ADVERTISEMENT

ലക്നൗ∙ സുഗന്ധവ്യഞ്ജന ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ അമ്പരന്ന് യുപി പൊലീസ്. ആഗ്രയിലെ നവിപുർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സുഗന്ധവ്യഞ്ജന ഫാക്ടറിയിലാണ് അധികൃതർ ബുധനാഴ്ച രാത്രി പരിശോധന നടത്താൻ എത്തിയത്. ഇവിടെ ഭക്ഷ്യവസ്തുക്കളിൽ വൻതോതിൽ മായം ചേർക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു അധികൃതരുടെ മിന്നൽ പരിശോധന.

ഫാക്ടറിക്കുള്ളിൽ കടന്ന അധികൃതരെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു മായം ചേർക്കൽ. മുളകുപൊടി, മല്ലിപൊടി, മസാല എന്നിവയിൽ ചേർക്കാൻ കഴുതച്ചാണകം, ഉണക്കപ്പുല്ല്, ആസിഡുകൾ, ശരീരത്തിനു ഹാനികരമായ കൃത്രിമ നിറങ്ങൾ എന്നിവയുടെ വലിയ ശേഖരം ഇവിടെ നിന്നു പിടികൂടി.

ഇതിനൊപ്പം 300 കിലോയോളം വരുന്ന വ്യാജ സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഫാക്ടറി നടത്തിപ്പിനുള്ള ലൈസൻസ് ഇതുവരെ ഉടമയ്ക്കു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഫാക്ടറി ഉടമയായ അനൂപ് വർഷനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 2002ൽ യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന യുവജനസംഘടനയുടെ ഭാരവാഹി കൂടിയാണ്.

ഇവിടെ നിന്നും പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ഇരുപത്തിയേഴോളം സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ലാബ് റിപ്പോർട്ട് വന്നശേഷം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം എഫ്ഐആർ റജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 

English Summary :Factory making fake spices using donkey dung, acid raided in Uttar Pradesh's Hathras, sealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com