ADVERTISEMENT

പ്രയാഗ്‌രാജ്∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,156 കോവിഡ് കേസുകൾ റിപ്പോർട്ടുകൾ ചെയ്ത ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ആശുപത്രിയിൽ കിടക്കയില്ല, ഭൂരിഭാഗം ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ശ്വാസം ലഭിക്കാതെ റോഡിലും നിരത്തിലും കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടുന്നു. 

ഓക്സിജൻ തേടി പ്ലാന്റുകളിലും ആശുപത്രികളിലും എത്തുന്നവരോട് രോഗികളെയും കൊണ്ട് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കാനാണ് സുരക്ഷാ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് രോഗികൾ പരാതിപ്പെടുന്നു. ദേശീയമാധ്യമത്തോടാണ് നിരവധി പേർ സമാനമായ പരാതിയുമായി രംഗത്തെത്തിയത്. 

രോഗിയായ അമ്മയ്ക്കായി ഓക്സീജൻ തേടിയെത്തിപ്പോൾ സമാനമായ മറുപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പ്രയാഗ്‌രാജ് സ്വദേശി പരാതിപ്പെടുന്നു. ഉറ്റവരുടെ ജീവൻ ‍നിലനിർത്താനായി ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും പരക്കം പായുന്നവർ പൊലീസിന്റെ നിർദ്ദേശം കേട്ട് അമ്പരന്നു. അപ്രകാരം ചെയ്യുന്നതു രോഗികളുടെ ശരീരത്തിലെ ഓക്സിജൻ ലെവൽ ഉയർത്തുമെന്നാണ് പൊലീസിന്റെ അവകാശ വാദം. 

ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത പ്രമുഖ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും ജീവശ്വാസത്തിനു വേണ്ടി പരക്കം പായുന്നവരുടെ  എണ്ണം വളരെയധികമാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പ്രയാഗ്‌രാജ് എംഎൽഎ ഹർഷ വർധന്റെ ഉടമസ്ഥതയിലുള്ള വാജ്‌പേയ് ഓക്സിജൻ പ്ലാന്റിനു മുന്നിൽ ജനങ്ങളുടെ വൻ തിരക്കാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സർക്കാർ പ്ലാൻറ് ഏറ്റെടുത്തു. വ്യവസായിക ആവശ്യങ്ങൾക്ക് ഓക്സിജൻ നൽകുന്നത് നിർത്തി, ആശുപത്രികൾക്ക് മാത്രമാണ് ഓക്സിജൻ നൽകുന്നത്, കനത്ത പൊലീസ് കാവലിലാണ് ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കുന്നത്. 

ആളുകൾ ആശുപത്രിയിലേക്ക് കോവിഡ് ബാധിതരുമായി തള്ളിക്കയറുന്നതാണ് കോവിഡ് പ്രതിരോധങ്ങളുടെ താളം തെറ്റിക്കുന്നതെന്നാണ് അധികൃതർ പറയുന്നു. എന്നാൽ രോഗികൾ വീട്ടിൽ കഴിഞ്ഞാലും അവർക്ക് ജീവൻ നിലനിർത്താൻ ഓക്സിജൻ വേണം. വീടുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഓക്സിജൻ ഇല്ലെന്നു രോഗികൾ പരാതിപ്പെടുന്നു. 

കനത്ത കാവലിലാണ് പ്ലാന്റുകളുടെ പ്രവർത്തനം. ഞങ്ങൾ എവിടെ പോയാലും അവർ ഞങ്ങളെ തിരിച്ചു വിടുന്നു. എല്ലാ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകളിലും ഓക്സിജൻ ലഭ്യതയില്ലെന്ന ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഞങ്ങളോട് സംസാരിക്കാൻ ആരുമില്ല. ഉത്തരവാദിത്തപ്പെട്ട ആരുടെങ്കിലും സംസാരിക്കണമെന്ന ഞങ്ങളുടെ ആവശ്യംപോലും പൊലീസ് അനുവദിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നു. 

English Summary: Sit under pipal tree for oxygen: Helpless Covid patients in UP's Prayagraj told by police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com