ADVERTISEMENT

കളമശേരി ∙ ഒരു കുടുംബത്തിന്റെ ഭാവിയെ അന്ധകാരത്തിലേക്കു തള്ളിയിട്ട എച്ച്എംടി റോഡ് അപകടത്തിന്റെ ഉത്തരവാദികളായ കാർ യാത്രക്കാരെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കാർ ഓടിച്ചിരുന്ന യുവാവ് വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആലുവ തായ്ക്കാട്ടുകര ആലംപറമ്പിൽ ശ്രുതിയിൽ എ.എസ്.സഫ്ദർ (32)ആണ് കീഴടങ്ങിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. 

പറവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇദ്ദേഹം സഫ്ദറിനു മാസങ്ങൾക്കു മുൻപ് വിറ്റതാണെന്ന് പറയുന്നു. കമ്പനിപ്പടിയിലെ യുവാവിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പല പ്രാവശ്യം എത്തിയതോടെയാണ് യുവാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. 

കാറിലുണ്ടായിരുന്നവരെ പിടികൂടാതെ അപകടസ്ഥലത്തു നിന്നു വാഹനങ്ങൾ മാറ്റാനാവില്ലെന്ന ശക്തമായ നിലപാടിലായിരുന്നു നാട്ടുകാർ. അപകടം നടന്ന രാത്രിയും പിറ്റേദിവസം രാവിലെയും വാഹനങ്ങൾ മാറ്റാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഉച്ചയോടെയാണ് 2 വാഹനങ്ങളും പൊലീസിനു മാറ്റാൻ സാധിച്ചത്. 

അപകടത്തിൽ പരുക്കേറ്റവരെ ഉപേക്ഷിച്ച് യുവാക്കൾ ഓടി മറയുകയായിരുന്നു. തൊട്ടടുത്തു മെഡിക്കൽ കോളജ് ഉണ്ടായിട്ടും പരുക്കേറ്റവരെ അവിടേക്കെത്തിക്കാൻ ഇവർ തയാറായില്ല. വാഹനം ബ്രേക്കിടുന്നതിന്റെ ശബ്ദവും കരച്ചിലും കേട്ട് പലരും ഓടിയെത്തിയെങ്കിലും അപകടത്തിന്റെ ഭീകരത കണ്ട് അവരും ഭയന്നു പിൻമാറി.

രക്ഷകരായത് 2 യുവാക്കൾ 

മറ്റുള്ളവർ മടിച്ചു നിന്നപ്പോൾ അപകടസ്ഥലത്ത് രക്ഷാപ്രവർത്തകരായത് സമീപവാസികളായ 2 യുവാക്കൾ. പുക്കാട്ട് വീട്ടിൽ സുഫിയാനും വെളുത്തേടത്തു വീട്ടിൽ ഷിനാസുമാണ് പരുക്കേറ്റവരിൽ ഒരാളെ ആശുപത്രിയിലെത്തിച്ചത്. സഹോദരിയുടെ വിവാഹ ചടങ്ങിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങിയതാണ് സുഫിയാനും സുഹൃത്തായ ഷിനാസും. അപകടത്തിനിടയാക്കിയ കാർ നിലം തൊടാത്ത വിധത്തിൽ എച്ച്എംട‌ി റോഡിലൂടെ പായുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നു. വീട്ടിലേക്കു മടങ്ങിവരുമ്പോൾ എച്ച്എംടി സ്റ്റോറിനു സമീപം ഗതാഗതക്കുരുക്കു കണ്ടപ്പോൾതന്നെ തങ്ങൾ കണ്ട വാഹനം അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് ഇരുവരും ഉറപ്പിച്ചു. സ്ഥലത്തെത്തുമ്പോൾ അപകടത്തിൽ പെട്ട ഒരാൾ രക്തം വാർന്നു കമഴ്ന്നു കിടക്കുന്നതും മറ്റൊരാൾ അസ്ഥികൾ കാണാവുന്ന വിധം മുറിവുപറ്റി കരയുന്നതുമാണ് കണ്ടത്. 

കാഴ്ചക്കാരായി നിന്നവർ ആംബുലൻസ് വിളിച്ചിട്ടുണ്ടെന്നു പറഞ്ഞു മാറി നിൽക്കുകയായിരുന്നു. സമയം കളയാനില്ലെന്നു മനസ്സിലാക്കിയ ഇരുവരും പലവാഹനങ്ങൾക്കും കൈകാണിച്ചുവെങ്കിലും ഭിന്നശേഷിക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ മാത്രമാണ് അവരുടെ ആവശ്യം കേട്ടത്. പരുക്കേറ്റു കിടന്ന വെളുത്തേടത്ത് സെയ്തുമുഹമ്മദിനെ (40) ഉടൻ ഓട്ടോറിക്ഷയിൽ കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചലനമറ്റുകിടന്ന അയ്യമ്പ്രാത്ത് അബ്ദുൽ നാസർ (42) രക്തം വാർന്നു മരിച്ചിരുന്നു. ആംബുലൻസിലാണ് നാസറിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. അബ്ദുൽ നാസറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കബറടക്കം നടത്തി. കാറിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി യുവാക്കൾ പറഞ്ഞു. 

കാറിലുണ്ടായിരുന്ന യുവാക്കൾ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. കാറിനകത്തു മദ്യക്കുപ്പികൾ കണ്ടെത്തി. കാർ അമിതവേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പല കഷണങ്ങളായി ചിതറി. 

വഴിവിളക്കില്ല, കാടുവെട്ടാതെ നഗരസഭ 

എച്ച്എംടി–മെഡിക്കൽ കോളജ് റോഡിൽ വഴിവിളക്കില്ല. നടപ്പാതകളിലേക്കു വളർന്നു നിൽക്കുന്ന കാട് വെട്ടിമാറ്റുന്നില്ല. അപകടം നടന്ന വളവിൽ ദീർഘദൂര കാഴ്ച മറക്കുന്ന രീതിയിലാണ് നടപ്പാതയിൽ കാട് വളർന്നു നിൽക്കുന്നത്. ഇവ വെട്ടിമാറ്റുന്നതിനു നഗരസഭ താൽപര്യം കാണിക്കുന്നില്ല. എച്ച്എംടി റോഡിലെ തട്ടുകടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള ശ്രമവുമില്ല. ഇവയ്ക്കു മുന്നിലെ പാർക്കിങ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

English Summary: Kalamassery accident: police charge case against accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com