ADVERTISEMENT

കൊച്ചി∙ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നു താഴെ വീണു വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്കെതിരെ ഭീഷണിപ്പെടുത്തി അടിമവേല ചെയ്യിച്ചതിനും കേസെടുത്തു. ഇവരെ അന്യായമായി വീട്ടുതടങ്കലിൽ വച്ചതിനെതിരെ ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. സംഭവത്തിൽ വനിതാകമ്മിഷൻ ഇടപെട്ടതോടെയാണു പുതിയ വകുപ്പു കൂടി ചേർത്തു പൊലീസ് കേസെടുത്തത്. കൂഡല്ലൂർ പെണ്ണടം സോഴർ നഗറിൽ രാജകുമാരി (കുമാരി–55) ആണു ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.

ഇംതിയാസ് ഹുസൈൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. ഫ്ലാറ്റിൽ നിന്ന് ഇയാൾ മാറിയെന്നും ഫോണിൽ കിട്ടുന്നില്ലെന്നും അന്വേഷണച്ചുമതലയുള്ള സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്.വിജയശങ്കർ പറഞ്ഞു. കുമാരിയുടെ മൃതദേഹം എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. തൊഴിൽവകുപ്പ് ഏർപ്പെടുത്തി നൽകിയ ആംബുലൻസിലാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. സംസ്കാരം ഇന്നു നടത്തുമെന്നു ബന്ധുക്കൾ പറഞ്ഞു.

ആരോപണങ്ങളുമായി ബന്ധുക്കൾ

ഫ്ലാറ്റിൽ നിന്നു വീണു മരിച്ച രാജകുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ഗുരുതര ആരോപണങ്ങളുന്നയിച്ചു. കാഴ്ചയില്ലാത്ത തന്നെ ഫ്ലാറ്റുടമയുടെ അടുപ്പക്കാർ വഞ്ചിച്ചുവെന്നും ചില പേപ്പറുകളിൽ നിർബന്ധപൂർവം വിരലടയാളം പതിച്ചു വാങ്ങിയെന്നും ശ്രീനിവാസൻ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കാം എന്നു വാഗ്ദാനം ചെയ്താണു വിരലടയാളം പേപ്പറുകളിൽ പതിച്ചു കൊണ്ടുപോയത്. ഫ്ലാറ്റുടമയുമായി അടുപ്പമുള്ളയാളെത്തി ആശുപത്രിച്ചെലവും മറ്റു ചെലവുകളും തീർക്കാമെന്നും മൃതദേഹം നാട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. കേസ് കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പേപ്പറുകളിൽ വിരലടയാളം പതിച്ചു വാങ്ങിയ ശേഷം ഫ്ലാറ്റുടമയേയോ സഹായം വാഗ്ദാനം ചെയ്തു സമീപിച്ച ആളെയോ കണ്ടിട്ടില്ല– അദ്ദേഹം പറഞ്ഞു.

ഭാര്യയെ ഫ്ലാറ്റുടമ വീട്ടുതടങ്കലിലാക്കിയതാണെന്ന ആരോപണം ശ്രീനിവാസൻ ആവർത്തിച്ചു. ബുറെവി ചുഴലിക്കാറ്റിനെ തുടർന്നാണു ഭാര്യയോടു നാട്ടിലേക്കു മടങ്ങി വരാൻ പറഞ്ഞത്. എന്നാൽ അഡ്വാൻസായി വാങ്ങിയ 10,000 രൂപ നൽകാതെ പോകാൻ കഴിയില്ലെന്നു വീട്ടുടമസ്ഥൻ പറഞ്ഞു. തുടർന്ന് ഈ പണം അക്കൗണ്ട് വഴി അയച്ചു നൽകി. എന്നാൽ പണം ലഭിച്ചിട്ടും ഇവരെ പുറത്തുവിടാൻ ഫ്ലാറ്റുടമ തയാറായില്ല. സിറ്റി കമ്മിഷണർക്ക‌ു പരാതി നൽകുമെന്നും ശ്രീനിവാസൻ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ശ്രീനിവാസനും ബന്ധുക്കളും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ കൊച്ചിയിൽ നരകയാതന അനുഭവിക്കുകയായിരുന്നുവെന്നു ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു.

∙ കമ്മിഷണർക്കു സഹോദരന്റെ പരാതി

കുമാരിയുടെ മരണത്തിൽ‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർക്ക‌ു കുമാരിയുടെ സഹോദരൻ കടലൂർ സ്വദേശി കൊലഞ്ചി വീരസ്വാമി പരാതി നൽകി. ഡിസംബർ 5ന് കുമാരിയുടെ ഭർത്താവായ ശ്രീനിവാസനെ ഫ്ലാറ്റുടമ ഫോണിൽ വിളിച്ച‌ു കുമാരി അടുക്കള ജനൽ വഴി സാരി കെട്ടി താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു ബോധരഹിതയായെന്ന് അറിയിക്കുകയായിരുന്നുവെന്നു പരാതിയിലുണ്ട്. ആശുപത്രിയിലെത്തിയ ബന്ധുക്കളെ കുമാരിയെ കാണാൻ അനുവദിച്ചില്ല. 12ന് കുമാരി മരിച്ച വിവരമാണ് അറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.

പുനരന്വേഷണം വേണം: എം.സി.ജോസഫൈൻ

കുമാരിയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. ഫ്ലാറ്റുടമ ഇതിനു മുൻപു 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. അന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തതെന്നും ജോസഫൈൻ പറഞ്ഞു. 

കുമാരിയുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റ് സന്ദർശിച്ച എം.സി.ജോസഫൈനും കമ്മിഷൻ അംഗം ഷിജി ശിവജിയും കെയർടേക്കറിൽ നിന്നു നേരിട്ടു തെളിവെടുത്തു. സെൻട്രൽ പൊലീസ് എസ്എച്ച്ഒയിൽ നിന്നു റിപ്പോർട്ട് തേടിയതിനു പുറമേ ഇന്നലെ വൈകുന്നേരത്തോടെ സ്റ്റേഷനിൽ നേരിട്ടെത്തിയും നടപടികൾ വിലയിരുത്തി.

English Summary : Kochi housemaid death case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com