ADVERTISEMENT

തിരുവനന്തപുരം∙ വികസന ഭാവിയിലേയ്ക്ക് വിവരസാങ്കേതികവിദ്യയിലെ നൂതന മാര്‍ഗങ്ങളിലൂടെ കേരളത്തിന് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള വീക്ഷണരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. ‘ഭാവി കേരളത്തിന് ദിശാബോധം’ എന്ന പ്രമേയം വിഷയമാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഫെബ്രുവരി ഒന്നുമുതല്‍ മൂന്നു വരെ സംഘടിപ്പിക്കുന്ന ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന രാജ്യാന്തര സമ്മേളനത്തിലാണ് വീക്ഷണരേഖ പ്രകാശനം ചെയ്യുന്നത്.

കോവിഡിനുശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറ ഐടി സമ്പ്രദായങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് വീക്ഷണരേഖയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി തൊഴിലും വിശ്രമവും സംയോജിപ്പിക്കുന്ന 'വര്‍ക്കേഷന്‍' (വര്‍ക്ക് പ്ലസ് വെക്കേഷന്‍) എന്ന നൂതന രീതിയ്ക്കുള്ള കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. രാജ്യാന്തര സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്‍പത് മേഖലകളില്‍ വിവരസാങ്കേതികവിദ്യയും ഇ-ഗവേണന്‍സുമുണ്ട്. 

ഈ മേഖലയിലെ നയകര്‍ത്താക്കള്‍, ഐടി-ഐടിഅധിഷ്ഠിത വ്യവസായങ്ങളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനം കോവിഡ് കാലത്തെ ജയപരാജയങ്ങള്‍, പരമ്പരാഗത മേഖലകളിലെ പുത്തന്‍ തൊഴില്‍ പ്രവണതകള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങളുടെ ഉല്പാദനവും വിതരണവും, ഫാബ് സിറ്റി എന്നീ വിഷയങ്ങളാണ് വിശകലനം ചെയ്യുന്നത്.  നിര്‍മിത ബുദ്ധി, റോബോട്ടിക്സ് എന്നിങ്ങനെ നാലാം വ്യവസായ വിപ്ലവത്തിലെ ഐടി പ്രവണതകളും ചര്‍ച്ചയ്ക്കു വിധേയമാക്കും. ഇതിന് അനുരൂപമായിട്ടാണ് വീക്ഷണരേഖ തയാറാക്കിയിരിക്കുന്നത്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, നാസ്കോം പ്രസിഡന്‍റ് ദേബ്ജാനി ഘോഷ്, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരുള്‍പ്പെടെ വിദഗ്ധരുടെ നീണ്ട നിരയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

കേരളത്തിലെ ഐടി  അടിസ്ഥാന സൗകര്യ വികസനം ഉന്നതനിലവാരത്തോടെ കേന്ദ്രീകൃതമായിട്ടാണ് നടപ്പാക്കിയിട്ടുള്ളത്. കോവിഡിനെത്തുടര്‍ന്ന് വീട്ടിലിരുന്നുള്ള ജോലിയും വീടിനു സമീപത്തെ ജോലിയുമൊക്കെ പ്രാവര്‍ത്തികമായ സാഹചര്യത്തില്‍ നിക്ഷേപ രീതികള്‍ക്കും മാറ്റമുണ്ടാകും. ഈ പ്രവണതകള്‍ക്കനുസരിച്ച് പുത്തന്‍ നിക്ഷേപ സാധ്യതകളും വികേന്ദ്രീകൃതമായ തൊഴില്‍ സമ്പ്രദായങ്ങളും നടപ്പാക്കാമോ എന്നും സമ്മേളനം ചര്‍ച്ച ചെയ്യുന്നു. 

ഐടിയില്‍ കേരളത്തെ പ്രമുഖ ലക്ഷ്യസ്ഥാനമാക്കാനും വളര്‍ച്ചയ്ക്ക് ശക്തി പകരാനും ഈ മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങളും അവയുടെ ദൃഢതയും നിര്‍ണയിക്കേണ്ടിയിരിക്കുന്നുവെന്ന്  ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു. 

കോവിഡിന്‍റെ സ്വാധീനം ഐടി വ്യവസായത്തിലെ വിവിധ മേഖലകളില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് മനസിലാക്കി മുന്നോട്ടുപോയാല്‍ ഫലപ്രദമായ രീതിയിലുള്ള നിക്ഷേപം സാധ്യമാക്കുന്നതിനു കഴിയുമെന്നും ആസൂത്രണ ബോര്‍ഡ് സെക്രട്ടറി ഡോ. വേണു വി ചൂണ്ടിക്കാട്ടി. 

നിരവധി വ്യവസായമേഖലകള്‍ ഡിജിറ്റല്‍വല്‍കരണത്തിനു സാധ്യത തേടുമ്പോള്‍ അതിന് യോജിക്കുന്ന രീതിയില്‍ കേരളത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തന വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുമോ എന്നും കേരളം പരിശോധിക്കുന്നുണ്ട്. ഇലക്ട്രോണിക് ചിപ്പുകള്‍, സെന്‍സറുകള്‍, മൈക്രോ പ്രോസസറുകള്‍ എന്നിവയുടെ വന്‍തോതിലുള്ള ഉല്പാദനം ലക്ഷ്യമിടുന്ന ഫാബ്സിറ്റി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്നതിനെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടക്കും. 

ചെലവുകുറച്ച് ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഇ-ഗവേണന്‍സ് സെഷനില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ഡേറ്റ സ്വകാര്യത, സൈബര്‍ സുരക്ഷ തുടങ്ങിയ ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ പെടും.

English Summary: ‘Kerala Looks Ahead’ conference: CM to present Vision Statement on IT sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com