ADVERTISEMENT

കൊച്ചി∙ ലൈഫ്മിഷൻ യുണിടാക് ഇടപാടിൽ സന്തോഷ് ഈപ്പൻ സമ്മാനിച്ച വിലകൂടിയ ഫോൺ ഉപയോഗിച്ചത് സിപിഎം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെന്ന് കണ്ടെത്തൽ. കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിംകാർഡ് ഈ ഐഫോണിൽ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് വിനോദിനിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടിസ് അയച്ചു. അടുത്തയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുണിടാക് എംഡി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു വാങ്ങി നൽകിയ ആറു ഫോണുകളിൽ ഏറ്റവും വിലകൂടിയ, ഏകദേശം 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനിക്കു ലഭിച്ചത്. സ്വർണക്കടത്തു കേസ് വിവാദമായതോടെ ഫോൺ ഇവർ ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഈ മൊബൈൽ ഫോണിൽ ഉപയോഗിച്ച സിംകാർഡും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞത്. ഈ നമ്പരിൽ നിന്ന് പല പ്രമുഖർക്കും വിളികൾ പോയതും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ എങ്ങനെ വിനോദിനിയിൽ എത്തി എന്നതിനെക്കുറിച്ചായിരിക്കും കസ്റ്റംസ് അന്വേഷണം.

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് സന്തോഷ് ഈപ്പൻ വിലകൂടിയ ഫോണുകൾ വാങ്ങി നൽകിയതെന്നായിരുന്നു കണ്ടെത്തൽ. ഇതിൽ ഒരു ഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചതായി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ആരിൽനിന്നും ഫോൺ വാങ്ങിയിട്ടില്ലെന്നും കോൺസുലേറ്റിൽ നടന്ന ചടങ്ങിലെ തിരഞ്ഞെടുപ്പു വിജയികൾക്ക് അവരുടെ അഭ്യർഥന പ്രകാരം സമ്മാനം നൽകിയിരുന്നെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

ഇതോടൊപ്പം വാങ്ങിയ മറ്റ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ നേരത്തെ തന്നെ കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഏറ്റവും വിലകൂടിയ ഫോൺ ഉപയോഗിക്കുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല. യുഎഇ കോൺസൽ ജനറലിന് ഈ ഫോൺ സമ്മാനിച്ചതായി ആദ്യം വിവരങ്ങൾ പുറത്തു വന്നെങ്കിലും അത് അദ്ദേഹം തിരികെ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരാണ് ഫോൺ ഉപയോഗിക്കുന്നത് എന്നു കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് കസ്റ്റംസ് എത്തിയത്. സ്വർണക്കടത്ത് വിവാദമായതോടെ വിനോദിനി ബാലകൃഷ്ണന്റെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിലും തുടർന്ന് ഇതിൽ ഉപയോഗിച്ച സിംകാർഡ് ഉടമയെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

English Summary: Gold Smuggling Case - Customs given notice for Vinodini Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com