ADVERTISEMENT

കോട്ടയം ∙ ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നൽകാൻ പന്തളം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലംനാൾ ശങ്കർ വർമയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയാണ് പേരു ശുപാർശ ചെയ്തത്. വലിയ തമ്പുരാന്റെ അനുമതിയോടെ തിരഞ്ഞെടുക്കപ്പെട്ടു. പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയപുത്രനാണ് നിയുക്ത രാജപ്രതിനിധി.

വൈദ്യുതി ബോർഡിൽനിന്നു സീനിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ചു. തൃശൂർ അഞ്ചേരി ശ്യാമള വിലാസം വീട്ടിലാണ് താമസം. ക്ഷത്രിയ ക്ഷേമസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മധ്യമേഖല സെക്രട്ടറിയുമാണ്. കൊച്ചി ഇളങ്കുന്നപ്പുഴ നടയ്ക്കൽ കോവിലകം കുടുംബാംഗം ഡോ. ബിന്ദു വർമയാണ് (ഡന്റൽ സർജൻ, ഗവ. ജനറൽ ആശുപത്രി, ഇരിഞ്ഞാലക്കുട) ഭാര്യ. മക്കൾ: ആര്യ അരവിന്ദ്, അജയ് എസ്.വർമ. മരുമകൻ: അരവിന്ദ് (ഐടി പ്രഫഷനൽ). പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണ വർമ, പരേതനായ ആർ.കേരള വർമ (മുൻ രാജപ്രതിനിധി), വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്.

തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്

അയ്യപ്പസ്വാമിക്ക് മകരസംക്രമ ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും ഘോഷയാത്രയെന്നു കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ എന്നിവർ പറഞ്ഞു. രാജപ്രതിനിധിയുടെ നേതൃത്വത്തിലാണ് യാത്ര. കോവിഡ് നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിന്നീട് വിശദമായി പുറപ്പെടുവിക്കും. ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റമില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കും. ദേവസ്വം ബോർഡ് ഭാരവാഹികളും പന്തളം കൊട്ടാരം പ്രതിനിധികളും ഒരുക്കങ്ങളെക്കുറിച്ച് കൂടിയാലോചന നടത്തി.

pathanamthitta-sabarimala

യാത്രയ്ക്കു മുന്നോടിയായി തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറ ക്ഷേത്ര സന്നിധിയിൽനിന്നു ക്ഷേത്രത്തിലേക്കു സ്വീകരിക്കുകയാണ് മുൻവർഷങ്ങളിലെ രീതി. തുടർന്നു പല്ലക്ക് വാഹകർ കൊട്ടാരത്തിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങും. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും ഉച്ചപൂജയ്ക്കുംശേഷം പ്രസാദം തമ്പുരാനും രാജപ്രതിനിധിക്കും നൽകും. തമ്പുരാൻ ദക്ഷിണയായി പണക്കിഴി സമ്മാനിക്കും. തിരുവാഭരണങ്ങളുടെ പട്ടിക ബന്ധപ്പെട്ടവർ ഒരിക്കൽ കൂടി പരിശോധിക്കും. ഇതിനുശേഷം പേടകം അടച്ചുപൂട്ടി താക്കോൽ തമ്പുരാനെ ഏൽപ്പിക്കും. തമ്പുരാൻ ഉടവാൾ രാജപ്രതിനിധിക്കു കൈമാറും. തുടർന്നു നീരാജ്ഞനം ഉഴിഞ്ഞു പൂമാലയും ചാർത്തി പേടകം ഘോഷയാത്രയ്ക്കു സജ്ജമാക്കും.

ഉടവാൾ വാൾക്കുറുപ്പിനു കൈമാറും. ഈ വാളുമായിട്ടാണു രാജപ്രതിനിധി ഘോഷയാത്രയ്ക്കു നേതൃത്വം നൽകുന്നത്. ബലിക്കൽപ്പുരയിൽ എത്തുമ്പോൾ പുറത്തു കാത്തുനിൽക്കുന്ന ഭക്തരുടെ കണ്ഠത്തിൽനിന്നുയരുന്ന ശരണംവിളികളുടെ അകമ്പടിയോടെ കൊട്ടാരം കുടുംബാംഗങ്ങൾ ചേർന്നു തിരുവാഭരണം ശ്രീകോവിലിനു പ്രദക്ഷിണമായി പുറത്തേക്ക് എഴുന്നള്ളിക്കും. പുറത്തു തിരുവാഭരണ ഗുരുസ്വാമി പേടകം ശിരസ്സിലേറ്റാൻ കാത്തു നിൽക്കുന്നുണ്ടാകും. മേടക്കല്ലിനു സമീപം ഒരുക്കിയിട്ടുള്ള പല്ലക്കിൽ രാജപ്രതിനിധിയും പിന്നാലെ തിരുവാഭരണ പേടകങ്ങളും യാത്രയാകും. സന്നിധാനത്ത് എത്തുന്ന രാജപ്രതിനിധിയെ പതിനെട്ടാംപടിക്കു താഴെ മേൽശാന്തി ആചാരപ്രകാരം കാൽകഴുകി സ്വീകരിക്കും. ഇതാണ് പതിവു രീതി. ജനുവരി 14 നാണ് മകരവിളക്ക്.

English Summary: Thiruvabharanam procession will start on January 12 from Pandalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com