽ ആ റെക്കോർഡ് (24 വർഷം, 165 ദിവസം).

ഒഡീഷയുടെ കിഴക്കൻ തീരത്ത് ജലസമൃദ്ധമായ ഖഞ്ചാം ജില്ലയിലുള്ള ഹിഞ്ചിലിയിൽ മുഖ്യമന്ത്രിമണ്ഡലത്തിന്റെ പകിട്ട് പ്രകടം. ടാറിട്ട ചെറുറോഡുകളും സുന്ദരമായ പാലങ്ങളും സമൃദ്ധമായ നാട്ടുചന്തകളും വഴിയിലെങ്ങും കാണാം.  ഖരിയാറിനെ ബ്രഹ്മപുരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയ്ക്ക് ഇരുവശവുമായി നിൽക്കുന്ന മണ്ഡലമാണ് ഹിഞ്ചിലി. പക്ഷേ, മായാവതിയും മമതാ ബാനർജിയും ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പല നേതാക്കളും രാഷ്ട്രീയത്തിന്റെ ‘ദേശീയപാത’യിലേക്കു കടന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ എക്കാലവും ഒഡീഷയിലെ ‘സംസ്ഥാനപാത’യിൽ തുടരാനായിരുന്നു നവീനു താൽപര്യം. അതിനുള്ള പ്രതിഫലമായിട്ടുകൂടിയാണ് തുടർച്ചയായി 5 തവണ ഹിഞ്ചിലിക്കാർ നവീനെ നിയമസഭയിലേക്കയച്ചത്. 

നവീൻ‍ കസേരയിൽ നിന്നെഴുന്നേറ്റു. ഒരു കൊച്ചുകുട്ടി അക്ഷരങ്ങൾ എണ്ണിപ്പെറുക്കും പോലെ സാവധാനത്തിലാണ് ഒഡിയ ഭാഷയിലുള്ള പ്രസംഗം. നവീന് ഒഡിയ ഭാഷ അറിയില്ലെന്നതു മുൻപു വിവാദമായിരുന്നു. പിന്നീട് പഠിച്ചെടുത്തു. എംപിയായിരുന്ന പിതാവ് ബിജു പട്നായിക് 1997ൽ മരണപ്പെടുമ്പോൾ രാഷ്ട്രീയ താൽപര്യങ്ങളൊന്നുമില്ലാതെ ഡൽഹിയിൽ എഴുത്തും കലാപ്രവർത്തനങ്ങളുമായി നടക്കുകയായിരുന്നു അൻപതുകാരനായ നവീൻ. ഡെറാഡൂണിലെ പ്രശസ്തമായ ഡൂൺ സ്കൂളിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്ന അദ്ദേഹം.

യുഎസ് മുൻ പ്രഥമവനിത ജാക്വിലിൻ കെന്നഡി, ബ്രിട്ടിഷ് പാട്ടുകാരൻ മിക്ക് ജാഗർ തുടങ്ങിയവരുമായിട്ടായിരുന്നു പഠനശേഷം ചങ്ങാത്തം. ജാക്വിലിൻ 1983 ൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിൽ ഒപ്പം പോയത് നവീനാണ്. ‌ദ് ഗാർഡൻ ഓഫ് ലൈഫ് എന്ന നവീന്റെ പുസ്തകം എഡിറ്റ് ചെയ്തതതും ജാക്വിലിൻ തന്നെ. ഡൽഹിയിലെ ഒബ്‌റോയ് ഹോട്ടലിൽ സൈക്കെഡെൽഹി എന്ന ഫാഷൻ ബുട്ടീക്കും നടത്തിയിട്ടുണ്ട്.

1997 ഡിസംബറിൽ ജനതാദളിൽ നിന്നു വേർപെട്ട് ബിജു ജനതാദൾ സ്ഥാപിച്ച നവീൻ എ.ബി. വാജ്പേയിയുടെ മന്ത്രിസഭയിൽ ഖനിയുടെ ചുമതലയുള്ള മന്ത്രിയുമായി. കേന്ദ്രമന്ത്രിയായിരിക്കെത്തന്നെയായിരുന്നു 2000 ൽ ഒഡീഷ നിയമസഭയിലേക്ക് ഹിഞ്ചിലിയിൽ നിന്നുള്ള അരങ്ങേറ്റം. 147 അംഗ നിയമസഭയിൽ 68 സീറ്റുമായി ബിജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് നവീൻ ഭുവനേശ്വറിലെത്തി. മുഖ്യമന്ത്രി കസേരയിൽ കാൽ നൂറ്റാണ്ടോളം കാൽ കയറ്റി വച്ച് ഇരിക്കാനുള്ള വരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com