Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമദൂര രാഷ്്ട്രീയ നിലപാടു മാറ്റേണ്ടിവരും: ആർച്ച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം∙മത്സ്യത്തൊഴിലാളികളോടും ലത്തീൻ സമുദായത്തോടും ഭരണകർത്താക്കളും രാഷ്്ട്രീയ നേതൃത്വങ്ങളും സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടു തിരുത്തിയില്ലെങ്കിൽ ലത്തീൻ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിനു (കെആർഎൽസിസി) ഇതുവരെ പിന്തുടർന്ന സമദൂര രാഷ്്ട്രീയ നിലപാടു പുനഃപരിശോധിക്കേണ്ടിവരുമെന്നു കൗൺസിൽ പ്രസിഡന്റായ ആർച് ബിഷപ് ഡോ.എം. സൂസപാക്യം.

ലത്തീൻ കത്തോലിക്കാ സമുദായത്തോടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണനയും രാഷ്്ട്രീയ നേതൃത്വങ്ങൾ കാട്ടുന്ന ഇരട്ടത്താപ്പും അവസാനിപ്പിക്കണം. ലത്തീൻ സമുദായത്തെ നക്കാപ്പിച്ച നൽകി വഞ്ചിക്കാമെന്ന ധാരണ ഭരണ, പ്രതിപക്ഷ രാഷ്്ട്രീയ നേതൃത്വങ്ങൾക്കു നന്നല്ല. തങ്ങൾക്കു നന്മ ചെയ്യുന്നവരെ പിന്തുണയ്ക്കും .തിന്മ ചെയ്താൽ ചൂണ്ടിക്കാട്ടും. കണ്ണുമടച്ച് ആരെയും പിന്തുണച്ചിട്ടില്ല. സംസ്ഥാന സർക്കാർ കാട്ടിയ വിശാലമായ കാഴ്ചപ്പാടു പോലും കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല.

ഓഖിയിൽ മരിക്കുകയും മൃതദേഹം ലഭിക്കുകയും ചെയ്തവർക്കേ കേന്ദ്രം രണ്ടു ലക്ഷം നൽകിയുള്ളൂ. ഇനി എന്തു നിലപാട് സ്വീകരിക്കണമെന്നു സമുദായ അംഗങ്ങൾ തീരുമാനിക്കും. രാജ്യത്തിന്റെ വളർച്ചയ്ക്കു ലത്തീൻ സമുദായം നൽകുന്ന സേവനങ്ങൾ വലുതാണ്. എന്നാൽ ഭരണ, പ്രതിപക്ഷ നേതൃത്വങ്ങൾ തങ്ങളുടെ താൽപര്യസംരക്ഷണത്തിനു വേണ്ടി തഴുകുകയും അവകാശങ്ങളും അർഹതപ്പെട്ടതും ചോദിക്കുമ്പോൾ അവഗണിക്കുകയും ചെയ്യുന്നു. ഓഖി, പ്രളയ ദുരിതാശ്വാസ മേഖലയിൽ ലത്തീൻ സമുദായാംഗങ്ങളായ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രവർത്തനം ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ഈ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്് അന്വേഷിച്ചു പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കു കഴിയുന്നില്ല.

നവകേരള നിർമിതിക്കായി ആവേശം കൊള്ളുന്ന ഭരണ, പ്രതിപക്ഷ രാഷ്്ട്രീയ നേതൃത്വങ്ങൾ ദുരിതക്കടലിൽപ്പെട്ട തീരദേശ ജനതയുടെ ക്ലേശം കണ്ടില്ലെന്നു നടിക്കുന്നതു വേദനാജനകവും പ്രതിഷേധാർഹവുമാണ്. ഓഖി നാശം വിതച്ച തീരദേശത്തിന്റെ പുനഃരധിവാസത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും 2000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രത്തിന് 7343 കോടിയുടെ പദ്ധതി സമർപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ ഓഖി ദുരന്ത ബാധിതർക്കായി എന്തുചെയ്തുവെന്ന ചോദ്യം പ്രസക്തമാണ്.

ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷികം പിന്നിടുമ്പോൾ ഇതു സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാനും ഈ മേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സംസ്ഥാന സർക്കാർ തയാറാകണം. വാഗ്ദാനങ്ങളിൽ ഏറിയപങ്കും ജലരേഖയായി മാറി. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേണ്ടി മോഹനവാഗ്ദാനങ്ങൾ നൽകി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു .മത്സ്യത്തൊഴിലാളികൾക്കു ജീവനും ജീവിതമാർഗവും നഷ്്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് ഉള്ളതുകൊണ്ടു തൃപ്തിപ്പെടണമെന്ന അധികൃതരുടെ നിലപാടിനോടു ലത്തീൻ സമുദായത്തിനു യോജിക്കാനാവില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.