ADVERTISEMENT

കൊല്ലം∙ വടിവാൾ വിനീതിനെ പിടികൂടാനായതിൽ ആശ്വസിക്കുകയാണ് പൊലീസ്. ദക്ഷിണ കേരളത്തിലെ നിരവധി വാഹനമോഷണ, ഹൈവേ കവർച്ചാ കേസുകളും തെളിയുമെന്ന പ്രതീക്ഷയാണ് പൊലീസിന്. പ്രായപൂർത്തിയാകുന്നതിനു മുൻപു തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് ആലപ്പുഴ എടത്വ സ്വദേശി വടിവാൾ വിനീത്.  

മോഷ്ടിച്ച വാഹനത്തിലെത്തി മറ്റൊരു വാഹനം മോഷ്ടിക്കുക. രാത്രിയിൽ ഹൈവേകളിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വാഹനയാത്രക്കാരെ കത്തിയും വടിവാളും  കാട്ടി ഭീഷണിപ്പെടുത്തി വാഹനവും ആഭരണങ്ങളും കവരുക, പ്രഭാതസവാരിക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്തുക എന്നിവയാണ് വിനീതിന്റെയും സംഘത്തിന്റെയും പ്രധാന പരിപാടി. മിക്കവാറും കേസുകളിൽ വിനീതിനൊപ്പം ഭാര്യ ഷിൻസിയും ഉണ്ടാകും. ഷിൻസിയെ കൂടാതെ തലശേരി സ്വദേശി മിഷേൽ ഷഫീക്കും വിനീതിന്റെ സംഘത്തിലുണ്ട്. ഇതു വരെ ആറു ബൈക്കുകളും രണ്ടു കാറുകളും കവർന്ന കേസുകൾ തെളിഞ്ഞു. ബെംഗളുരുവിൽ അടക്കം ഇയാൾക്കെതിരെ കേസുണ്ട്.

ഒരു വാഹനം മോഷ്ടിച്ച് അതിലെത്തി മറ്റൊരു വാഹനം മോഷ്ടിക്കുകയും  കവർച്ച നടത്തുകയും ചെയ്യുക എന്നതാണ് വിനീതിന്റെ രീതി. ഏറ്റവുമൊടുവിൽ ചെങ്ങന്നൂരിൽ വിഡിയോഗ്രാഫറായ യുവാവിന്റെ കാറും ആഭരണങ്ങളും തട്ടിയെടുത്തപ്പോഴും ഇതു തന്നെയാണ് ചെയ്തത്.

1200-gangster-vadival-vineeth
വടിവാൾ വിനീത്

കുട്ടനാട്ടിലെ രാമങ്കരിയിൽ നിന്നു മോഷ്ടിച്ച ബൈക്കിലാണ് വിഡിയോഗ്രാഫറായ ശ്രീപതിയുടെ കാറിനെ പിന്തുടർന്ന് കവർച്ച നടത്തുകയും കാർ തട്ടിയെടുക്കുകയും ചെയ്തത്. പിന്നീട് ഈ കാർ കൊല്ലത്തുപേക്ഷിച്ച് അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു. കുട്ടനാട്ടിലെ ബൈക്ക് മോഷണവും കൗതുകകരമായിരുന്നു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് സൈക്കിൾ മോഷ്ടിച്ച് ആ സൈക്കിൾ ബൈക്ക് മോഷ്ടിച്ച വീട്ടിൽ വച്ച് ബൈക്കുമായി കടക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ ആദ്യവാരം തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വടിവാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും വിനീതും ഭാര്യ ഷിൻസിയുമായിരുന്നു. ഇവരെത്തിയ വാൻ പിന്നീട് നെടുമ്പ്രത്ത് ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. ഈ കേസിലുൾപ്പെടെയുളള തെളിവെടുപ്പിന് ഷിൻസിയെ കഴിഞ്ഞ ദിവസം തിരുവല്ലയിലെത്തിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ എറണാകുളത്ത് പിടിയിലായ വിനീത് കാക്കനാട് സിഗ്നൽ ജംക്‌ഷനിൽ വച്ച് പൊലീസ് ജീപ്പിൽ നിന്ന് കൈ വിലങ്ങുമായി ഓടി രക്ഷപ്പെട്ടെങ്കിലും പിറ്റേന്ന് പിടിയിലായി. കൊച്ചി പനങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഏറ്റവും ഒടുവിൽ വിനീതും  ഷിൻസിയും കൂട്ടാളി മിഷേൽ ഷഫീക്കും അറസ്റ്റിലായത്. പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ കോവിഡ് സെന്ററിൽ പാർപ്പിച്ച ഇരുവരും ശുചിമുറിയിൽ  എയർ ഫാൻ ഘടിപ്പിക്കാൻ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ഡിസംബർ അവസാനം രക്ഷപെട്ടു. മിഷേലിനെ പിന്നീട് കരുനാഗപ്പള്ളിയിൽ വച്ച് പിടികൂടി. അന്ന് രക്ഷപെട്ട വിനീത് ഹൈവേ കവർച്ചകൾ തുടരുകയായിരുന്നു.

English Summary: Gangster, wife involved in series of burglaries land in police net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com