ADVERTISEMENT

ന്യൂഡല്‍ഹി∙ പാക്കിസ്ഥാന്‍ അതിർത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന തീമഴ പെയ്യിച്ചപ്പോൾ കണ്ണടയ്ക്കാതെ പ്രവര്‍ത്തനങ്ങൾക്കു കാവലിരുന്ന രണ്ടു പേരുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വ്യോമസേന മേധാവി ബി.എസ്. ധനോവയും. ഫെബ്രുവരി 25ന് രാത്രി മുതൽ 26ന് പുലർച്ചെ ദൗത്യം അവസാനിക്കുന്നതു വരെ എയർ ഹെഡ്ക്വാർട്ടേഴ്സിലെ എയർഫോഴ്സ് വാര്‍ റൂമിലിരുന്നാണ് ഇരുവരും കാര്യങ്ങൾ നിരീക്ഷിച്ചത്.

ആക്രമണത്തിന് ഉപയോഗിച്ച മിറാഷ് പോർവിമാനങ്ങളുടെയും സുഖോയ് വിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങൾ‌ നിയന്ത്രിച്ചത് ഹൽവാര, ബറേലി എയർബേസുകളിൽനിന്നാണെന്നും ദേശീയ വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച ചാവേര്‍ ആക്രമണത്തിനു മറുപടിയായി വ്യോമാക്രമണം നടത്താൻ സർക്കാർതലത്തിലെ ഉന്നതർ തന്നെ അനുമതി നൽകിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് എയർ ഓപറേഷൻസ് എയർമാർഷൽ അമിത് ദേവും സംഘവും ആക്രമണങ്ങളുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. 

പ്രധാനമന്ത്രി പറഞ്ഞു: പുൽവാമയ്ക്കു മറുപടി വേണം

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു കാബിനറ്റ് കമ്മിറ്റി യോഗം നടന്നിരുന്നു. ശക്തമായ മറുപടി തന്നെ നൽകണമെന്നായിരുന്നു ഈ യോഗം തീരുമാനിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഭീകരർക്കു സന്ദേശം നൽകണമെന്നു യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി 18നാണ് പ്രധാനമന്ത്രി മിന്നലാക്രമണം നടത്തുന്നതിന് അനുമതി നൽകിയത്. 

പുൽവാമയ്ക്കു പിന്നാലെ പാക്കിസ്ഥാനു മുകളിൽ ഇന്ത്യ നിരീക്ഷണം തുടങ്ങിയിരുന്നു. ഫെബ്രുവരി 22 മുതൽ വ്യോമസേന വിമാനങ്ങൾ നിരീക്ഷണം കൂടുതൽ ശക്തമാക്കി. ഇന്റലിജൻസിൽനിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലും പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദ്, ചകോട്ടി എന്നിവിടങ്ങളിലും ഇന്ത്യ ബോംബുകൾ വർഷിച്ചു. പാക്ക് അധീനകശ്മീരില്‍ മാത്രമായിരിക്കും ഇന്ത്യ അക്രമിക്കുകയെന്നാണ് ഈ സമയം പാക്കിസ്ഥാൻ കരുതിയിരുന്നത്. എന്നാൽ ഇന്ത്യൻ സേന ഒരു പടികൂടി കടന്നുചെന്ന് ബാലാക്കോട്ട് ലക്ഷ്യമിട്ടതോടെ പാക്കിസ്ഥാനു പ്രതിരോധം അസാധ്യമായി. 

ആക്രമണത്തിനു ശേഷം ഇന്ത്യൻ അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ ഡോവലും വ്യോമസേനാ മേധാവിയും വിലയിരുത്തി. കര, നാവിക, വ്യോമസേന മേധാവികൾ പ്രധാനമന്ത്രിയുമായും ഡോവലുമായും പ്രത്യേക ചർച്ചകളും നടത്തി. മിന്നലാക്രമണ വിജയത്തിൽ സേനാ മേധാവികളോടു സന്തോഷം അറിയിച്ച മോദി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയെ പ്രത്യേകം അഭിനന്ദിച്ചു. പാക്കിസ്ഥാനിൽനിന്ന് എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ പ്രതിരോധിക്കുന്നതിനുള്ള ഒരുക്കങ്ങളും സൈനിക മേധാവികൾ ഡോവലുമായി ചർച്ച ചെയ്തിരുന്നു.

ഇന്ത്യ ബാലാക്കോട്ടിലെത്തും; യുഎസ് നേരത്തേ അറിഞ്ഞു

പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യ ലക്ഷ്യമിടുന്ന കാര്യം യുഎസുൾപ്പെടെയുള്ള രാഷ്ട്രങ്ങളുമായി നേരത്തേ ചർച്ച ചെയ്തിരുന്നെന്നാണു വിവരം. ഫെബ്രുവരി 16 ന് അജിത് ഡോവൽ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾടണുമായി ഇക്കാര്യം പങ്കുവച്ചിരുന്നതായാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിനു ശേഷം മാത്രമായിരുന്നു ഇത്. സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി ബോൾട്ടൺ മറുപടിയും നൽകി. പുൽവാമ ആക്രമണത്തിനു പിന്നാലെ രണ്ടു തവണയാണ് ബോൾട്ടൺ ഡോവലുമായി ചർച്ചകൾ നടത്തിയത്.

2002ല്‍ നിയന്ത്രണ രേഖയിലെ ഖേല്‍ സെക്ടറിൽ പാക്ക് പ്രദേശത്തു വ്യോമസേന നടത്തിയ അക്രമത്തിനു സമാനമായിരുന്നു ചൊവ്വാഴ്ചത്തെ മുന്നേറ്റം. മിന്നലാക്രമണത്തിനായി ആഗ്ര, ഗ്വാളിയോർ എന്നിവിടങ്ങളിൽനിന്നും മിറാഷ് വിമാനങ്ങൾ പുറപ്പെട്ടപ്പോൾ പ്രതിരോധത്തിനായി സുഖോയും ദൗത്യത്തിൽ പങ്കെടുത്തു. പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അവരുടെ വ്യോമമേഖലയിലേക്കു കുതിച്ചുകയറാൻ നിരീക്ഷണത്തിനായുള്ള നേത്ര ജെറ്റുകളും ഉപയോഗിച്ചു. 

English Summary: NSA, IAF monitored operations from air headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com