ADVERTISEMENT

കൊച്ചി∙ പിൻവാതിൽ നിയമനങ്ങൾ നിർത്തിവച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏകദേശം രണ്ടുവർഷം മുൻപിറക്കിയ ഉത്തരവ് ഈയിടയ്ക്കു നടന്ന സ്ഥിരപ്പെടുത്തലുകൾ പലതിനെയും കവച്ചുവയ്ക്കുന്നതായിരുന്നു. യോഗ്യരായ നൂറുക്കണക്കിനുപേർ പുറത്തുനിൽക്കെ നിർദിഷ്ട യോഗ്യതയില്ലാത്ത അൻപതിലേറെപ്പേർക്ക് ഇൻക്രിമെന്റും ആനുകൂല്യങ്ങളും ഉറപ്പാക്കിയായിരുന്നു സർക്കാർ ഉത്തരവ്. കോളജുകളിൽ അധ്യാപക നിയമനങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കുന്ന യുജിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു നെറ്റ് യോഗ്യതയോ, പിഎച്ച്ഡിയോ ഇല്ലാതെ അൻപതിലേറെ അധ്യാപകരെ സംസ്ഥാനത്തെ വിവിധ എയ്ഡഡ് കോളജുകളിൽ സ്ഥിരപ്പെടുത്തുന്നതായിരുന്നു നടപടി. 2019 മേയ് 30നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

2010 മുതൽ 2011 വരെ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ കംപ്യൂട്ടർ സയൻസിൽ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അസിസ്റ്റൻറ് പ്രഫസർമാരായി നിയമനം നൽകിയിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നേടിയാൽ മാത്രമാണ് ഇൻക്രിമെന്റും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകൂയെന്നായിരുന്നു വ്യവസ്ഥ. ഒരുകാരണവശാലും നെറ്റോ, പിഎച്ച്ഡിയോ ഇല്ലാത്തവരെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമിക്കരുതെന്നു പലതവണ യുജിസി സർക്കുലറുകളും ഉത്തരവുകളും ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സർവകലാശാലകളിൽ ഈ മാനദണ്ഡം നടപ്പിലാക്കി സംസ്ഥാന സർക്കാരും നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം ആവിയായിപോകുന്ന രീതിയിൽ അൻപതിലേറെ അധ്യാപകർക്ക് ഇൻക്രിമെന്റും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കിയാണു സർക്കാർ ഉത്തരവിട്ടത്. 2012 നവംബർ 26 നു മുൻപ് കംപ്യൂട്ടർ സയൻസിൽ നിയമനം ലഭിച്ച എല്ലാ അസിസ്റ്റന്റ് പ്രഫസർമാരെയും നെറ്റ് യോഗ്യത നേടുന്നതിൽനിന്ന് സ്ഥിരമായി ഒഴിവാക്കിയ സർക്കാർ, ഇവർക്ക് ഇൻക്രിമെന്റിനും മറ്റ് സർവീസ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ഈ സമയം കംപ്യൂട്ടർ സയൻസിൽ നെറ്റും പിഎച്ച്ഡിയും ഉൾപ്പെടെ യോഗ്യതകൾ നേടിയ നൂറുകണക്കിനുപേർ പുറത്തുനിൽക്കുമ്പോഴായിരുന്നു നടപടി.

ഇതുസംബന്ധിച്ചു 2017ൽ അധ്യാപകരുടെ ആവശ്യം സർക്കാർ തള്ളിയതാണ്. എന്നാൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകരുടെ സംഘടന എകെപിസിടിഎ നിവേദനം നൽകിയതോടെ സർക്കാർ പുനരാലോചന നടത്തി. സ്ഥിരപ്പെടുത്തുന്നതിനു സർക്കാർ പറയുന്ന ന്യായവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഈ അധ്യാപകരിൽ ആരും പത്തുവർഷം തികച്ചിരുന്നില്ല. ഇപ്പോഴും പലരും പത്ത് തികച്ചിട്ടുമില്ല. ഇതിനിടെ, യുജിസി ഏഴാം ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നു സർക്കാരും പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണത്തോടെ ഇവരുടെ അടിസ്ഥാന ശമ്പളത്തിൽ മാത്രമുണ്ടാകുന്ന വർധന 24600 രൂപയാണ്.

Content Highlights: Backdoor appointments in higher education department Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com