ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ഇതിൽ പറയുന്നു.

മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മിഷന്‍ കിട്ടിയിട്ടുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം.

കസ്റ്റംസ് ഹൈക്കോടതിയിലേക്കായി തയാറാക്കിയ സത്യവാങ്മൂലത്തിന്റെ പകർപ്പ്.
കസ്റ്റംസ് ഹൈക്കോടതിയിലേക്കായി തയാറാക്കിയ സത്യവാങ്മൂലത്തിന്റെ പകർപ്പ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ സര്‍ക്കാര്‍ – കോണ്‍സുലേറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ലൈഫ്മിഷൻ ഉൾപ്പടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

ഡോളർ കടത്തിൽ സ്പീക്കർക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന മൊഴി നിർണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം നൽകുന്ന മൊഴിയിൽ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള വിവരങ്ങൾ. യുഎഇ കോൺസൽ ജനറലിന്റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങൾ എത്തി നിൽക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.

ഡോളർ കടത്തു കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര തലത്തിൽ അറിയിച്ചശേഷം തുടർ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് 1,90,000 ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. 

English Summary: Dollar Smuggling Case - CM Pinarayi Vijayan also takespart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com