ADVERTISEMENT

തിരുവനന്തപുരം ∙ കൂടുതൽ സീറ്റ്, കൂടുതൽ പുതുമുഖങ്ങൾ, സീറ്റ് വച്ചു മാറ്റങ്ങൾ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് ഉന്നമിടുന്നതിനെക്കുറിച്ച് യുഡിഎഫ് കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങളേറെ.

എംപി സ്ഥാനം രാജിവച്ചു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ രാജ്യസഭാ എംപിയായ പി.വി. അബ്ദുൽ വഹാബും നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിന് ഒരുങ്ങുന്നു എന്നതാണ് ലീഗിലെ ചൂടുള്ള വാർത്തകളിൽ പ്രധാനം. ഏപ്രിലിൽ രാജ്യസഭാ കാലാവധി തീരുന്ന വഹാബ് മഞ്ചേരി, മങ്കട എന്നിവയിലൊന്നിൽ മത്സരിക്കാനാണ് എല്ലാ സാധ്യതയും.

ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും മത്സരിച്ചേക്കും. ലോക്സഭാംഗമാകാനായി നിയമസഭാംഗത്വം രാജിവച്ച് വേങ്ങരയിലേക്കു തന്നെ കുഞ്ഞാലിക്കുട്ടി മടങ്ങിയില്ലെങ്കിൽ മജീദ് വേങ്ങര തിര‍ഞ്ഞെടുത്തേക്കും. കുഞ്ഞാലിക്കുട്ടി മലപ്പുറത്തു ജനവിധി തേടാനാണ് കൂടുതൽ സാധ്യത. കുഞ്ഞാലിക്കുട്ടിക്ക് പകരം ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിൽ വിജയിച്ച കെ.എൻ.എ ഖാദറിന്റെ കാര്യം സംശയത്തിലാണ്.

മന്ത്രി കെ.ടി. ജലീലിനെതിരെ തവനൂരിൽ മത്സരിച്ചാൽ കൊള്ളാം എന്നു കരുതുന്ന ലീഗ് കോൺഗ്രസിനോട് ആ സീറ്റ് ആവശ്യപ്പെട്ടേക്കും. പകരം പെരിന്തൽമണ്ണ നൽകാമെന്നാണ് വാഗ്ദാനം. അതു സംഭവിച്ചാൽ മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണ വിട്ട് പഴയ മണ്ഡലമായ മങ്കടയിലേക്ക് മടങ്ങിയേക്കാം. എന്നാൽ ജയസാധ്യത കണക്കിലെടുത്ത് അലി പെരിന്തൽമണ്ണയിൽ തന്നെ മത്സരിക്കണമെന്ന വാദമുണ്ട്. എൻ. ഷംസുദ്ദീനും മണ്ഡലം മാറിയേക്കാം. മണ്ണാർക്കാടിനു പകരം തിരൂരിൽ അദ്ദേഹം നിൽക്കാനുള്ള സാധ്യതയുണ്ട്. കോഴിക്കോട് സൗത്തിൽനിന്നു കൊടുവള്ളിയിലേക്ക് എം.കെ. മുനീർ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ആരോഗ്യ പ്രശ്നങ്ങളുളളതിനാൽ സിറ്റിങ് എംഎൽഎ: ടി.എ. അഹമ്മദ് കബീർ‍ (മങ്കട) മത്സരിക്കാനുള്ള സാധ്യത കുറവാണ്. 5 തവണ വിജയിച്ച മുൻമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ സീറ്റും സംശയത്തിലാണെങ്കിലും പ്രാദേശികമായി അദ്ദേഹത്തിന് ശക്തമായ പിന്തുണയുണ്ട്.

ഇബ്രാഹിം കു‍ഞ്ഞും കമറുദ്ദീനും മാറിയേക്കും

കേസുകളിൽ പെട്ട് അറസ്റ്റിലായ വി.കെ. ഇബ്രാഹിംകുഞ്ഞിനെയും എം.സി. കമറുദീനെയും സംരക്ഷിക്കാൻ തന്നെയാണ് ലീഗ് തീരുമാനം എങ്കിലും സ്ഥാനാർഥിപ്പട്ടികയിൽ അവർ ഉണ്ടാകാനിടയില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കൂടി അലട്ടുന്ന ഇബ്രാഹിം കുഞ്ഞിനു പകരം മകനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കാനുള്ള സമ്മർദമുണ്ട്.

ഒരു പരീക്ഷണം കളമശേരിയിൽ നടത്തിയാലോ എന്ന ആലോചനയും ഉയർന്നിട്ടുണ്ട്. കെ.എം. ഷാജിയെ ഒഴിവാക്കാൻ ആലോചന ഇല്ലെങ്കിലും കേസിന്റെ ഗതി കൂടി പരിഗണിച്ച് അഴീക്കോടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ചെറുപ്പക്കാർ, വനിത ?

ചെറുപ്പക്കാരുടെ ഒരു നിര ലീഗ് പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. രണ്ടു ടേം നിബന്ധന കർശനമായി പാലിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിരയിൽ നടത്തിയ പൊളിച്ചെഴുത്തിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായേക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടി സമ്മർദം ശക്തമാക്കുകയാണ് യൂത്ത് ലീഗ്.

പി.കെ. ഫിറോസ്, പി.എം. സാദിഖലി, നജീബ് കാന്തപുരം, ടി.പി. അഷ്റഫലി, സി.എച്ച്. റഷീദ്, നൗഷാദ് മണ്ണിശേരി, കെ.പി. മുസ്തഫ, ഡോ. അൻവർ അമീൻ, എ.കെ.എം. അഷ്റഫ്, എം,എ. സമദ് തുടങ്ങിയവരുടെ പേരുകൾ നേതൃത്വം പരിഗണിക്കുന്നു. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ എണ്ണത്തെ കൂടി ആശ്രയിച്ചാകും പുതുമുഖ പ്രാതിനിധ്യം. വിമർശനങ്ങൾ കണക്കിലെടുത്ത് ഒരു വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന ആശയവും നേതൃത്വം പരിഗണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com